തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായുള്ള കാത്തലിക്ക് സിറിയന്‍ ബാങ്ക് ജീവനക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 29, 30, ഒക്ടോബര്‍ 1 തീയതികളില്‍ ദേശീയ പണിമുടക്ക് നടത്തും. ത്രിദിന പണിമുടക്കും തുടര്‍ന്നുള്ള രണ്ടുദിവസം അവധിയുമായതിനാല്‍ തത്വത്തില്‍ അഞ്ചുദിവസം ബാങ്കിന്റെ മുഴുവന്‍ ശാഖകളും അടഞ്ഞുകിടക്കും.
ബാങ്കില്‍ വ്യവസായതല ഉഭയകക്ഷി കരാര്‍ നടപ്പാക്കുക, അന്യായ ശിക്ഷാ നടപടികള്‍ പിന്‍വലിക്കുക, ബാങ്കിന്റെ ജനകീയ ബാങ്കിങ് പാരമ്പര്യം നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ പിന്തുണയോടെയാണ് പണിമുടക്കെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
51 ശതമാനം ഓഹരി കൈക്കലാക്കിയ കാനഡ ആസ്ഥാനമായുള്ള ഫെയര്‍ ഫോക്സ് കമ്പനി മാനേജ്മെന്റ് ബാങ്കിനെ പൂര്‍ണമായും കുത്തകവല്ക്കരിക്കുകയാണ്. ബാങ്കിന്റെ ജനകീയ സ്വഭാവം ഇല്ലാതാക്കി ജീവനക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ് മാനേജ്മെന്റ് ചെയ്യുന്നത്. 514 ശാഖകളിലായുണ്ടായിരുന്ന 3000ലേറെ സ്ഥിരം ജീവനക്കാരില്‍ പകുതിയോളം പേരെ ഒഴിവാക്കി. 1500 പേര് മാത്രമാണ് നിലവില്‍ സ്ഥിരം ജീവനക്കാര്‍. 2500 താത്ക്കാലിക ജീവനക്കാരും ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്.
നിസാരകാര്യങ്ങള്‍ പറഞ്ഞ് അടുത്തിടെ നിരവധി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. 400 പേര്‍ക്കാണ് വിവിധ കാരണങ്ങള്‍ കാണിച്ച് അന്യായമായി നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 10 പേര്‍ക്കാണ് ഓണ്‍ലൈന്‍ വഴി സസ്പെന്ഷന് ലെറ്റര്‍ ലഭിച്ചത്. 17 പേര് കൂടി സസ്പെന്‍ഷന്റെ നിഴലിലാണ്. ബാങ്കിന്റെ മികച്ച റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ എംഡിക്ക് ആറുകോടി രൂപ പാരിതോഷികം നല്കുമ്പോള് ബാങ്കിനെ ഉയര്‍ച്ചയിലേക്ക് നയിച്ച ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും അര്‍ഹമായ വേതനം പോലും നല്‍കുന്നില്ലെന്ന് യൂണിയന് നേതാക്കള്‍ പറഞ്ഞു. 2016ലാണ് ബാങ്കില്‍ അവസാനമായി സ്ഥിരനിയമനം നടന്നത്.
ദേശീയ പണിമുടക്കിന് മുന്നോടിയായി സംസ്ഥാനത്തെ ബാങ്കിങ് മേഖല ഒന്നാകെ ഇന്ന് ഐക്യദാര്‍ഢ്യദിനം ആചരിക്കും. എല്ലാ ബാങ്കുകളിലേയും ജീവനക്കാരും ഓഫീസര്‍മാരും പ്രതിഷേധ ബാഡ്ജ് ധരിക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ എല്ലാ ബാങ്ക് ജീവനക്കാരുടേയും ഏകദിന പണിമുടക്കും ആലോചനയിലുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബിഇഎഫ്ഐ (ബെഫി) സംസ്ഥാന പ്രസിഡന്റ് ടി.നരേന്ദ്രന്, എഐബിഇഎ സംസ്ഥാന സെക്രട്ടറി ടി.വി ശിവരാമകൃഷ്ണന്, എഐബിഒസി സീനിയര്‍ വൈസ് പ്രസിഡന്റ് വി.കെ സോണി, എന്‍സിബിഇ സെക്രട്ടറി കെ.എന്‍ അന്‍സില്‍, ഐഎന്‍ബിഇഎഫ് പ്രസിഡന്റ് ഫ്രാന്‍സിസ് ജേക്കബ്, എന്‍ഒബിഡബ്ല്യു സംസ്ഥാന സെക്രട്ടറി പി.എസ് കാന്തിമതി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: