സിഡ്നി: ഏകദിനത്തിലെ തുടര്‍ച്ചയായ വിജയക്കുതിപ്പ് പ്രതീക്ഷിച്ചിറങ്ങിയ ഓസ്ട്രേലിയന്‍ വനിതാ ടീമിന്റെ സ്വപ്നം ക്യൂന്സ്ലാന്റില് തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ പെണ്‍പട. ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ഏകദിനം രണ്ട് വിക്കറ്റുകള്‍ക്ക് ഇന്ത്യ സ്വന്തമാക്കി. തുടര്‍ച്ചയായ 27-ാം ഏകദിന വിജയം എന്ന ഓസ്ട്രേലിയന്‍ ടീമിന്റെ റെക്കോര്‍ഡ് മോഹത്തിന് ഇതോടെ വിരാമമായി.
ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രലിയ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 264 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറി നേടിയ ബെത് മൂണി, അഷ്ലെ ഗാര്‍ഡനര്‍ എന്നിവര്‍ ഓസ്ട്രേലിയെ മികച്ച സ്കോറില്‍ എത്തിച്ചു. ജുലന് ഗോസ്വാമിയും പൂജ വസ്ത്രാകറും ഇന്നിംഗ്സില്‍ മൂന്നു വീതം വിക്കറ്റ് വീതം നേടി.
രണ്ടാം ഇന്നിംഗിസില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഷഫാലി വര്‍മ(56) യസ്തിക ഭാട്ടിയ(64) എന്നിവര്‍ അര്‍ധ സെഞ്ച്വറികള്‍ നേടി. സ്നേഹ് ദ്വീപ്തി എന്നിവര്‍ വാലറ്റത്ത് നടത്തിയ കൂറ്റനടികളാണ് കളിയുടെ ഒരു ഘട്ടത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട ടീമിനെ വിജയത്തിലേയ്ക്ക് നയിച്ചത്. അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ നാല് റണ്‍സ് വേണ്ടിയിരുന്നു. ഓവറിന്റെ മൂന്നാം പന്തില്‍ ജുലാന് ഗോസ്വാമി പന്ത് ബൗണ്ടറി ലൈനിലേക്ക് പായിച്ച് ഇന്ത്യ വിജയം കൈവരിച്ചു.
മൂന്ന് ഏകദിനങ്ങളുടെ പരമ്പര ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു. ഏകദിന റാങ്കില്‍ ഒന്നാമതാണ് ആസ്ട്രേലിയ. ഇന്ത്യന്‍ വനിതാ ടീം പട്ടികയില്‍ നാലാം റാങ്കുകാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: