ന്യൂദല്‍ഹി: വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരതബന്ദിന് രാജ്യത്ത് സമ്മിശ്രപ്രതികരണമായിരുന്നു. ഉത്തര്‍പ്രദേശ്, തമിഴ്നാട്, തെലുങ്കാന, അസം എന്നിവിടങ്ങളില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. കര്‍ണ്ണാടകത്തിലും ബന്ദ് ഭാഗികമായിരുന്നു. അതേ സമയം പഞ്ചാബ്, ഹരിയാന, കേരളം, ബീഹാര്‍, ഒഡീഷ എന്നിവിടങ്ങളില്‍ ബന്ദ് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കി.
കാര്‍ഷികബില്ലിനെതിരായ അഖിലേന്ത്യാ ബന്ദ് പൊളിഞ്ഞെന്ന് വ്യാപാരികളുടെ അഖിലേന്ത്യ സംഘടന. രാജ്യത്തുടനീളം വിപണികള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎ ഐടി) അഖിലേന്ത്യാപ്രസിഡന്‍റ് ബി.സി. ഭാര്‍തിയ പറഞ്ഞു.
വ്യാപാരികള്‍ക്ക് സമരത്തില്‍ പങ്കെടുക്കാന്‍ യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ലെന്ന് സി എ ഐടി ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ഡേല്‍വാളും പറഞ്ഞു. കടുത്ത നിലപാടിലൂടെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ സാധിക്കില്ലെന്നും കര്‍ഷകരുടെ പ്രസ്ഥാനത്തിന് പ്രസക്തി നഷ്ടപ്പെട്ടുവെന്നും ഭാര്‍തിയയും ഖണ്ഡേല്‍വാളും പറഞ്ഞു. സമരമല്ല ചര്‍ച്ചയാണ് വേണ്ടതെന്നും മൂന്ന് കാര്‍ഷിക ബില്ലുകളെക്കുറിച്ച് ചര്‍ച്ചയാകാമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമാര്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ ഭാരത ബന്ദ് പ്രത്യേകിച്ച് ഒരു ചലനവും ഉണ്ടാക്കിയില്ല. പൊതുജനങ്ങളും അടച്ചിടലിനോട് സഹകരിച്ചില്ല. ചെന്നൈ, കോയമ്പത്തൂര്‍, മധുരൈ, ഈറോഡ്, സേലം, ട്രിച്ചി എന്നിവിടങ്ങളില്‍ മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. ഉത്തര്‍പ്രദേശിലും കര്‍ഷകബന്ദ് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. ലഖ്‌നോ, പ്രയാഗ് രാജ്, കാണ്‍പൂര്‍ നഗരങ്ങളില്‍ ജനജീവിതം സാധാരണനിലയിലായിരുന്നു. അസമില്‍ സമ്മിശ്രപ്രതികരണമായിരുന്നു. വാഹനഗതാഗതം നടന്നു. ആശുപത്രികള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍ പ്രവര്‍ത്തിച്ചു. തെലുങ്കാനയിലും ഭാരത് ബന്ദ് സമ്മിശ്രപ്രതികരണമായിരുന്നു. ഓട്ടോറിക്ഷകളും ടാക്‌സികളും ടിഎസ്ആര്‍ടിസി ബസുകളും സ്വകാര്യവാഹനങ്ങലും സാധാരണനിലയില്‍ ഓടി. കടകളും വാണിജ്യസ്ഥാപനങ്ങളുേം തുറന്നു പ്രവര്‍ത്തിച്ചു.
ഉത്തര്‍പ്രദേശ് ദല്‍ഹി അതിര്‍ത്തിപ്രദേശമായ ഗാസിപൂരില്‍ ദേശീയപാത 24ല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടി. അതേ സമയം ഭാരത് ബന്ദ് ആഹ്വാനം ചെയ്ത ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് രാകേഷ് ടികായത്തിനെ ഭാരതീയ കിസാന്‍ യൂണിയന്‍-ഭാനു പ്രസിഡന്റ് ഭാനു പ്രതാപ് സിംഗ് കഠിനമായി വിമര്‍ശിച്ചു. ദേശീയ തലത്തിലുള്ള പണിമുടക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമ്പോള്‍ എങ്ങിനെയാണ് ഭാരത് ബന്ദ് രാജ്യത്തിന് ഗുണം ചെയ്യുകയെന്നും ഭാനു പ്രതാപ് സിംഗ് ചോദിച്ചു.
അതേ സമയം സംയുക്ത കിസാന്‍ മോര്‍ച്ച സംഘടിപ്പിച്ച ബന്ദില്‍ പഞ്ചാബ്, ഹരിയാന, കേരളം, ബീഹാര്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. കോണ്‍ഗ്രസ്, സമാജ് വാദി പാര#്ട്ടി, രാഷ്‌ട്രീയ ജനതാ ദള്‍, ആം ആദ്മി പാര്‍ട്ടി, തെലുഗുദേശം പാര്‍ട്ടി, വൈ എസ് ആര്‍ കോണ്‍ഗ്രസ്, സിപിഎം എന്നീ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികള്‍ കര്‍ഷകസംഘടനകള്‍ ഉപരോധിച്ചത് മൂലം തലസ്ഥാനത്തും ഗതാഗതത്തെ ബാധിച്ചു. ഗുരുഗ്രാമില്‍ നിന്നും ദല്‍ഹിയിലേക്കുള്ള പാതയിലാണ് ഗതാഗത തടസ്സം രൂക്ഷമായി. വാഹനങ്ങള്‍ പരിശോധനയ്‌ക്ക് ശേഷം മാത്രമാണ് പൊലീസ് കടത്തിവിടുന്നത്. പഞ്ചാബിലും ഹരിയാനയിലും പ്രധാന ദേശീയപാതകള്‍ എല്ലാം ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: