തിരുവനന്തപുരം: 2019 വരെ 100 മലയാളികള്‍ ഐഎസില്‍ ചേര്‍ന്നെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍. 28 പേര്‍ ഐഎസ് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്നു തന്നെ പോയവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഇല്ലെന്ന് തെളിയിക്കാനായി കണക്കുകള്‍ നിരത്തവെയാണ് ഐഎസില്‍ ചേര്‍ന്നവരുടെ എണ്ണം വ്യക്തമായത്. 28 പേര്‍ കേരളത്തില്‍ നിന്നു തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ആ 28 പേരില്‍ അഞ്ച് പേര്‍ മാത്രമാണ് മറ്റ് മതങ്ങളില്‍ നിന്നും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയ ശേഷം ഐഎസില്‍ ചേര്‍ന്നത്. അതില്‍ തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തില്‍പ്പെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്‌സണ്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിന്‍ ജേക്കബ് എന്ന ക്രിസ്ത്യന്‍ യുവതി ബെസ്റ്റിന്‍ എന്ന ക്രിസ്ത്യന്‍ യുവാവിനെയും വിവാഹം കഴിച്ച ശേഷമാണ് ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ന്നത്.
കൂടാതെ മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെട്ടവരുടെ മതം തിരിച്ചുള്ള കണക്കും മുഖ്യമന്ത്രി വ്യക്തമാക്കി. 2020ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എന്‍ഡിപിഎസ് ആക്ട് പ്രകാരമുള്ള 4941 കേസുകളില്‍ പ്രതികളായ 5422 പേരില്‍ 2700 (49.80%) പേര്‍ ഹിന്ദുമതത്തില്‍പ്പെട്ടവരും 1869 (34.47%) പേര്‍ ഇസ്ലാംമതത്തില്‍പ്പെട്ടവരും 853 (15.73%) പേര്‍ ക്രിസ്തു മതത്തില്‍പ്പെട്ടവരുമാണ്. ഇതില്‍ അസ്വാഭാവികമായ അനുപാതമില്ലെന്നും മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടമെന്നും മുഖ്യമന്ത്രി പറഞ്ഞു. മതചിന്തകള്‍ പാടില്ലെന്ന് പറയുന്ന മുഖ്യമന്ത്രിതന്നെ മതം തിരിച്ച് കണക്ക് അവതരിപ്പിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: