ന്യൂദല്‍ഹി: ഇന്ത്യ കശ്മീരില്‍ മനുഷ്യരെ കൂട്ടക്കുരുതി നടത്തുന്നുവെന്ന് തെളിയിക്കാന്‍ കത്തിക്കരിഞ്ഞ ശരീരത്തിന്റെ വ്യാജചിത്രങ്ങള്‍ ഉപയോഗിച്ച് പാകിസ്ഥാന്റെ കള്ളരേഖ. ഈ വാജ്യരേഖകള്‍ ഇസ്ലാമബാദില്‍ പാകിസ്ഥാന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൊയീദ് യൂസഫ്, വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി, മനുഷ്യാവകാശ മന്ത്രി ഷിറീന് മസാരി എന്നിവര്‍ ചേര്‍ന്നാണ് പുറത്ത് വിട്ടത്. 153 പേജുള്ള കശ്മീരിനെക്കുറിച്ചുള്ള ഈ ഇന്ത്യാ വിരുദ്ധ രേഖകളില്‍ മുഴുവന്‍ കശ്മീരില്‍ ഇന്ത്യന്‍ പട്ടാളം കൂട്ടക്കുരുതി നടത്തുന്നു എന്ന് സ്ഥാപിക്കുന്ന വ്യാജവിവരണങ്ങളും ചിത്രങ്ങളുമാണ്.
1930ല്‍ നാസി ജര്‍മ്മനിയില്‍ നടന്ന അതേ കാര്യങ്ങളാണ് ഹിന്ദുത്വ ഇന്ത്യയില്‍ നടക്കുന്നതെന്ന് പിന്നീട് ഈ രേഖകള്‍ ചൂണ്ടിക്കാട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൊയീദ് യൂസഫ് ട്വിറ്ററില്‍ കുറിച്ചു.
2017 ജൂലായ് 4ന് പുല്‍വാമയില്‍ ജെഹാംഗീര്‍ ഖാന്‍ഡേ എന്ന വ്യക്തിയെ ഇന്ത്യന്‍ പട്ടാലം കൊന്നുവെന്നാണ് പാകിസ്ഥാന് ഈ രേഖയില്‍ അവകാശപ്പെടുന്നത്. കത്തിക്കരിഞ്ഞ ശരീരത്തിന്റെ ചിത്രം കാട്ടി ഇന്ത്യന്‍ പട്ടാളം രാസായുധം പ്രയോഗിക്കുന്നുണ്ടെന്നും പാകിസ്ഥാന് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഈ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ മൃതദേഹം ഇന്റര്‍നെറ്റില്‍ 2017ന് മുന്‍പ് തന്നെ പല തവണ ഉപയോഗിക്കപ്പെട്ടതാണെന്ന് ഈ ചിത്രം വിശകലനത്തിന് വിധേയമാക്കിയപ്പോള്‍ (ഫാക്ട് ചെക്ക് നടത്തിയപ്പോള്‍) തെളിഞ്ഞിരിക്കുകയാണ്. ഇതോടെ പാകിസ്ഥാന്റെ ‘കശ്മീരിലെ ഇന്ത്യന്‍ പട്ടാളത്തിന്റെ കൂട്ടക്കുരുതി’ എന്ന കള്ളം പൊളിഞ്ഞു. 2011ല്‍ ഒരു ഇന്റര്‍നെറ്റ് ഫോറത്തില്‍ ഇതേ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. അന്ന് കുര്‍ദ്ദുകള്‍ക്കെതിരായ തുര്‍ക്കി പട്ടാളത്തിന്റെ അതിക്രമത്തിന്റെ ഉദാഹരണമായാണ് ഈ ചിത്രം ഒരു ഇന്റര്‍നെറ്റ് ഉപയോക്താവ് ഫോറത്തില്‍ പങ്കുവെച്ചത്. പിന്നീട് ഇതേ ചിത്രം 2013ലും ഉപയോഗിച്ചു. മറ്റൊരു ഫോറത്തില്‍ കുര്‍ദ്ദുകള്‍ക്കെതിരായ തുര്‍ക്കി പട്ടാളത്തിന്റെ അതിക്രമത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടാനാണ് ഈ ചിത്രം വീണ്ടും ഉപയോഗിച്ചിരിക്കുന്നത്.
153 പേജുള്ള പാകിസ്ഥാന്റെ രേഖകളില്‍ പുല്‍വാമയില്‍ ഇന്ത്യന്‍ പട്ടാളം കൊന്നവര്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദസംഘടനയില്‍പ്പെട്ടവരാണെന്ന് എവിടെയും സൂചിപ്പിച്ചിട്ടുമില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ച സംഘടനയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍. വിദേശ തീവ്രവാദസംഘടനയെന്ന് അമേരിക്കയും മുദ്രകുത്തിയിട്ടുള്ള സംഘടനയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍.
ഈ പാകിസ്ഥാനിലെ വിദേശകാര്യമന്ത്രാലയം പങ്കുവെച്ചിട്ടുള്ള ഈ പാക് രേഖ ഇപ്പോള്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വഴി ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: