കോവിഡിന് പുറമെ സാമ്പത്തിക മഹാമാരിക്കും ചൈനയില്‍ നിന്ന് തുടക്കമാവുകയാണോ എന്ന ഉത്കണ്ഠയിലാണ് ലോകം. ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമാണ് വന്‍ തകര്‍ച്ചയെ നേരിടുന്നത്. കോടാനുകോടികള്‍ വായ്പയെടുത്ത കുത്തകകളെ നിയന്ത്രിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് എവര്‍ഗ്രാന്‍ഡെ എന്ന ഭീമന് തിരിച്ചടിയായത്. നിയന്ത്രണത്തെ തുടര്‍ന്ന് കടുത്ത പണക്കമ്മി അലട്ടിയപ്പോള്‍ അത് നികത്താന്‍ ഭവനപദ്ധതികള്‍ വന്‍ ഡിസ്്കൗണ്ടിന് വില്‍പ്പനക്കു വെച്ചതോടെ തകര്‍ച്ചയും തുടങ്ങി. ഇപ്പോള്‍ പലിശയടയ്ക്കാന്‍ നിവൃത്തിയില്ല. ബോണ്ടിന് വിലയിടിഞ്ഞു. കഴിഞ്ഞ ഒറ്റ വര്‍ഷം ഓഹരി വില താഴേക്കു പതിച്ചത് 85 ശതമാനം! 300 ബില്ല്യണ്‍ ഡോളര്‍ (22 ലക്ഷം കോടിയിലേറെ)ആണ് എവര്‍ഗ്രാന്‍ഡെ കമ്പനിയുടെ ബാങ്ക് വായ്പ. ഇതിനിടെ ചില ബാധ്യതകള്‍ തീര്‍ത്തുവെന്ന എവര്‍ഗ്രാന്‍ഡെയുടെ പ്രഖ്യാപനം ഹോങ്കോങ് വിപണിയില്‍ ചെറിയ ആശ്വാസം നല്‍കിയിട്ടുണ്ട്.
തെക്കന്‍ ചൈനയിലെ ഗ്വാങ്ചോയില്‍ ഹുയി കാ യാന്‍ എന്ന കോടീശ്വരന് 1996 ല്‍ സ്ഥാപിച്ചതാണ് എവര്‍ഗ്രാന്‍ഡെ. ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ 500 കമ്പനികളിലൊന്ന്. രണ്ടു ലക്ഷം ജീവനക്കാര്‍. ഓരോ വര്‍ഷവും സൃഷ്ടിക്കുന്നത് 38 ലക്ഷം അനുബന്ധ തൊഴില്‍. ഫോബ്സ് കണക്കനുസരിച്ച് ഹുയി കാ യാനിന്റെ ആസ്തി 10.6 ബില്ല്യണ്‍ ഡോളര്‍ (78,000 കോടി). രാജ്യത്തെ ഏറ്റവും വലിയ ഫുട്ബോള്‍ ടീമായ ഗ്വാങ്ചോ എഫ്സിയുടെ ഉടമ. ലോകത്തെ ഏറ്റവും വലിയ സോക്കര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണവും കമ്പനി നടത്തിവരുന്നു. റിയല്‍ എസ്റ്റേറ്റിനപ്പുറം ധനകാര്യം, വൈദ്യുതി കാറുകള്‍, ഭക്ഷ്യവസ്തുക്കള്‍, ലഹരി പാനീയങ്ങള്‍, തീം പാര്‍ക്ക് എന്നീ ബിസിനസുകളുമുണ്ട്.
ഒരു രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്കുന്ന മേഖലകളില്‍ ഒന്നാണ് നിര്‍മ്മാണ മേഖല. അപ്പോള്‍ ആ മേഖലയില്‍ വരുന്ന മാന്ദ്യം രാജ്യത്തെ മുഴുവന്‍ ബാധിക്കും. എവെര്‍ഗ്രാന്‍ഡ് ചൈനയുടെ ജിഡിപിയില്‍ 2 ശതമാനം സംഭാവന ചെയ്യുന്ന കമ്പനിയാണ്. കൂടാതെ ആഗോള വിപണിയില്‍ ഏറ്റവും കൂടുതല്‍ സ്റ്റീല്‍ വാങ്ങുന്ന കമ്പനി കൂടിയാണ്. ചൈന ആഗോള സ്റ്റീല്‍ ഉപഭോഗത്തിന്റെ 50 ശതമാനമുള്ള രാജ്യമാണ്. ഏകദേശം 8 കോടിയോളം വീടുകള്‍ ചൈനയില്‍ വില്‍ക്കാനാവാതെ ഉണ്ടെന്ന് പറയപ്പെടുന്നു. ചൈനയുടെ ജിഡിപിയില്‍ 17 ശതമാനം അതായത് അവരുടെ ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ ഏറ്റവും വലിയ ഘടകമാണ് ഹൗസിങ് & കൊമേര്‍ഷ്യല്‍ മേഖല. അപ്പോള്‍ എവെര്ഗ്രാന്ഡിന്റെ തകര്‍ച്ച കൊണ്ടുമാത്രം അവരുടെ ജിഡിപിയില്‍ ഒരു ശതമാനത്തിന്റെ കുറവ് വരുമെന്നു കരുതപ്പെടുന്നു. ഒറ്റക്കുട്ടി നയം ഉണ്ടാക്കിയ ജനസംഖ്യ പ്രശ്നങ്ങള്‍ ഒരുവശത്ത്, നാടുവിട്ടു പോകുന്ന മള്‍ട്ടിനാഷണല്‍ ബഹുരാഷ്ട്ര കമ്പനികളുടെ ആഘാതം മറുവശത്ത്, ഒടുവില്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ റിയല്‍-എസ്റ്റേറ്റ് മേഖലയുടെ തകര്‍ച്ചയും. ചൈന മിക്കവാറും ജപ്പാനെപ്പോലെ നീണ്ടു നില്ക്കുന്ന ഒരു മാന്ദ്യത്തിലേക്ക് കടന്നേക്കം.
ഇതിനേക്കാള്‍ ഏറെയാണ് ഇനി മുന്നോട്ട് ചൈനീസ് റിയല്‍ എസ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ മേഖലയുടെ വിശ്വാസ്യത നഷ്ടം. എവെര്‍ഗ്രാന്‍ഡ് പിടിച്ചു നില്ക്കാന് ചെയ്ത തട്ടിപ്പുകള്‍ ഓരോന്നോരാന്നായി ഇപ്പോള്‍ പുറത്തു വരാന്‍ തുടങ്ങിയിട്ടുണ്ട്. തകര്‍ച്ച മുന്നില്‍ കണ്ട കമ്പനി സാധാരണക്കാരെ കബളിപ്പിച്ച് ഇല്ലാത്ത പദ്ധതികള്‍ വിറ്റ് 6.5 ബില്യണ്‍ ഡോളര്‍ വകമാറ്റിയെന്നും അവരുടെ മാനേജ്മെന്റിലെ ചിലര്‍ വന്‍തോതില്‍ ക്രിപ്റ്റോ കറന്‍സിയിലൂടെ കമ്പനിയുടെ പക്കലുള്ള ഫണ്ട് കടത്തിയെന്നും ഊഹങ്ങളുണ്ട്. അത് മൂലമാണ് ചൈന ക്രിപ്റ്റോ കറന്‍സി നിരോധിച്ചത്. ഇതൊക്കെ ചൈന എന്ന ‘സുസ്ഥിര രാഷ്ട്രീയ നേതൃത്വം’എത്ര മാത്രം നിരുത്തരവാദിത്വത്തോടെയാണ് ധനകാര്യ മാനേജ്മന്റ് നടത്തിയത് എന്ന് തെളിയിക്കുന്നു!
കൊവിഡ് മഹാമാരിക്ക് തുടക്കമിട്ട ചൈന, ധനകാര്യ മഹാമാരിക്കു തുടക്കമിടുകയാണോ എന്ന ചങ്കിടിപ്പിലാണു ലോകം.
2008ല്‍ അമേരിക്കയിലെ ലീമാന് ബ്രദേഴ്സ് പൊട്ടി ലോകമാകെ സാമ്പത്തിക മാന്ദ്യം വന്ന പോലാകുമോ എന്നും സന്ദേഹമുണ്ട്. ലോക സമ്പദ് വ്യവസ്ഥയുടെ അടുത്ത വീഴ്ചയുടെ തുടക്കം ചൈനയില്‍ നിന്നാവും എന്ന ഒട്ടേറെ വിദഗ്ധരുടെ പ്രവചനം യാഥാര്‍ഥ്യമാകുമോ എന്നാണു ലോകം ഉറ്റുനോക്കുന്നത്. 158 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമുള്ള ലീമാന് 2008 സെപ്തംബര്‍ 15നാണ് 63,000 കോടി ഡോളറിന്റെ ബാധ്യതയുമായി പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ചത്. പരിമിത മൂലധനത്തിന്റെ പിന്‍ബലത്തില്‍ സുരക്ഷിതമല്ലാത്ത വായ്പകള്‍ വാരിക്കോരി നല്‍കിയതാണു ലീമാന്റെ അടിത്തറ തകര്‍ത്തത്. കെട്ടിട നിര്‍മ്മാണ ബിസിനസിനു പുറമേ മറ്റുപല രംഗങ്ങളിലേക്കും കടന്നു നഷ്ടം വരുത്തിയതാണു പ്രതിസന്ധിക്കു കാരണമെന്നും പറയപ്പെടുന്നു. ഫുട്ബോള്‍ ക്ലബ്ബ് വാങ്ങി, ഫുട്ബോള്‍ അക്കാദമിയും കൂറ്റന്‍ സ്റ്റേഡിയവും സ്ഥാപിച്ചു. ഇലക്ട്രിക് കാറുകളുടെ കമ്പനി വരെ തുടങ്ങി. ഇതിനെല്ലാം കടം വാങ്ങിയ ശതകോടികള്‍ തിരിച്ചടയ്ക്കാന്‍ പറ്റാതായി. പലരുടേയും ജീവിത സമ്പാദ്യം തന്നെ എവര്‍ഗ്രാന്‍ഡെ വിഴുങ്ങി. അവര്‍ ഷെന്‍സെന്‍ നഗരത്തിലെ കമ്പനി ആസ്ഥാനം ഉള്‍പ്പെടെ എല്ലാ ഓഫിസുകളിലും ഇടിച്ചു കയറി പ്രതിഷേധവും ധര്‍ണയും നടത്തി. നിലവില്‍ എവര്‍ഗ്രാന്‍ഡെയുടെ 800 പദ്ധതികള്‍ അപൂര്‍ണമാണ്, പണം അടച്ച 10 ലക്ഷം പേര്‍ക്കു പാര്‍പ്പിടം കിട്ടിയില്ല.
അതിരുവിട്ടുള്ള വളര്‍ച്ച നേടാന്‍ അമിതമായി കടമെടുക്കുക എന്ന ചൈനീസ് നയത്തിന്റെ പരിണതഫലമാണ് എവര്‍ഗ്രാന്‍ഡെയുടെ തകര്‍ച്ച. അവരുടെ വായ്പകള്‍ 30000 കോടി ഡോളറിന്റേതാണ്. ചൈനയിലെ 280 നഗരങ്ങളിലായി അവര്‍ വര്‍ഷം 6 ലക്ഷം പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ചു വിറ്റിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്ന്.
നിര്‍മാണം, രൂപകല്‍പ്പന, സാധന സാമഗ്രികളുടെ വിതരണക്കാര്‍ തുടങ്ങി അനുബന്ധ കമ്പനികള്‍ക്കെല്ലാം വന്‍ തിരിച്ചടിയുണ്ടാകും എന്നത് ഉറപ്പ്. 171 ആഭ്യന്തര ബാങ്കുകളും 121 ധനകാര്യ സ്ഥാപനങ്ങളും എവര്‍ഗ്രാന്‍ഡെക്ക് വായ്പ നല്‍കിയിട്ടുണ്ട്. ഇവര്‍ക്കും കടുത്ത പ്രതിസന്ധിയുണ്ടാകും. തുടര്‍ന്ന് ബാങ്കുകളുടെ പൊതു വായ്പത്തോത് കുറയും. പലിശ നിരക്കുയരും-ഇതൊക്കെ ഉടനുണ്ടാകും. 2008ല്‍ അമേരിക്കയിലെ ‘ലീമാന് ബ്രദേഴ്സ്’ തകര്‍ച്ചയുടെ മറ്റൊരു പതിപ്പാകുമോ 2021 ല്‍ ചൈനക്ക് എവര്‍ഗ്രാന്‍ഡെ എന്ന ചോദ്യം അലയടിക്കുകയാണ്. അങ്ങനെയാണെങ്കില്‍ അനുരണനങ്ങള്‍ ലോകസമ്പദ് വ്യവസ്ഥയെ ഉലയ്ക്കുമെന്ന് ഉറപ്പ്.
ഡോ. സന്തോഷ് മാത്യു
(പോണ്ടിച്ചേരി കേന്ദ്രീയ സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍ )
പ്രതികരിക്കാൻ ഇവിടെ എഴുതുക: