ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം തള്ളി സാര്‍ക്ക് യോഗം റദ്ദാക്കി. ഈ മാസം 25ന് ന്യൂയോര്‍ക്കില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് റദ്ദാക്കിയത്.
യോഗത്തില്‍ അഫ്ഗാനിസ്ഥാനെ പങ്കെടുപ്പിക്കണമെന്ന ആവശ്യം ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് അംഗ രാഷ്‌ട്രങ്ങള്‍ എതിര്‍ത്തു. നിര്‍ദ്ദേശത്തില്‍ അഭിപ്രായ ഐക്യം ഇല്ലാത്തതിനെ തുടര്‍ന്നാണ് യോഗ ഉപേക്ഷിച്ചത്. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിലെ പല മന്ത്രിമാരും യുഎന്‍ കരിമ്പട്ടികയില്‍ ഉള്ളവര്‍ ആയതിനാലാണ് ലോകരാഷ്‌ട്രങ്ങള്‍ പാക് നിര്‍ദ്ദേശത്തെ എതിര്‍ത്തത്. മറ്റ് രാജ്യങ്ങള്‍ പാക്കിസ്ഥാന്റെ ആവശ്യം സമ്മതിക്കാതെ വന്നതോടെ അംഗരാജ്യങ്ങളുടെ സമ്മതക്കുറവ് മൂലം യോഗം റദ്ദാക്കിയതായി നേപ്പാള്‍ വിദേശകാര്യ മന്ത്രി അറിയിച്ചു.
അഫ്ഗാനില്‍ ഭീകരാക്രമണം നടത്തി ഭരണം കയ്യേറിയ താലിബാനെ മിക്ക രാജ്യങ്ങളും ഇനിയും അംഗീകരിച്ചിട്ടില്ല. പാക് ചാരസംഘടനയുടെ സഹായത്തോടെയാണ് താലിബാന്‍ രാജ്യത്ത് അധികാരം പിടിച്ചെടുത്തത് എന്നത് സംബന്ധിച്ചും തെളിവുകള്‍ ലഭിച്ചിരുന്നു. ഭരണത്തിലൂടെ ആഗോളതലത്തില്‍ ഭീകരത വളര്‍ത്താനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണ് ലോകരാജ്യങ്ങള്‍ താലിബാനെ എതിര്‍ക്കുന്നത്
ദക്ഷിണേഷ്യയിലെ എട്ട് രാജ്യങ്ങളുടെ കൂട്ടായ്മയാണ് സാര്‍ക്ക്. ഇന്ത്യ, ഭൂട്ടാന്‍, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നവയാണ് സാര്‍ക്കിലെ അംഗരാജ്യങ്ങള്‍. സാര്‍ക്ക് സമ്മേളനത്തില്‍ അഫ്ഗാന്‍ പ്രതിനിധിയുടെ കസേര ഒഴിച്ചിടണമെന്നാണ് ഭൂരിഭാഗം അംഗരാജ്യങ്ങളും ആവശ്യപ്പെട്ടത്. എന്നാല്‍ പാക്കിസ്ഥാന്‍ ഇതിനോട് യോജിച്ചില്ല. പകരം താലിബാന്‍ സര്‍ക്കാരിന്റെ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെയ്‌ക്കുകയായിരുന്നു. അംഗരാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവച്ചതെന്ന് സാര്‍ക്ക് സെക്രട്ടേറിയറ്റ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: