ന്യൂദല്‍ഹി : സിപിഐ വിട്ട് കോണ്‍ഗ്രസ്സില്‍ ചേരാനിരിക്കുന്ന കനയ്യ കുമാര്‍ താമസിച്ചിരുന്ന മുറിയിലെ എയര്‍കണ്ടീഷനറും(എസി) അഴിച്ചുകൊണ്ടുപോയതായി റിപ്പോര്‍ട്ട്. സിപിഐ ആസ്ഥാനത്ത് താമസിച്ചിരുന്ന മുറിയിലെ എസിയാണ് കനയ്യ അഴിച്ചുകൊണ്ടുപോയത്.
എന്നാല്‍ എസി കനയ്യ സ്വന്തം നിലയ്ക്ക് സ്ഥാപിച്ചതാണ്. അത് തിരികെ കൊണ്ടുപോയതില്‍ അപാകത ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചു.
അതേസമയം ഇന്ന് മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് വെച്ച് കനയ്യ കുമാര്‍ കോണ്‍ഗ്രസ്സില്‍ ചേരും. ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയും കനയ്യയ്ക്കൊപ്പമുണ്ടാകും. എന്നാല്‍ പാര്‍ട്ടി പ്രവേശനം പിന്നീടാണെന്നാണ് സൂചന. പാര്‍ട്ടി പ്രവേശനത്തിന് ശേഷം രാഹുല്‍ഗാന്ധിക്കൊപ്പം കനയ്യ വാര്‍ത്താ സമ്മേളനത്തിലും പങ്കെടുക്കും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങ്ങിലൂടെ ലഭിച്ച പണം പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടതോടെയാണ് സിപിഐയും കനയ്യ കുമാറും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുക്കുന്നത്. പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കനയ്യ പാട്നയിലെ ഓഫീസ് സെക്രട്ടറിയെ മര്‍ദ്ദിച്ചു. ഇതോടെ പാര്‍ട്ടി കനയ്യയ്ക്ക് എതിരാവുകയും ചെയ്തു.
അതിനിടെ പാര്‍ട്ടി വിടുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ നിലപാട് വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനം വിളിക്കണമെന്ന സിപിഐ ദേശീയ നേതൃത്വത്തിന്റെ ആവശ്യം കനയ്യ തള്ളി. ഡി. രാജ ഒരുതവണ കനയ്യയുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് മുതിര്‍ന്ന നേതാക്കള്‍ ഫോണ്‍ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്തെങ്കിലും കനയ്യ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: