വിളപ്പില്‍(തിരുവനന്തപുരം): ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ പേരില്‍ പ്രഖ്യാപിച്ചത് വലിയ പദ്ധതികള്‍. ഒരുതുണ്ട് ഭൂമി വാങ്ങാതെ നടത്തുന്ന തെരഞ്ഞെടുപ്പ് ഗിമ്മിക്കാണിതെന്ന പഴയ ആരോപണം ശരിവയ്ക്കുകയാണ് ഇപ്പോഴത്തെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍.
ആയിരം കോടി ചെലവില്‍ നൂറ് ഏക്കറോളം വരുന്ന ഭൂമിയില്‍ സര്‍വ്വകലാശാലയുടെ ആസ്ഥാനമന്ദിരം വരുന്നുവെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി 39.61 ഹെക്ടര്‍ ഭൂമിയുടെ ആധാരങ്ങളും വാങ്ങിയെടുത്തു. ഇവര്‍ക്ക് വസ്തുവിന് പൊന്നും വിലയായി നിശ്ചയിച്ചു 352 കോടിയില്‍ 106 കോടിയും അനുവദിച്ചു. വസ്തു ഉടമകള്‍ ആധാരങ്ങളും രേഖകളും ഒരു രൂപ വാങ്ങാതെ സര്‍ക്കാരിന് നല്കി. 50 ഏക്കര്‍ ഭൂമി മതിയെന്ന തീരുമാനം വന്നതോടെയാണ് ചതി പുറത്തറിയുന്നത്.
മൂന്ന് ഘട്ടമായി നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, അക്കാദമിക്ക് ബ്ലോക്ക്, ചുറ്റുമതില്‍, പ്രവേശന കവാടങ്ങള്‍, അനുബന്ധ റോഡുകള്‍ എന്നിവ ആദ്യഘട്ടം. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റ് ബ്ലോക്കുകള്‍, ലൈബ്രറി ബ്ലോക്ക്, ലബോറട്ടറി കെട്ടിടങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍, സ്റ്റഡി തീയേറ്ററുകള്‍, ടെക്നോളജി പാര്‍ക്ക്, ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഹോസ്റ്റല്‍, ഇന്‍ഡോര്‍ ഔട്ട്ഡോര്‍ സ്റ്റേഡിയം തുടങ്ങി പ്രഖ്യാപനങ്ങള്‍ ഒരുപാടുണ്ടായി. എല്ലാത്തിനും ആദ്യം ആവശ്യമെന്ന ഭൂമി വാങ്ങല്‍ മാത്രം ഇവര്‍ മറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: