തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ സെല്ലില്‍ നിന്ന് മൊബൈല്‍ഫോണും കഞ്ചാവും പിടികൂടിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത. തുടര്‍ച്ചയായി ജയിലില്‍ ഫോണും കഞ്ചാവും പിടികൂടിയത് നാണക്കേടായ സാഹചര്യത്തിലാണ് നടപടിക്കൊരുങ്ങുന്നത്.
ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി വന്നേക്കും. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് എസ്.പി.യെ ചുമതലപ്പെടുത്തിയിരുന്നു. പ്രാഥമികാന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വകുപ്പുതല നടപടി ഉണ്ടാവുക. സസ്പെന്‍ഷനും സ്ഥലം മാറ്റവുമുള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ക്കാണ് സാധ്യത.
ടി.പി.ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടിസുനിയുടേയും അയ്യന്തോള്‍ ഫഌറ്റ് കൊലക്കേസ് പ്രതി റഷീദിന്റെയും സെല്ലുകളില്‍ നിന്നാണ് മൊബൈല്‍ ഫോണും കഞ്ചാവും കണ്ടെടുത്തത്. റഷീദിനെ പൂജപ്പുര ജയിലിലേക്കും കൊടി സുനിയെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്കും മാറ്റുകയും ചെയ്തിരുന്നു. ജയിലിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പരാതി വ്യാപകമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ജയില്‍ ഡിജിപി നേരിട്ട് ഷേക്ക് ദര്‍വേഷ് സാഹിബ് പരിശോധനക്ക് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: