ന്യൂദല്‍ഹി: നക്സല്‍ ആക്രമണം വേരോടെ പിഴുതുകളയുക എന്ന ലക്ഷ്യവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ നക്സല്‍ ഭീഷണിയുള്ള പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഉന്നതതല യോഗം വിളിച്ചു. എല്ലാ മുഖ്യമന്ത്രിമാരും അവരവരുടെ സംസ്ഥാനങ്ങളിലെ പ്രത്യേക സാഹചര്യങ്ങള്‍ അമിത് ഷായെ ധരിപ്പിച്ചു.
ആന്ധ്ര, ബീഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ സംബന്ധിച്ചു. ദല്‍ഹിയില്‍ നടന്ന യോഗത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേരിട്ടെത്തി. ബീഹാറിലെ നക്സല്‍ ഭീഷണികളെക്കുറിച്ച് നിതീഷ്കുമാര്‍ വിശദീകരിച്ചു.
കേന്ദ്രം നക്സലുകള്‍ക്കെതിരെ ശക്തമായ നീക്കത്തിനൊരുങ്ങുകയാണ്. നക്സല്‍ ശല്യം പാടെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഏറ്റവും കൂടുതല്‍ നക്സല്‍ ഭീഷണിയുള്ള ഛത്തീസ്ഗഢില്‍ നക്സല്‍ വിരുദ്ധ നീക്കങ്ങള്‍ ശക്തമാക്കും. അര്‍ധസൈനിക വിഭാഗങ്ങള്‍ക്കെതിരെ വരെ നക്സലൈറ്റുകള്‍ ഇവിടെ ശക്തമായ തിരിച്ചടിയാണ് നടത്തുന്നത്. 2021 ഏപ്രിലില്‍ സുക്മയില്‍ 22 ജവാന്മാരാണ് നക്സല്‍-മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്റലിജന്‍സ് പരാജയവും മറ്റ് പിഴവുകളുമാണ് ഛത്തീസഗഢില്‍ 22 അര്‍ധസൈനികരുടെ മരണത്തില്‍ കലാശിച്ചത്. ഇത്തരം പിഴവുകള്‍ അടച്ചുകൊണ്ടുള്ള നീക്കമായിരിക്കും ഭാവിയില്‍ നടത്തുക. സിആര്‍പിഎഫിന്റെ കോബ്ര യൂണിറ്റ്, ബസ്തരീയ ബറ്റാലിയന് എന്നിവരുടെ പങ്കും ചര്‍ച്ച ചെയ്തു.
നക്സല്‍ ബാധിത പ്രദേശങ്ങള്‍, അവിടുത്തെ പ്രശ്നങ്ങള്‍, അതുമൂലം തടസ്സപ്പെടുന്ന വികസനപ്രവര്‍ത്തനങ്ങള്‍ എന്നിവ ഉന്നതതലയോഗം വിലയിരുത്തി.
മുഖ്യമന്ത്രിമാര്‍, ചീഫ് സെക്രട്ടറിമാര്‍, ഡിജിപിമാര്‍, അര്‍ധസൈനിക വിഭാഗം മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ അരവിന്ദ് കുമാര്‍, മുതിര്‍ന്ന ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നക്സലുകള്‍ക്കെതിരായ പുതിയ ഫലപ്രദമായ തന്ത്രങ്ങളാണ് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രം ആരാഞ്ഞത്.
നക്സലുകള്‍ക്കെതിരെ പഴുതടച്ച പുതിയ തന്ത്രങ്ങളായിരിക്കും ഇനി കേന്ദ്രം പയറ്റുക. നക്സല്‍ നേതാക്കളെ പിടിക്കുക, അതല്ലെങ്കില്‍ കീഴടങ്ങാന്‍ അവരെ പ്രേരിപ്പിക്കുക എന്നതാണ് തന്ത്രം. ഇത് വഴി അവരെ ഈ സംസ്ഥാനങ്ങളില്‍ വികസനവും സമാധാനവും സൃഷ്ടിക്കുക എന്നതാണ് തന്ത്രം.ഒപ്പം നക്സല്‍ ബാധിത പ്രദേശങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. ഇവിടെ റോഡുകള്‍, പാലങ്ങള്‍, സ്കൂളുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കും.
ഒഡിഷയില്‍ നക്സലുകളുടെ പ്രവര്‍ത്തനങ്ങള്‍ വെറും മൂന്ന് ജില്ലകളിലേക്ക് ഒതുങ്ങിയതായി മുഖ്യമന്ത്രി നവീന്‍ പട്നായിക് പറഞ്ഞു. ഇന്ത്യയില്‍ ആകെ 45 ജില്ലകളിലാണ് നക്സല്‍ ഭീഷണിയുള്ളത്. 90 ജില്ലകളെങ്കിലും മാവോയിസ്റ്റ് ബാധിതമേഖലകളായി കണക്കാക്കാം.
2019ല്‍ 61 ജില്ലകളില്‍ തീവ്ര ഇടതുപക്ഷ തീവ്രവാദികളായ നക്സലൈറ്റുകളുടെ പ്രശ്നമുണ്ടായിരുന്നെങ്കില്‍ 2020ല്‍ അത് 45 ജില്ലകളിലേക്ക് ചുരുങ്ങി. 2015 മുതല്‍ 2020 വരെയുള്ള കാലഘട്ടങ്ങളില്‍ 380 സുരക്ഷാ ഉദ്യോഗസ്ഥര്‍, ആയിരം സാധാരണജനങ്ങള്‍, 900 നക്സലുകള്‍ എന്നിവര്‍ കൊല്ലപ്പെട്ടു. 4200 നക്സലുകള്‍ കീഴടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: