Categories: India

ബംഗാളില്‍ ഉപതെര. പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തില്‍ തൃണമൂല്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടം; ബിജെപി നേതാവ് ദിലീപ് ഘോഷിനെ കയ്യേറ്റം ചെയ്തു

ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ടിബ്രെവാളിന് വേണ്ടി പ്രചാരണത്തിനെത്തിയ ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് ദിലീപ് ഘോഷിന് തൃണമൂല്‍ ഗുണ്ടകളുടെ കയ്യേറ്റം. ജഗുബാബൂര്‍ ബസാര്‍ പ്രദേശത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഈ കയ്യേറ്റം നടന്നത്. ഇവിടെ പ്രചരണത്തിനെത്തിയ മറ്റൊരു ബിജെപി എംപി അര്‍ജുന്‍ സിംഗിനെ 'തിരിച്ചു പോകൂ' എന്ന ആക്രോശിച്ച് തൃണമൂല്‍ ഗുണ്ടകള്‍ തിരിച്ചയച്ചു.

Published by

കൊല്‍ക്കൊത്ത: ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ടിബ്രെവാളിന് വേണ്ടി പ്രചാരണത്തിനെത്തിയ ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് ദിലീപ് ഘോഷിന് തൃണമൂല്‍ ഗുണ്ടകളുടെ കയ്യേറ്റം. ജഗുബാബൂര്‍  ബസാര്‍ പ്രദേശത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഈ കയ്യേറ്റം നടന്നത്. ഇവിടെ പ്രചരണത്തിനെത്തിയ മറ്റൊരു ബിജെപി എംപി അര്‍ജുന്‍ സിംഗിനെ ‘തിരിച്ചു പോകൂ’ എന്ന ആക്രോശിച്ച് തൃണമൂല്‍ ഗുണ്ടകള്‍ തിരിച്ചയച്ചു.  

ഒടുവില്‍ തൃണമൂല്‍ ഗുണ്ടകളെ നേരിടാന്‍ ദിലീപ് ഘോഷിന്റെ അംഗരക്ഷകര്‍ക്ക് തോക്ക് പുറത്തെടുക്കേണ്ടി വന്നു. അതോടെയാണ് അക്രമം ശമിച്ചത്. ഈ പ്രശ്‌നത്തോടെ പ്രചാരണം നിര്‍ത്തി ദിലീപ് ഘോഷിന് മടങ്ങേണ്ടിവന്നു. തൃണമൂല്‍ ഗുണ്ടകള്‍ക്ക് തന്നെ കൊല്ലാനായിരുന്നു പദ്ധതിയെന്ന് ദിലീപ് ഘോഷ് ട്വിറ്ററില്‍ കുറിച്ചു. ‘മമതയുടെ സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍ ജനപ്രതിനിധികള്‍ ആക്രമിക്കപ്പെടുന്നുവെങ്കില്‍ സാധാരണക്കാര്‍ എത്രമാത്രം സുരക്ഷിതരാണിവിടെ? ഭവാനിപൂരിലെ ജഗുബാബൂര്‍ ബസാറില്‍ ഇന്ന് നടന്ന തൃണമൂല്‍ ഗുണ്ടകളടുെ ആക്രമണം എന്നെ കൊല്ലാനുള്ള ആസൂത്രിത ആക്രമണമായിരുന്നു. ഇവിടെ ഭരിയ്‌ക്കുന്ന പാര്‍ട്ടിയുടെ ഭീതിദമായ പ്രകൃതമാണ് ഇത് തുറന്ന് കാണിക്കുന്നത്. ഈ സംഭവത്തിന് ശേഷം ഇനി ആരോഗ്യകരമായ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോ?’ – ഇതായിരുന്നു ദിലീപ് ഘോഷിന്റെ പൂര്‍ണ്ണ ട്വിറ്റര്‍ പോസ്റ്റ്. ‘ഭവാനിപൂരില്‍ മമതയുടെ സഹോദരന്മാര്‍ പൊലീസിനെ തന്നെ തല്ലിച്ചതച്ചു. അവിടെ പൊലീസും ജനപ്രതിനിധികളും ആക്രമിക്കപ്പെട്ടു. അപ്പോള്‍ സാധാരണക്കാരന്റെ സ്ഥിതി എന്താകും?’ ദിലീപ് ഘോഷ് ചോദിക്കുന്നു.

-->

ഒരു വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വോട്ടര്‍മാരെ കാണാന്‍ പോയപ്പോള്‍ തൃണമൂല്‍ ഗുണ്ടകള്‍ ആക്രമിച്ചതായി ദിലീപ് ഘോഷ് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്രമികളെ തുരത്താന്‍ തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തോക്കെടുക്കേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.

പിന്നീട് ബിജെപി നേതാവിന്റെ പ്രതിനിധിസംഘം കൊല്‍ക്കത്തയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കണ്ട് ഭവാനിപൂരില്‍ വോട്ടെടുപ്പ് തീരുന്നതുവരെ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ടു. അര്‍ധസൈനിക വിഭാഗത്തെ വോട്ടിംഗ് ബൂത്തുകള്‍ക്ക് അകത്തും പുറത്തും വിന്യസിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിസിടിവികളുമായി വോട്ടിംഗ് ബൂത്തുകളെ ബന്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായി ബിജെപി രാജ്യസഭാ എംപി സ്വപന്‍ ദാസ്ഗുപ്ത പറഞ്ഞു. ഇദ്ദേഹവും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

ഈ പരാതിയെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മമത സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ മമതയ്‌ക്ക് ഭവാനിപൂരിലെ വിജയം അനിവാര്യമാണ്. അതുകൊണ്ട് തന്നെ തൃണമൂല്‍ ഗുണ്ടകളെയടക്കം ഉപയോഗിച്ച് ബിജെപി നേതാക്കളുടെ പ്രചാരണം തടയുകയാണ്. ഒപ്പം ബിജെപി അനുകൂല വോട്ടര്‍മാരെ ഭയപ്പെടുത്തുന്ന തന്ത്രവും ഈ ആക്രമണങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നു.

തൃണമൂല്‍ നേതാവ് മദന്‍ മിത്രയുമായി ബന്ധപ്പെട്ടവരാണ് അക്രമികള്‍ എട്ട് പേര്‍. ഇത്തരം സംഭവങ്ങള്‍ ജനങ്ങളുടെ മനോവീര്യം കെടുത്തുമെന്ന് ബിജെപി നേതാവ് ശിശിര്‍ ബജോരിയ പറഞ്ഞു. തൃണമൂല്‍ സര്‍ക്കാരിന്റെയും അസഹിഷ്ണുതയാണ് വെളിപ്പെട്ടതെന്ന് ബിജെപി നേതാവ് അഗ്നിമിത്ര പോള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാണത്തിന്റെ അവസാനദിവസമായ തിങ്കളാഴ്ച ഭവാനിപൂരിലെ എട്ട് വാര്‍ഡുകളിലും ശക്തമായ പ്രചാരണമായിരുന്നു ബിജെപി നടത്തിയത്. ദിലീപ് ഘോഷ് ഉള്‍പ്പെടെ 80ഓളം പ്രവര്‍ത്തകരെ പ്രിയങ്ക ടിബ്രെവാളിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ നിയോഗിച്ചിരുന്നു.

മമതയുടെ കോട്ടയായാണ് ഭവാനിപൂര്‍ അറിയപ്പെടുന്നത്. 2011ലും 2016ലും മമത ഇവിടെ ജയിച്ചിട്ടുണ്ട്. സപ്തംബര്‍ 30നാണ് വോട്ടെടുപ്പ്. ഒക്ടോബര്‍ 3ന് ഫലം പ്രഖ്യാപിക്കും. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് തോറ്റ മമതയെ പിന്നീട് തൃണമൂല്‍ മൂഖ്യമന്ത്രിയാക്കുകയായിരുന്നു. ആറ് മാസത്തിനുള്ളില്‍ ഏതെങ്കിലും നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ചാല്‍ മാത്രമേ മമതയ്‌ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ കഴിയൂ. ഇതേ തുടര്‍ന്നാണ് തൃണമൂല്‍ എംഎല്‍എയെക്കൊണ്ട് രാജിവെപ്പിച്ച ശേഷം ഭവാനിപൂരില്‍ മമത തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക