നെടുമങ്ങാട്: ചിരിപ്പിക്കാന്‍ മാത്രമല്ല ചിന്തിപ്പിക്കാനും വര്‍ണങ്ങളുടെ വിസ്മയങ്ങള്‍ തീര്‍ക്കാനും തങ്ങള്‍ക്കറിയാമെന്ന് തെളിയിക്കുകയാണ് മിമിക്രി താരങ്ങളായ യുവാക്കള്‍. കല ഏതാണെങ്കിലും തങ്ങളുടെ കൈകളില്‍ സുരക്ഷിതമാണെന്ന് താരങ്ങള്‍.
കൊവിഡ് മഹാമാരിക്കുശേഷം സ്കൂള്‍തുറക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചതോടെ സ്കൂളിലെത്തുന്ന കുട്ടികളെ വരവേല്‍ക്കാന്‍ ക്ലാസ് മുറികള്‍ ഒരുക്കുന്നതിന്റെ ഭാഗമായി പനയ്ക്കോട് വി.കെ. കാണി ഗവ. സ്കൂളിലെ ക്ലാസ് മുറിയിലാണ് യുവ മിമിക്രി കലാകാരന്മാരുടെ കരവിരുത് പ്രകടമായത്. മിമിക്രി താരവും സംവിധായകനും സ്ക്രിപ്റ്റ് റൈറ്ററുമായ നെടുമങ്ങാട് പനയ്ക്കോട് സ്വദേശി സിനു സാഗറും മിമിക്രി താരവും ആര്‍ട്ടിസ്റ്റുമായ നെടുമങ്ങാട് ജിജുവും ആണ് തങ്ങളുടെ കരവിരുത് തെളിയിച്ചിരിക്കുന്നത്. ചിരിപ്പിച്ചാലും വരച്ചാലും ജീവനോപാധിക്കുവേണ്ടി മാറി ചവിട്ടുന്ന കളം കലയ്ക്ക് തടസമാകില്ലെന്ന് ഇവരുടെ പക്ഷം.
ഒരുകാലത്ത് മറ്റുള്ളവരെ ചിരിപ്പിച്ചു ജീവിച്ച ഇവര്‍ കഷ്ടതകള്‍ നിറഞ്ഞ ജീവിതത്തില്‍ സ്വയം ചിരിക്കാറില്ലെന്നും അതിനുള്ള അവസരം പലപ്പോഴും നഷ്ടമാകുന്നുവെന്നും ഇവര്‍ പറയുന്നു. കൊവിഡ് കാലം തകര്‍ത്തെറിഞ്ഞ കലാജീവിതത്തില്‍, ഒറ്റപ്പെട്ടുപോയ ഈ കലാകാരന്മാര്ക്ക് ആശ്വാസം നല്‍കുന്നതാണ് സ്കൂളിലെ ചിത്രരചനകള്‍. ആഘോഷപരിപാടികള്‍ അന്യം നിന്നുപോയ ഈ കാലഘട്ടത്തില്‍ മിമിക്രി കല കൊണ്ട് കുടുംബ ബാധ്യതകള്‍ തള്ളിനീക്കാന്‍ കൊവിഡ് മഹാമാരി വളരെ ബുദ്ധിമുട്ടിച്ചു. ഉപജീവനത്തിനായി തങ്ങള്‍ക്ക് വഴങ്ങുന്ന കലയായ ചിത്രരചനയിലേക്ക് തിരിഞ്ഞു. കേരളം അറിയപ്പെടുന്ന പല മികച്ച കലാകാരന്മാരും വീടുവീടാന്തരം ഉണക്ക മീന്‍ വിറ്റും പച്ചക്കറി വിറ്റും പെയിന്റ് പണിക്ക് പോയുമാണ് മഹാമാരിവന്നപ്പോള്‍ കുടുംബം പോറ്റാന്‍ കഷ്ടപ്പെടുന്നത്.
തിരുവനന്തപുരം മാജിക് പ്ലാനറ്റില്‍ ജോലിചെയ്തിരുന്ന സിനു സാഗറിന് കൊവിഡ് കാലഘട്ടത്തില്‍ ടൂറിസംമേഖല അടച്ചതോടെ ആ വരുമാനവും നിലച്ചു. സ്കൂളുകളില്‍ താത്കാലിക ജീവനക്കാരനായി ജോലി ചെയ്യുന്ന ജിജുവിനും വരുമാനം നിലച്ചു. ഓണ്‍ലൈന്‍വഴി നല്കുന്ന ചിത്രരചനപരിശീലനത്തില് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിതം. പഴയതുപോലെ ഉത്സവങ്ങളും ആഘോഷപരിപാടികളും തിരികെ വന്നാല്‍ മാത്രമേ മറ്റുള്ളവരെ പോലെ സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ സാധിക്കൂവെന്ന് ഇവര്‍ പറയുന്നു. ഇതുപോലെ ആയിരക്കണക്കിന് ബാലെ, നാടക, ഗാനമേള, മിമിക്രി, ലൈറ്റ് ആന്‍ഡ് സൗണ്ട് കലാകാരന്മാര് എല്ലാവരും യാതനകള്‍ അനുഭവിക്കുകയാണ്. സര്‍ക്കാരിന്റെ കാരുണ്യം ലഭിക്കുമെന്ന പ്രാര്‍ഥനയോടെ ചുമരുകളില്‍ വര്‍ണങ്ങള്‍ വിതറുകയാണ് ഈ കലാകാരന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: