കാബൂള്‍: അഫ്ഗാനിസ്ഥാനിലെ നഗരത്തില്‍ നാലിടത്ത് മൃതദേഹങ്ങള്‍ പരസ്യമായി കെട്ടിത്തൂക്കി വീണ്ടും താലിബാന്റെ ക്രൂരത. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിലെ നാല് പ്രധാന ചത്വരങ്ങളിലാണ് ക്രെയിനില്‍ നിന്നും മൃതദേഹങ്ങള്‍ കെട്ടിത്തൂക്കി പരസ്യപ്രദര്‍ശനം നടത്തിയത്.
ഹെറാത്ത് പ്രവിശ്യയുടെ ഡപ്യൂട്ടി ഗവര്‍ണറായ മൗലവി ഷിര് അഹ്മദ് മുഹാജിര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പ്രവിശ്യയിലെ നാല് പൊതു ഇടങ്ങളിലായി മൃതദേഹങ്ങള്‍ പരസ്യമായി കെട്ടിത്തൂക്കിയെന്നും ആളുകളെ തട്ടിക്കൊണ്ടുപോകുന്നവര്‍ക്ക് താക്കീതായാണ് താലിബാന്റെ ഈ ശിക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഒരു അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച നാല് പേരെയാണ് താലിബാന് കൊന്ന് കെട്ടിത്തൂക്കിയതെന്ന് പറയപ്പെടുന്നു.
ശരിഅത്ത് നിയമപ്രകാരമാണ് ഈ നാല് പേരെയും കൊന്നതെന്നും താലിബാന് നേതാക്കള്‍ പറയുന്നു. കുറ്റം ചെയ്ത നാല് പേര്‍ക്ക് താലിബാന് ശരിഅത്ത് നിയമപ്രകാരം ശിക്ഷ നല്‍കിയതാണെന്ന് താലിബാന് നേതാവ് വസീര്‍ അഹമ്മദ് സെദ്ദിഖി പറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍ നടത്തിയതിനാണ് നാല് പേരെയും താലിബാന് ശിക്ഷിച്ചത്.
താലിബാന്റെ കഠിനമായ നിയമങ്ങള്‍ മുന്നോട്ട് പോകുമെന്ന് താലിബാന് രൂപീകരിച്ച നേതാക്കളില്‍ ഒരാളായ മുല്ല നൂറുദ്ദീന്‍ തുറാബി പറഞ്ഞു. വധശിക്ഷ, കൈവെട്ടല്‍ എന്നീ ശിക്ഷാനടപടികള്‍ താലിബാന് തുടരുമെന്ന് മുല്ല നൂറുദ്ദീന്‍ തുറാബി ആവര്‍ത്തിച്ചു.
ആഗസ്ത് 15ന് കാബൂള്‍ പിടിക്കുമ്പോള്‍ താലിബാന് പഴയ കഠിനമായ ശിക്ഷാവിധികള്‍ മടക്കിക്കൊണ്ടുവരുമോ എന്ന ആശങ്ക ജനങ്ങള്‍ക്കുണ്ടായിരുന്നു. അത് ശരിവെയ്ക്കുന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി താലിബാന് ഭരണത്തില്‍ സംഭവിക്കുന്നത്. പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തില്‍ നിന്നും വിലക്കി.
ഞങ്ങളുടെ നിയമം എന്തായിരിക്കണമെന്ന് ആരും പഠിപ്പിക്കേണ്ടെന്നും തുറാബി പറഞ്ഞു. ഇസ്ലാമിനെ പിന്തുടരുന്ന ഞങ്ങള്‍ ഖുറാനിലെ നിയമം പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: