കൊല്ലം: കേരളത്തില്‍ നിക്ഷേപം മെച്ചപ്പെടണമെങ്കില്‍ അനുകൂല രാഷ്ട്രീയ, സാമൂഹ്യ കാലാവസ്ഥയും ഉണ്ടാകണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സേവാ ഓര് സമര്പ്പണ് അഭിയാന്റെ ഭാഗമായിഅസംഘടിത തൊഴിലാളികള്‍ക്കുള്ള ഇ-ശ്രം കാര്‍ഡിന്റെ ജില്ലാതല വിതരണ ഉദ്ഘാടനവും വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണവും ആദരവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക വിനോദ സഞ്ചാര ദിനം ബന്ദ് ആചരിക്കുകയാണ് കേരളത്തില്‍. ഒരാള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുമ്പോള്‍ എങ്ങിനെയാണ് ടൂറിസം മേഖല വികസിക്കുകയെന്ന് മന്ത്രി ചോദിച്ചു. കേരളത്തില്‍ വികസനത്തിനും വ്യവസായ വളര്‍ച്ചക്കും തടസം സൃഷ്ടിക്കുന്നത് സങ്കുചിത രാഷ്ട്രീയ മനോഭാവമാണ്. സംസ്ഥാനത്തെ ആദ്യത്തെ വിമാനത്താവളമായ തിരുവനന്തപുരത്ത് എന്തുകൊണ്ടാണ് വികസനം ഇല്ലാത്തതെന്ന് മനസ്സിലാക്കണം.
സര്‍ക്കാര്‍ മേഖലയില്‍ വിമാനത്താവളം നിലനിര്‍ത്തി നികുതിദായകരെ ബുദ്ധിമുട്ടിക്കലാണോ അതോ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പ് വരുത്തി കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്കുന്നതാണോ നല്ലതെന്നറിയാന്‍ കൊച്ചി മികച്ച ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. വിമാനത്താവള ഉടമസ്ഥതയില്‍ തന്നെ സ്വകാര്യ പങ്കാളിത്തം കൊച്ചിയിലുള്ളപ്പോള്‍ തിരുവനന്തപുരത്ത് നടത്തിപ്പില്‍ പോലും പങ്കാളിത്തം അനുവദിക്കില്ലെന്ന നിലപാട് ഇരട്ടത്താപ്പാണ്. സ്വകാര്യപങ്കാളിത്തവും ഓഹരിവിറ്റഴിക്കലുമെല്ലാം എന്തോ പാതകമാണെന്ന ചിന്ത മാറണം. ഈ സമീപനം കൊണ്ടാണ് നിക്ഷേപ അനുകൂല പട്ടികയില്‍ കേരളം 28-ാം സ്ഥാനത്ത് നില്‍ക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. അനാവശ്യ ഹര്‍ത്താലുകളും പണിമുടക്കുകളും നിക്ഷേപകരെ കേരളത്തില്‍ നിന്ന് അകറ്റുമെന്ന് വി.മുരളീധരന് ചൂണ്ടിക്കാട്ടി.
സ്വഛ് ഭാരത് അഭിയാന്റെ ഭാഗമായി വിവിധ സ്കൂളില്‍ 2639 ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്കിയ റോട്ടറി ഇന്റര്‍നാഷണല്‍ മുന്‍ ഗവര്‍ണര്‍ ഡോ. ജോണ്‍ ഡാനിയലിനെ ചടങ്ങില്‍ ആദരിച്ചു. പരിപാടിയുടെ ഭാഗമായി അഞ്ച് ദിവ്യാഗദര്ക്ക് വീല്‍ ചെയറും രണ്ടു പേര്‍ക്ക് തയ്യല്‍ മെഷീനും കൈമാറി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മത്സര പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാര വിതരണവും ചടങ്ങില്‍ നടന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: