ചിറ്റാര്‍(പത്തനംതിട്ട): സീതത്തോട് സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതികളെ സംബന്ധിച്ച് നിരവധി പരാതികള്‍ സഹകരണ വകുപ്പിന് ലഭിച്ചെങ്കിലും അന്വേഷണം നടന്നത് ഒരു പരാതിയില്‍ മാത്രം. 2018ല്‍ ബിജെപി സീതത്തോട് പഞ്ചായത്തു സെക്രട്ടറി ആയിരുന്ന കെ.എസ്. ഉദയന്‍ ആണ് ആദ്യ പരാതി നല്‍കിയത്. ഒരു വര്‍ഷത്തിന് ശേഷം ഈ പരാതി അന്വേഷിച്ചിരുന്നു. 2020ല്‍ ബിജെപി കോന്നി മണ്ഡലം പ്രസിഡന്റ് ജി. മനോജ്, ബാങ്കിലെ ജീവനക്കാരന് എന്നിവര്‍ നല്കിയ പരാതി അന്വേഷിച്ചില്ലെന്നാണ് വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ സിപിഎം നേതൃത്വത്തിന് എന്‍ജിഒ യൂണിയന് നേതാവ് പരാതി സമര്‍പ്പിച്ചെങ്കിലും പാര്‍ട്ടിയും അന്വേഷിച്ചില്ല. കാരണം പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയും, ഡിവൈഎഫ്ഐ നേതാവുമായിരുന്നു ആരോപണ വിധേയര്‍. ബാങ്കിലെ മുതിര്‍ന്ന ജീവനക്കാരുള്‍പ്പടെ ഒട്ടുമിക്ക ജീവനക്കാരും പാര്‍ട്ടി നേതാക്കള്‍ തന്നെയാണ്.
കെ.എസ്. ഉദയന്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നല്കിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. ഈ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു വര്‍ഷമെടുത്തു. അന്വേഷണത്തില്‍ സാമ്പത്തിക/വായ്പാ തിരിമറികളുടെ തെളിവ് പരാതിക്കാരന് കൊടുക്കാത്തതിനാല്‍ നടപടി ഉണ്ടായില്ല. സിപിഎം ലോക്കല്‍ സെക്രട്ടറിയെ നൈറ്റ് വാച്ച്മാനായി നിയമിച്ച നടപടി നിയമവിരുദ്ധമാണെന്ന് കണ്ടെത്തി പിരിച്ചുവിട്ടെങ്കിലും ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി ഇയാള്‍ ജോലിയില്‍ തുടര്‍ന്നു. കേസ് കോടതിയില്‍ വ്യവഹാരത്തിലിരിക്കെ ബാങ്ക് ഭരണസമിതി ഇയാള്‍ക്ക് പ്രൊബേഷന്‍ പൂര്‍ത്തിയാക്കി കൊടുക്കുകയും ശമ്പള വര്‍ധനവ് നല്‍കുകയും ചെയ്തു. ഇത് നിയമവിരുദ്ധമായിട്ടും സഹകരണ വകുപ്പ് ഇതിന്മേല് നടപടി എടുത്തിട്ടില്ല.
ഉപയോഗശൂന്യമായ വളം വിതരണം ചെയ്തുവെന്ന പരാതിയിലും പരാതിക്കാരന് തെളിവ് നല്കാത്തതിനാല് നടപടി എടുത്തില്ല. വളം വിതരണത്തില്‍ എംഎല്‍എ കമ്മിഷന് പറ്റിയെന്നു ബാങ്ക് സെക്രട്ടറി മുഖ്യമന്ത്രിക്കയച്ച പരാതിയിലും ബോധിപ്പിച്ചിട്ടുണ്ട്. ലെഡ്ജറും മറ്റു രേഖകളും തിരുത്താന്‍ ബാങ്കിലെ കമ്പ്യൂട്ടറില്‍ തിരിമറികള്‍ നടത്തി എന്ന പരാതിയും ലാഘവ ബുദ്ധിയോടെയാണ് സഹകരണ വകുപ്പ് എടുത്തത്. ഇതിന്മേല് അന്വേഷണം നടന്നതായി അറിവില്ല.
ഓഡിറ്റ് നടക്കുന്നത് ഓഡിറ്റര്‍മാര്‍ മുന്‍കൂട്ടി അറിയിക്കുകയും അതിനനുസരിച്ചു കമ്പ്യൂട്ടറിലും രജിസ്റ്ററുകളിലും ആവശ്യമായ തിരുത്തലുകള്‍ വരുത്തി ഓഡിറ്റ് പാസ്സാക്കുകയാണ് ചെയ്യുന്നതെന്ന പരാതിയും ഗൗരവമായി അന്വേഷിച്ചില്ല. അകാരണമായി ബാങ്കിന്റെ ക്ലാസ്സിഫിക്കേഷന് താഴ്ത്തിയതും, നീതിസ്റ്റോറില്‍ നടത്തിയ നിയമനങ്ങളും പരാതിക്കാരന് ബോധിപ്പിച്ചെങ്കിലും ഇത് ശരിയായ രീതിയില്‍ അന്വേഷിക്കാന്‍ സഹകരണ വകുപ്പിന് കഴിഞ്ഞില്ല. അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥരുടെ ഇടപെടലുകളെക്കുറിച്ചും ധാരാളം ആക്ഷേപങ്ങള്‍ ഉയര്‍ന്നു. സീതത്തോട് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി കെ.യു. ജോസിന്റെ പരാതിയില്‍ അന്വേഷണത്തിലും ഓഡിറ്റിങ് നടപടികളിലും ഇവരുടെ പങ്ക് ആരോപിക്കുന്നുണ്ട്.
ബാങ്കിലെ അഴിമതികളെ പറ്റിയുള്ള വിവിധ ചോദ്യങ്ങള്‍ക്കും സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. ബാങ്കില്‍ ലഭിച്ച പരാതികളും അവയിന്മേല് എടുത്ത നടപടികളും വ്യക്തമാക്കാന്‍ സഹകരണ വകുപ്പ് തയ്യാറായില്ല. സഹകരണ നിയമം 65 അനുസരിച്ചുള്ള അന്വേഷണങ്ങള്‍ നടന്നോ, നടന്നിട്ടുണ്ടെങ്കില്‍ സ്വീകരിച്ച നടപടികള്‍ എന്നിവ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിട്ടും അവ ലഭ്യമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: