കാബൂള്‍ : ബാര്‍ബര്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍. ഹെല്‍മണ്ട് പ്രവിശ്യയിലാണ് ഷേവിംഗും താടി മുറിക്കലും നിരോധിച്ചത്. ഇത് ഇസ്ലാമിക നിയമത്തിനെതിരാണെന്നതാണ് താലിബാന്റെ വിശദീകരണം. നിയമം അനുസരിക്കാത്തവരെ ശിക്ഷിക്കുമെന്നും താലിബാന്‍ പൊലീസ് താക്കീത് നല്‍കി.
ഹെല്‍മണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്‌കര്‍ ഗാഹില്‍ വച്ച് താലിബാന്‍ പ്രതിനിധികള്‍ സലൂണുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. താലിബാന്‍ നല്‍കിയ കത്ത് ദി ഫ്രോണ്ടിയര്‍ പോസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. സലൂണുകളില്‍ സംഗീതം കേള്‍പ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ഇതോടെ അഫ്ഗാനിസ്ഥാനില്‍ അധികാരത്തില്‍ വന്നിരിക്കുന്നത് പഴയ താലിബാന്‍ തന്നെയാണെന്ന് അഫ്ഗാന്‍ ജനതയുടെ പേടി ശരിവെയ്‌ക്കുന്നതാണ് ഓരോ ദിവസവും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൈവെട്ടും വധശിക്ഷയും തിരികെ വരുമെന്ന് താലിബാന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ നഗരമായ ഹെറാത്തില്‍ നാലു പേരുടെ വധശിക്ഷ താലിബാന്‍ നടപ്പിലാക്കിയിരുന്നു. ഇവരുടെ മൃതദേഹം പരസ്യമായി ക്രെയിനില്‍ കെട്ടിത്തൂക്കുകയും ചെയ്തു. ഒരു വ്യാപാരിയെയും മകനെയും തട്ടിക്കൊണ്ട് പോയ നാല് പേരെയാണ് താലിബാന്‍ വെടിവെച്ച് കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: