വാഷിങ്ടണ്‍: ഭാരതം നവരാത്രിവ്രതമാചരിക്കുന്ന ഒക്ടോബറിനെ ഹിന്ദു പൈതൃകമാസമായി കൊണ്ടാടാന്‍ അമേരിക്കന്‍ സംസ്ഥാനങ്ങള്‍. ടെക്സാസ്, ഫ്ളോറിഡ, ന്യൂജേഴ്സി, ഒഹായോ, മസാച്യുസെറ്റ്സ് എന്നിവയുള്‍പ്പെടെ നിരവധി യുഎസ് സംസ്ഥാനങ്ങളാണ് ഒക്ടോബറിനെ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിച്ചത്. ഹിന്ദുദര്‍ശനങ്ങള്‍ അതിന്റെ തനതായ ചരിത്രത്തിലൂടെയും പൈതൃകത്തിലൂടെയും അമേരിക്കയ്ക്ക് നല്കിയ വലിയ സംഭാവനകളെ മാനിച്ചാണ് പ്രഖ്യാപനം. ഹിന്ദുദര്‍ശനങ്ങള്‍ അമേരിക്കന്‍ സമൂഹത്തിന് പ്രതീക്ഷയുടെ വിളക്കുമാടങ്ങളായി മാറിയിട്ടുണ്ടെന്ന് ഇത് സംബന്ധിച്ച പ്രഖ്യാപനത്തില്‍ യുഎസ് സെനറ്റര്‍മാരും ഗവര്‍ണര്‍മാരും പറയുന്നു.
നേരത്തെ യുഎസിലെ വിവിധ ഹൈന്ദവ സംഘടനകള്‍ ഒക്ടോബറില്‍ ഹിന്ദു പൈതൃക മാസമായി കൊണ്ടാടുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് ജോ ബൈഡന് ഒക്ടോബര്‍ മാസത്തെ ഹിന്ദു പൈതൃക മാസമായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ഈ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
ദശലക്ഷക്കണക്കിന് ഹിന്ദു-അമേരിക്കക്കാരുടെ മാതൃരാജ്യമായ ഭാരതവുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഒക്ടോബര്‍ മാസം ഹിന്ദു പൈതൃക മാസമായി പ്രസിഡന്റ് പ്രഖ്യാപിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക (വിഎച്ച്പിഎ) പ്രസിഡന്റ് അജയ് ഷാ പറഞ്ഞു. വിഎച്ച്പിഎയും മറ്റ് ഹിന്ദുസംഘടനകളും ഈ ആവശ്യമുന്നയിച്ച് സംസ്ഥാന മേധാവികള്‍ക്ക് കത്തുകള്‍ അയച്ചിരുന്നു.
ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുള്ള ഹിന്ദു നാഗരികതയെക്കുറിച്ച് ലോക ജനതയെ ബോധവല്‍ക്കരിക്കാന്‍ ഈ അവസരം ഉപയോഗിക്കുമെന്ന് വേള്‍ഡ് ഹിന്ദു കൗണ്‍സില്‍ ഓഫ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് സഞ്ജയ് കൗള്‍ പറഞ്ഞു.
സാംസ്കാരിക പരിപാടികള്‍, ഫാഷന്‍ ഷോകള്‍, വെബിനാര്‍, മള്‍ട്ടി-ഡേ കോണ്‍ഫറന്‍സുകള്‍, വാക്കത്തോണ്‍ എന്നിവയും അതിലേറെയും ആഘോഷങ്ങളില്‍ ഉള്‍പ്പെടും. അമേരിക്കന്‍ ഭരണകൂടങ്ങളുടെയും സമൂഹത്തിന്റെയും പിന്തുണ ആവേശകരമാണെന്ന് ഹിന്ദു വിദ്യാര്‍ഥി കൗണ്‍സില്‍ പ്രസിഡന്റ് അര്‍ണവ് കേജ്രിവാള് പറഞ്ഞു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: