കോട്ടയം : എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം കോട്ടയം നഗരസഭയില്‍ പാസായതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. കോണ്‍ഗ്രസ് ഭരണത്തിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി അംഗങ്ങള്‍ പിന്തുണച്ചതോടൊയാണ് യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടത്.
52 അംഗ നഗരസഭാ കൗണ്‍സിലില്‍ 22 എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും 8 ബിജെപി കൗണ്‍സിലര്‍മാരുമാണ് ഉള്ളത്. ഇതില്‍ സിപിഎം സ്വതന്ത്രനായ പി.ഡി. സുരേഷ് മുട്ടമ്പലത്തിന്റെ വോട്ട് അസാധുവായി. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു വ്യക്തമാക്കിയിരുന്നു.
ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളെ അവഗണിക്കുന്ന സമീപനമാണ് യുഡിഎഫ് ഭരണസമിതി സ്വീകരിച്ചിരുന്നത്. അധികാരത്തിലേറിയ ശേഷം നഗരസഭാ ഭരണം ഏറെക്കുറെ നിഷ്ക്രിയമായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകാനായിട്ടാണ് അവിശ്വാസത്തെ പിന്തുണച്ചത്. അല്ലാതെ എല്‍ഡിഎഫുമായി ഒരു കൂട്ടുകെട്ടിനും ഇല്ലെന്നും നോബിള്‍ മാത്യു വ്യക്തമാക്കി. ഭരണസമിതിയെ താഴെ ഇറക്കുക എന്നതാണ് പ്രധാനകാര്യമെന്നും അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും നോബിള്‍ മാത്യു കൂട്ടിച്ചേര്‍ത്തു.
21 സീറ്റായിരുന്നു യുഡിഎഫിന് ഉണ്ടായിരുന്നത്. ഗാന്ധിനഗര്‍ സൗത്തില്‍ നിന്നും കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച ബിന്‍സി സെബാസ്റ്റിയന് യുഡിഎഫിനൊപ്പം ചേര്‍ന്നതോടെ അവരുടെ അംഗബലം 22 ആയി. തുടര്‍ന്ന് ടോസിലൂടെയാണ് ഭരണം യുഡിഎഫ് പിടിച്ചത്. അവിശ്വാസം പരിഗണിക്കുമ്പോള്‍ യുഡിഎഫ് അംഗങ്ങള്‍ വിട്ടുനില്‍ക്കുകയായിരുന്നു.
യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയം പരിഗണിക്കുമ്പോള്‍ വിട്ടുനിന്നു. എന്നാല്‍ എല്‍ഡിഎഫ് ബിജെപി അംഗങ്ങള്‍ ഹാജരായതിനാല്‍ ക്വാറം തികഞ്ഞു. വിട്ടുനില്‍ക്കാനുള്ള വിപ്പാണ് യുഡിഎഫ് അംഗങ്ങള്‍ക്ക് നല്‍കിയത്. അവിശ്വാസ പ്രമേയത്തെ പിന്തുണക്കാന്‍ ബിജെപിയും വിപ്പ് നല്കി. ഇതോടെ പ്രമേയത്തെ പിന്തുണക്കുന്നവരുടെ എണ്ണം 30 ആയി. എന്നാല്‍ ഒരു വോട്ട് അസാധുവായി. പ്രമേയം പാസാകുകയും ചെയ്തു. ഇതോടെ ജില്ലയില്‍ ഈരാറ്റുപേട്ട നഗരസഭയ്ക്ക് പിന്നാലെ യുഡിഎഫിന് ഭരണം നഷ്ടമാകുന്ന രണ്ടാമത്തെ നഗരസഭയായി കോട്ടയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: