ലക്നൗ: 2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുത്തന്‍ സഖ്യ പരീക്ഷണവുമായി ബിജെപി. താരതമ്യേന ചെറിയ പാര്‍ട്ടികളായ അപ്നാദളിനേയും നിഷാദ് പാര്‍ട്ടിയേയും ഒപ്പംകൂട്ടിയായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക. എസ്പിക്ക മേല്‍ക്കൈയുള്ള പിന്നോക്ക വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
‘നിര്‍ബല്‍ ഇന്ത്യന്‍ ഷോഷിത് ഹമാരാ ആംദള്‍’ എന്ന നിഷാദ് പാര്‍ട്ടി 2017 തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര മുന്നണിയുണ്ടാക്കിയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ബിഎസ്പി വിട്ട് പുറത്തുവന്ന സഞ്ചയ് നിഷാദാണ് 2016 പാര്‍ട്ടി രൂപീകരിച്ചത്. നിലവില്‍ ഒരു സീറ്റ്മാത്രമാണ് പാര്‍ട്ടിക്ക് ഉത്തര്‍പ്രദേശ് നിയമസഭയിലുളളത്.
കേന്ദ്രമന്ത്രി അനുപ്രിയ സിംഗ് പട്ടേലിന്റെ പാര്‍ട്ടിയാണ് അപ്നാ ദള്‍ (സോനേലാല്‍). 2017 തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കൊപ്പം മത്സരിച്ച പാര്‍ട്ടി ഒമ്പത് അംഗങ്ങളെ സഭയില്‍ എത്തിച്ചു. ഏഴ് സീറ്റുകള്‍ മാത്രം കൈയ്യിലുള്ള ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിനേക്കാള്‍ വലിയ പാര്‍ട്ടിയാണ് അപ്നാ ദള്‍ (സോനേലാല്‍).
2022 തെരഞ്ഞെടുപ്പിലേക്കുള്ള ചുമതലക്കാരനായ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രഥാനാണ് സഖ്യത്തെക്കുറിച്ചുള്ള സൂചനകല്‍ നല്‍കിയത്. സംസ്ഥാന നേതൃത്വത്തിന് ഒട്ടനവധി ചെറിയ പാര്‍ട്ടികളുമായി ബന്ധമുണ്ടെന്നും അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദേഹം പറഞ്ഞു. നിലവില്‍ തങ്ങള്‍ക്കൊപ്പമുള്ള നിഷാദ്, അപനാ ദള്‍ പാര്‍ട്ടികളുമായി സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നും പ്രഥാന് വ്യക്തമാക്കി.
വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി തന്നെ വെന്നിക്കൊടി പാറിക്കുമെന്നാണ് പുറത്തുവന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ എല്ലാംതന്നെ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ ഏറ്റവുംകൂടുതല്‍ ജനപ്രീതിയുള്ളത് യോഗിക്കാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരാണെന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗംപേരും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: