തിരുവനന്തപുരം: വിവാഹത്തിന്റെ പേരില്‍ മതംമാറ്റി തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടു വരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന് ആവശ്യപ്പെട്ടു. പ്രണയ വിവാഹത്തിന് ബിജെപി എതിരല്ലെന്നും മതപരിവര്‍ത്തനത്തിന് വേണ്ടിയുള്ള പ്രണയത്തെയാണ് ബിജെപി എതിര്‍ക്കുന്നതെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സിറിയയിലേക്കും അഫ്ഗാനിലേക്കുമെല്ലാം പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുന്നത് പ്രണയം നടിച്ച് മതംമാറ്റിയാണ്. മതപരിവര്‍ത്തനങ്ങള്‍ ഇസ്ലാമിലേക്കല്ല ഭീകരതയിലേക്കാണ്. നിയമനിര്‍മ്മാണത്തിലൂടെ മാത്രമേ ലൗജിഹാദ് ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. ലൗജിഹാദ് എന്ന പദം നിര്‍വചിച്ചിട്ടില്ലെന്ന് പറയുന്നവര്‍ ഭരണഘടനയില്‍ മതം പോലും നിര്‍വചിക്കപ്പെട്ടിട്ടില്ലെന്ന് മറക്കരുത്. ലൗജിഹാദ് എന്ന ആക്ടിവിറ്റി തടയാന്‍ യുപി,മധ്യപ്രദേശ്,കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ചെയ്തതിന് സമാനമായ നിയമം കൊണ്ടുവരണം. എന്നാല്‍ മാത്രമേ സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ച കുറയുകയുള്ളൂ. അല്ലാതെ നടക്കുന്ന ചര്‍ച്ചകളെല്ലാം ഉപരിപ്ലവകരമായിരിക്കും. പാലാ ബിഷപ് അഭിപ്രായമേ പറയാന്‍ പാടില്ലെന്ന രീതിയിലുള്ള നിലപാട് കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങള്‍ പറഞ്ഞതു കൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചത്.
സിനിമാതാരം സുശാന്ത് സിംഗിന്റെ മരണത്തിന് ശേഷം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെല്ലാം മയക്കുമരുന്നിനെതിരെ ശക്തമായ നിലപാടെടുത്തപ്പോള്‍ കേരളം നിസംഗമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ജോര്‍ജ് കുര്യന് പറഞ്ഞു. രാജ്യത്തെ തകര്‍ക്കാനും ഭീകരവാദത്തിന് പണം കണ്ടെത്താനും റിക്രൂട്ട്മെന്റ് നടത്താനും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. ഭരണകക്ഷിയിലെ പ്രധാന നേതാവിന്റെ മകന് മയക്കുമരുന്ന് കേസില്‍ ജയിലിലാണ്. ഇവിടെ മയക്കുമരുന്ന് മാഫിയക്കെതിരെ കൂടുതല്‍ അന്വേഷണം നടന്നാല്‍ നേതാവിന്റെ മകനെതിരെ കൂടുതല്‍ തെളിവ് പുറത്ത് വരുമോ എന്ന ഭയമാണ് സര്‍ക്കാരിനുള്ളത്. മറ്റു സംസ്ഥാനങ്ങളിലൊക്കെ മുഖം നോക്കാതെ നടപടികള്‍ നടക്കുമ്പോള്‍ കേരളത്തില്‍ മയക്കുമരുന്ന് മാഫിയക്ക് ഭരണകക്ഷിയുമായി ബന്ധമുള്ളതു കൊണ്ടാണ് സര്‍ക്കാര്‍ മിണ്ടാതിരിക്കുന്നതെന്നും ജോര്‍ജ് കുര്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: