ന്യൂദല്‍ഹി : വടക്ക് കിഴക്കന്‍ ദല്‍ഹിയിലുണ്ടായ കലാപം ക്രമസമാധാനം ഇല്ലാതാക്കുന്നതിനായി മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് ദല്‍ഹി ഹൈക്കോടതി. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനായി അഴിച്ചുവിട്ട അക്രമങ്ങളാണ് തലസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം അരങ്ങേറിയത്. കലാപത്തില്‍ ദല്‍ഹി പോലീസിന്റെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ട കേസിലെ പ്രതി മുഹമ്മദ് ഇബ്രാഹീമിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് സുബ്രമണ്യം പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.
കലാപം നടന്ന പ്രദേശത്തെ സിസിടിവികള്‍ നശിപ്പിച്ചതില്‍ നിന്ന് തന്നെ കലാപം ആസൂത്രിതമാണെന്ന് വ്യക്തമാണ്. ഏതെങ്കിലും ആവേശത്തിന്റെ പുറത്തുണ്ടായ സംഭവങ്ങളല്ല കലാപത്തിലേക്ക് നയിച്ചത്. മനപ്പൂര്‍വ്വം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഉണ്ടായത്. ഇത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
എണ്ണത്തില്‍ കുറവായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ കലാപകാരികളില്‍ പലരും വടി, ബാറ്റ് എന്നിവ കൊണ്ട് ആക്രമിച്ചിട്ടുണ്ട്. മുഹമ്മദ് ഇബ്രാഹീം വാളുമായി പ്രതിഷേധത്തില്‍ പങ്കെടുത്തു എന്നതിന് തെളിവുണ്ട്. തന്റെ പക്കലുണ്ടായിരുന്ന വാള് തന്റേയും കുടുംബത്തിന്റേയും രക്ഷയ്ക്കായി കൈവശം വച്ചതാണെന്ന ഇബ്രാഹീമിന്റെ വാദം കോടതി അംഗീകരിച്ചില്ല.
അതേസമയം കലാപവുമായി ബന്ധപ്പെട്ട കേസിലെ അഞ്ച് പ്രതികള്‍ക്ക് ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ച് ഈ മാസം സെപ്റ്റംബര്‍ എട്ടിന് ജാമ്യം അനുവദിച്ചിരുന്നു. വ്യക്തി സ്വാതന്ത്ര്യം മറ്റുള്ളവരുടെ അവകാശങ്ങള്‍ തകര്‍ത്ത് കൊണ്ടാകരുതെന്ന് മുന്നറിയിപ്പ് നല്‍കിയാണ് ജാമ്യം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: