മുംബൈ : രാജ്യത്തെ ഓഹരി വിപണിയില്‍ ചരിത്ര നേട്ടം. സെന്‍സെക്സ് ഇതാദ്യമായി 60,000 കടന്നു. ചൈനീസ് ഓഹരി വിപണി കടുത്ത ഇടിവ് നേരിടുന്നതിനിടെയാണ് ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ ദിവസങ്ങളില്‍ നേട്ടമുണ്ടാക്കുന്നത്. വ്യാഴാഴ്ച സെന്‍സെകസ് 59,000 പിന്നിട്ടിരുന്നു. നിഫ്റ്റി 18000 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്.
ഇന്ന് വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 325 പോയിന്റ് നേട്ടത്തില്‍ 60,211ലും നിഫ്റ്റി 93 പോയന്റ് ഉയര്‍ന്ന് 17,916ലുമെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. പലിശ നിരക്ക് ഉയര്‍ത്തല്‍, ഉത്തേജന പാക്കേജ് എന്നിവ സംബന്ധിച്ച് യുഎസ് ഫെഡ് റിസര്‍വിന്റെ നിലപാട് നിക്ഷേപകരിലുണ്ടാക്കിയ വിശ്വാസമാണ് ഓഹരി വിപണിക്ക് മുതല്‍ക്കൂട്ടായത്.
ഡൗ ജോണ്‍സ് സൂചിക 1.48ശതമാനവും എസ്ആന്‍ഡ്പി 500 1.21ശതമാനവും നേട്ടത്തിലായിരുന്നു ക്ലോസ്ചെയ്തത്. നാസ്ദാക്ക് സൂചിക 1.04ശതമാനവും ഉയര്‍ന്നു. വിപണിയില്‍ കാളകള്‍ പിടിമുറുക്കിയതിന്റെ സൂചനയായാണ് കഴിഞ്ഞ ദിവസം 950 പോയന്റിലേറെ നേട്ടമുണ്ടായത്. മിക്കവാറും ഏഷ്യന്‍ സൂചികകളിലും നേട്ടംപ്രകടമാണ്. ജപ്പാന്റെ ടോപിക്സ് ദക്ഷിണകൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലാണ്. എവര്‍ഗ്രാന്‍ഡെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചൈനീസ് വിപണികള്‍ നഷ്ടത്തില്‍ തുടരുകയാണ്.
ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, ഇന്‍ഫോസിസ്, വിപ്രോ, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തില്‍. ഐടി മേഖലയിലെ ഓഹരികളില്‍ രണ്ട് ശതമാനം വളര്‍ച്ചയും, ടെലികോം കമ്പനികളുടെ ഓഹരികളില്‍ ഒരു ശതമാനം വര്‍ധനവുമുണ്ട്. വിപ്രോ ഓഹരി എന്‍എസ്ഇയിലെ മുന്‍നിര നേട്ടത്തിലാണ്. കമ്പനിയുടെ ഓഹരി 1.55 ശതമാനം ഉയര്‍ന്നു 685 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, ഒഎന്‍ജിസി എന്നിവയുടെ ഓഹരിയിലും വര്‍ദ്ധനവ് കാണിക്കുന്നു. അതേസമയം ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടൈറ്റന്‍, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, കോട്ടക് ബാങ്ക്, ആക്‌സിസ് ബാങ്ക്, എം ആന്‍ഡ് എം, അള്‍ട്രാ സിമന്റ് എന്നിവയുടെ വിപണിയില്‍ ഇടിവുണ്ടായിട്ടുണ്ട്.
വ്യാഴാഴ്ചയും വിപണിയില്‍ കുതിച്ചുചാട്ടം ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് 3.12 ഓടെ സെന്‍സെക്‌സ് 1030 പോയിന്റുകളുടെ വര്‍ദ്ധനവില്‍ 59,957.25 ല്‍ എത്തിയിരുന്നു. ബിഎസ്ഇ സെന്‍സെക്‌സ് 1.63 ശതമാനം നേട്ടത്തോടെ 59,885.36 എന്ന ഉയര്‍ന്ന നിലവാരത്തിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. വ്യാപാരം അവസാനിക്കുമ്പോള്‍, നിഫ്റ്റി 280.40 പോയിന്റ് നേട്ടത്തോടെ 17,827.05 ല്‍ ക്ലോസ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: