മോസ്കോ: റഷ്യയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വ്ളാദിമിര്‍ പുടിന്റെ പാര്‍ട്ടിക്ക് ജയം. യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് 50 ശതമാനത്തിനടുത്ത് വോട്ട് ലഭിച്ചു. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 54 ശമതാനം വോട്ടുകള്‍ പുടിന്റെ പാര്‍ട്ടി നേടിയിരുന്നു.
വോട്ടെടുപ്പില്‍ കൃത്രിമം കാണിച്ചെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം റഷ്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. അതേ സമയം രണ്ടാം സ്ഥാനത്തുള്ള റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വെറും 19 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അവരുടെ വോട്ടിംഗ് ശതമാനത്തില്‍ ആറ് ശതമാനം വര്‍ധനയുണ്ടായി.
50 ശതമാനം വോട്ടുകള്‍ നേടുന്നതോടെ റഷ്യയുടെ പാര്‍ലമെന്റായ ഡ്യൂമയില്‍ ആകെയുള്ള 450 സീറ്റുകളില്‍ മൂന്നില്‍ രണ്ട് ശതമാനം യൂണൈറ്റഡ് റഷ്യയ്ക്കായിരിക്കും. അന്തിമ തെരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് റഷ്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മേധാവി എല്ല പാംഫിലോവ പറഞ്ഞു.
ജീവിതനിലവാരത്തിലുള്ള ആശങ്കകളും ജയിലില്‍ കഴിയുന്ന പുടിന്റെ പ്രധാന വിമര്‍ശകനായ അലക്സി നവല്‍നി ഉയര്‍ത്തിയ അഴിമതിയാരോപണങ്ങളും പുടിന്റെ ജനപിന്തുണയില്‍ ചെറുതായി ഉലച്ചിലുണ്ടാക്കി. വോട്ടിംഗ് ശതമാനത്തില്‍ നാല് ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്
യുണൈറ്റഡ് റഷ്യ പ്രധാനപാര്ട്ടിയാണെന്ന കാര്യം ഉറപ്പിച്ചെന്ന് ജനങ്ങളോട് നന്ദി പറഞ്ഞുകൊണ്ടുള്ള അഭിസംബോധനയില്‍ പുടിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: