ദുബായ്: ഓണം ബമ്പറില്‍ ഒന്നാം സമ്മാനം നേടിയെന്ന് പറഞ്ഞ് എല്ലാവരെയും കബളിപ്പിച്ചതാണെന്ന് വെളിപ്പെടുത്തി സെയ്തലവി. തെറ്റുപറ്റിയതില്‍ ക്ഷമചോദിക്കുന്നുവെന്നും. കൂട്ടുകാരെ കബളിപ്പിക്കാന്‍ ചെയ്ത കാര്യം കൈവിട്ട് പോയതാണെന്നും സെയ്തലവി പുറത്തിറക്കിയ പുതിയ വീഡിയോയില്‍ പറയുന്നു. അഹമ്മദ് എന്ന കൂട്ടുകാരന് പറ്റിച്ചതാണെന്നായിരുന്നു ആദ്യം സെയ്തലവി പറഞ്ഞത്. എന്നാല്‍, ഇതു തള്ളിയാണ് അദേഹം തന്നെ പുതിയ വീഡിയോ ഇറക്കിയത്.
തനിക്ക് തെറ്റ് പറ്റിയെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത പരന്നതോടെ അത് ഏറ്റുപറയാനുള്ള മാനസികാവസ്ഥ നഷ്ടപ്പെട്ടു. എല്ലാത്തിനും ക്ഷമചോദിക്കുന്നുവെന്നും കൂട്ടുകാര്‍ക്കും മറ്റ് എല്ലാവര്ക്കുമുണ്ടായ ബുദ്ധിമുട്ടുകളില്‍ വേദനയുണ്ടെന്നും സെയ്തലവി വീഡിയോയില്‍ പറഞ്ഞു. ശരിക്കും തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലന് എന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് 12 കോടിയുടെ ലോട്ടറി അടിച്ചത്. ഇതോടെയാണ് സെയ്തലവി ഉന്നയിച്ച അവകാശവാദം പൊളിഞ്ഞത്.
അബുഹായിലില്‍ മലയാളിയുടെ റസ്റ്ററന്റിലെ അടുക്കളയില്‍ ജോലി ചെയ്യുന്ന വയനാട് പനമരം സ്വദേശി സൈതലവി (45)യാണ് ടിക്കറ്റ് അടിച്ചത് തനിക്കാണെന്ന അവകാശവാദം ആദ്യം ഉന്നയിച്ചത്. 12 കോടിയുടെ ഭാഗ്യമുള്ള ടിക്കറ്റിന്റെ ഏജന്റ് കൊല്ലം കോട്ടമുക്കു തേവര് ഇല്ലത്തു മുരുകേഷ് തേവര് ആണെന്നു ആദ്യം കണ്ടെത്തിയെങ്കിലും ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താനായിരുന്നില്ല.
കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഭാഗ്യക്കുറി സബ് ഓഫിസില്‍ നിന്നു തൃപ്പൂണിത്തുറ സ്റ്റാച്യുകിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീസ് ഏജന്‍സിയില്‍ വില്പനയ്ക്കായി കൊണ്ടുപോയ ടിക്കറ്റാണിത്. കൗണ്ടറില്‍ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇതു വിറ്റുപോയതെന്ന് തൃപ്പൂണിത്തുറയിലെ ലോട്ടറി ഏജന്‍സിയിലെ ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നു. സെയ്തലവിയുടെ നുണ പൊളിഞ്ഞത് മരട് സ്വദേശി ജയപാലന് സമ്മാനാര്‍ഹമായ ടിക്കറ്റ് കാനറാ ബാങ്കില്‍ നല്‍കിയതോടെയാണ്. ഇതിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ മുറുകുന്നതിനിടെയാണ് താന്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന് വെളിപ്പെടുത്തി സെയ്തലവി വീണ്ടും രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: