തൃശൂര്‍: കോവിഡ് കാലത്ത് പരോളും ഇടക്കാല ജാമ്യവും ലഭിച്ചവര്‍ 26ന് തിരികെ ജയിലുകളിലേക്ക് മടങ്ങണമെന്ന കേരളസര്‍ക്കാര്‍ നിര്‍ദ്ദേശം സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് കേരളം നടപ്പിലാക്കുന്നില്ല. തടവുകാരനായ തൃശൂര്‍ സ്വദേശി രഞ്ജിത്ത് നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി സ്റ്റേ ചെയ്തുകൊണ്ട് വിധി പ്രസ്താവിച്ചത്. എന്നാല്‍ കോടതി ഉത്തരവ് നിലവില്‍ ഉണ്ടെങ്കിലും ഞായറാഴ്ച വൈകിട്ട് നാലിന് മുമ്പ് തന്നെ ജയിലില്‍ തിരികെ കയറണമെന്നാണ് ജയില്‍ അധികൃതര്‍ വിശദമാക്കുന്നത്. ഇപ്രകാരം ജയിലില്‍ തിരികെ കയറിയാല്‍ പരോള്‍ കാലാവധി നീട്ടിയ ആനുകൂല്യം തടവുകാര്‍ക്ക് ലഭിക്കില്ല.
എന്നാല്‍ സുപ്രീംകോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ ഹാജരായില്ലെങ്കില്‍ ജയിലിലെ അറിയിപ്പ് ലഭിക്കാത്തതിനാല്‍ തടവുകാരന് മുങ്ങിനടന്നതായി രേഖപ്പടുത്തും. ജയില്‍ രേഖകളില്‍ പരോളില്‍ ഇറങ്ങി തിരികെ കയറാതെ ഒളിവില്‍ പോകുന്നവര്‍ക്ക് പിന്നീടുള്ള പരോള്‍ റദ്ദാക്കുന്നതിനും ഇത് കാരണമാകും. നിലവില്‍ പരോളില്‍ പോയിരിക്കുന്ന തടവുകാര്‍ക്ക് ഇന്ന് പരോള്‍ അവസാനിപ്പിച്ച് തിരികെ കയറണമോ വേണ്ടയോ എന്ന ആശങ്കയാണ്.
കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്നും സുപ്രീംകോടതിയുടെ നിലവിലുള്ള ഉത്തരവിന് എതിരാണ് കേരള സര്‍ക്കാരിന്റെ ഉത്തരവെന്നും ചൂണ്ടിക്കാണിയാണ് തടവുകാരന് ഹര്‍ജി സമര്‍പ്പിച്ചത്. ജയിലുകളില്‍ കോവിഡ് ഭീഷണി ഉയര്‍ന്നതോടെ തടവുപുള്ളികളെ പരോളില്‍ വിടാന്‍ ആവശ്യപ്പെട്ട് മെയ് ഏഴിനാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്.
ഉന്നതതല സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചിരുന്നത്. പരോളിലുള്ളവരെ തിരികെ പ്രവേശിപ്പിച്ചാല്‍ സാമൂഹിക അകലം പാലിക്കാനാവില്ലെന്ന നിര്‍ദ്ദേശം പരിഗണിച്ച് പരോള്‍ കാലാവധി പിന്നീട് നീട്ടിനല്‍കുകയും ചെയ്തിരുന്നു. പരോള്‍ കാലാവധി കഴിഞ്ഞ് തിരികെ കയറുന്ന നടപടിക്കാണ് ഒടുവില്‍ കോടതി സ്റ്റേ നല്‍കിയത്. കോടതി ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭ്യമായിട്ടില്ലെന്നാണ് ജയില്‍വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: