കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം വന്നത് സ്ത്രീസ്വാതന്ത്ര്യത്തിന് ഹാനികരമായെന്ന് പല സംഭവങ്ങള്‍ ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് പെണ്‍കുട്ടികള്‍ പോകേണ്ടെന്ന താലിബാന്റെ വിലക്കായിരുന്നു ഏറ്റവും ഒടുവിലത്തെ ഉദാഹരണം.
നേരത്തെ യൂണിവേഴ്സിറ്റി തലത്തില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും വേറെ വേറെ ഇരുന്ന് പഠിക്കണമെന്നും താലിബാന് ശഠിച്ചിരുന്നു. കാബൂളില്‍ സ്ത്രീകളുടെ കക്കൂസ് കഴുകുന്നതൊഴികെ വേറെ ഒരു ജോലിയും സ്ത്രീകള്‍ എടുക്കരുതെന്നും താലിബാന് ഇക്കഴിഞ്ഞ ദിവസം വിലക്കിയിരുന്നു.
പക്ഷെ ഇപ്പോള്‍ ഒരു അഫ്ഗാന് പെണ്‍കുട്ടിയുടെ ശക്തമായ സംഭാഷണം വലിയൊരു വേദനയായി മനുഷ്യമനസ്സാക്ഷിയില്‍ പടര്‍ന്നുകേറുകയാണ്. തനിക്ക് സ്കൂളില്‍ പോകണമെന്നും സ്കൂളില്‍ പോകാന്‍ അവകാശമുണ്ടെന്നുമാണ് ഈ പെണ്‍കുട്ടി നല്ല ഒഴുക്കുള്ള ലഘുപ്രസംഗത്തില്‍ പറയുന്നത്. അതില്‍ സ്കൂളില്‍ പോകാന്‍ കഴിയാത്തതിന്റെ വിങ്ങലുമുണ്ട്. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.
തലയില്‍ കറുത്ത സ്കാര്‍ഫ് ധരിച്ച് ഈ പെണ്‍കുട്ടിയുടെ കൂടെ രണ്ട് ചെറിയ പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയും കാണാം. ഇവര്‍ ‘ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം’, ‘സ്വതന്ത്ര അഫ്ഗാനിസ്ഥാന്’ എന്നിങ്ങനെ ബോര്‍ഡുകള്‍ പിടിച്ചിട്ടുള്ളതായും കാണാം. പിന്നെ കാണുന്നത് പെണ്‍കുട്ടിയുടെ കരുത്തുറ്റ ലഘുപ്രസംഗമാണ്. ഇതില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശവും അഫ്ഗാനിസ്ഥാന്റെ വികസനത്തിനായി സംഭാവന ചെയ്യാനുള്ള അവകാശവും പെണ്‍കുട്ടി തുറന്നടിച്ച് പറയുന്നുണ്ട്. പലരും ഈ പെണ്‍കുട്ടി തടസ്സമില്ലാതെ പ്രസംഗിക്കുന്നത് കേട്ട് അതിശയം കൂറുന്നു. എങ്കിലും ആ പെണ്‍കുട്ടിയുടെ വരികള്‍ക്കിടയിലെ വേദന പലരുടെയും ഉറക്കം കെടുത്തും. വിദ്യാഭ്യാസമില്ലാത്ത പെണ്‍കുട്ടികളുടെ അഫ്ഗാനിസ്ഥാനുമായി എത്രകാലം താലിബാന് ഭരണകൂടത്തിന് മുന്നോട്ട് പോകാനാവും? ഈ ചോദ്യമാണ് ഒരേ സമയം ഭീതിയും പ്രതീക്ഷയും പകരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: