തിരുവല്ല: എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം വരുമ്പോള്‍ പെരിയാര്‍ കടുവാ സങ്കേതത്തിനുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ നിന്ന് മറച്ചുവച്ചതില്‍ ദുരൂഹത. നിര്‍ദിഷ്ട വിമാനത്താവളത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ആകാശ ദൂരം മാത്രമാണ് പെരിയാര്‍ കടുവാ സങ്കേതത്തിലേക്കുള്ളത്. രാജ്യത്തെ 50 കടുവാ സങ്കേതങ്ങളില്‍ ഏറ്റവും മികച്ചതായി മുന്‍ വര്‍ഷം തെരഞ്ഞെടുത്ത ഇവിടെ കടുവകളുടെ വംശ വര്ധനയ്ക്കുതകുന്ന എല്ലാ ജൈവ വൈവിധ്യങ്ങളുമുണ്ട്. ഈ സങ്കേതത്തിന് വിമാനത്താവളം ഭീഷണിയാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ജെറ്റ് ബൂമിനെ (വിമാനം ശബ്ദത്തെക്കാള്‍ കൂടിയ വേഗത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം) തുടര്‍ന്നുണ്ടാകുന്ന വലിയ ശബ്ദമാണ് വന്യജീവികള്‍ക്ക് കൂടുതല്‍ ഭീഷണിയാകുന്നത്. നിശ്ചിത പരിധിയില്‍ കൂടുതലുള്ള ശബ്ദം അവയുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഇതൊന്നും സാധ്യതാ പഠനത്തിന് ചുമതലപ്പെടുത്തിയ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ലൂയീസ് ബര്‍ഗ് കണക്കിലെടുത്തില്ല.
കഴിഞ്ഞ വര്‍ഷം പെരിയാര്‍ കടുവാ സങ്കേതത്തില്‍ 45 കടുവകളുടെയും 25 പുലികളുടെയും എഴുന്നൂറോളം ആനകളുടെയും സാന്നിധ്യമാണ് കണ്ടെത്തിയത്. 925 ചതുരശ്ര കിലോമീറ്ററുള്ള സങ്കേതത്തില്‍ അറുപതോളം വര്‍ഗത്തില്‍പ്പെട്ട സസ്തനികളുമുണ്ട്. ഈ വര്‍ഷത്തെ കടുവകളുടെ കണക്കെടുപ്പ് തുടരുകയാണ്. വന്യജീവികളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ പെരിയാര്‍ കടുവാ സങ്കേതത്തെപ്പറ്റി സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലാത്തത് അദ്ഭുതപ്പെടുത്തുന്നതാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
ചെറുവള്ളി എസ്റ്റേറ്റിലും അപൂര്‍വ്വ ജന്തു, സസ്യജാലങ്ങളുണ്ട്. ഇതില്‍ വനഭൂമി തന്നെ 1500 ഏക്കറുണ്ട്. ഈ ഭൂമിയെല്ലാം ഹാരിസണ്‍ കൈയേറുകയായിരുന്നു. നിലവില്‍ എസ്റ്റേറ്റ് ഭൂമിയും വനഭൂമിയും കൂടിക്കിടക്കുകയാണ്. വിമാനത്താവളം വരുന്നതോടെ അവിടത്തെ ജീവികളുടെ ആവാസ വ്യവസ്ഥ തകിടം മറിയും. പെരിയാര്‍ കടുവ സങ്കേതത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: