ന്യൂദല്‍ഹി: ദല്‍ഹി രോഹിണി കോടതിയില്‍ ഗുണ്ടാത്തലവന് ജിതേന്ദ്ര ഗോഗിയെ വെടിവെച്ച് കൊലപ്പെടുത്തി. രോഹിണിയിലെ 206-ാം നമ്പര്‍ കോടതിയിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഗോഗിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെയാണ് വെടിയുതിര്‍ത്തത്.
അഭിഭാഷക വേഷത്തിലെത്തിയ രണ്ടുപേര്‍ ഗോഗിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതോടെ അക്രമികള്‍ക്ക് നേരേ പോലീസും വെടിയുതിര്‍ത്തു. ഏറ്റുമുട്ടലില്‍ രണ്ട് അക്രമികളെ പോലീസ് വധിച്ചു. കേസില്‍ പോലീസ് അന്വേഷണം തുടങ്ങി. ഗോഗിയുടെ എതിര്‍സംഘത്തിലുള്ളവരാണ് കോടതിക്കുള്ളില്‍ വെടിവെപ്പ് നടത്തിയതെന്നാണ് പ്രഥമിക റിപ്പോര്‍ട്ട്.
കോടതിക്കുള്ളില്‍ ഏകദേശം 40 റൗണ്ട് വെടിയുതിര്‍ത്തിട്ടുണ്ട്. ഇതില്‍ അഭിഭാഷകയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കോടതിക്കുള്ളില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന പ്രതികരിച്ചു. ടില്ലു ഗ്യാങ്ങിന്റെ ഭാഗമായ അക്രമികളാണ് ഗോഗിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: