ഗാന്ധിനഗർ: ഇറാനില്‍ നിന്നും കടല്‍മാര്‍ഗ്ഗം ഗുജറാത്തിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കമരുന്ന് ശേഖരം മൂന്ന് ടണ്ണോളം വരുന്ന ഹെറോയിന്‍. മുഖത്ത് പൂശാനുള്ള പൗഡര്‍ എന്ന നിലയിലാണ് മയക്കമരുന്ന് പാക്ക് ചെയ്തിരുന്നത്. ഇതിന് അന്താരാഷ്‌ട്ര വിപണിയില്‍ 21000 കോടി രൂപ വിലവരും. രണ്ട് ബോട്ടുകളിലായാണ് ഹെറോയിന്‍ കടത്തിയത്.
തീവ്രവാദ വിരുദ്ധ സേനയും കോസ്റ്റൽ ഗാർഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഗുജറാത്തിലെ മുണ്ഡ്ര തുറമുഖത്ത് മയക്കമരുന്ന് നിറച്ച രണ്ട് ബോട്ടുകള്‍ പിടിച്ചത്. ബോട്ടില്‍ നിന്നും ഏഴ് പേരെ പിടികൂടി. ഏഴ് പേരും ഇറാന്‍ സ്വദേശികളാണ്. മയക്കമരുന്ന് ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും വന്നതാണെന്ന് പറയുന്നു.
3000 കിലോ തൂക്കം വരുന്ന ഹെറോയിനാണ് ബോട്ടില്‍ നിന്നും കണ്ടെടുത്തത്. രഹസ്യപ്പൊലീസിന്റെ വിവരമനുസരിച്ച് സമുദ്ര മാർഗം ഗുജറാത്തിലേക്ക് മയക്കുമരുന്ന് കടത്തിയ ഇറാനില്‍ നിന്നുള്ള ബോട്ട് പിടികൂടിയതായി പ്രതിരോധസേനയുടെ പിആര്‍ഒ പറഞ്ഞു. കടല്‍മാര്‍ഗ്ഗം ഹെറോയിന്‍ കടത്താനുള്ള ഗൂഢപദ്ധതിയെക്കുറിച്ച് രഹസ്യപ്പൊലീസ് വിവരം നല്‍കിയിരുന്നതായി ഗുജറാത്ത് ഡിഐജി ഹിമാൻഷു ശുക്ല പറഞ്ഞു.
ബോട്ടില്‍ നിന്നും പിടികൂടിയ ഇറാന്‍ സ്വദേശികളായ ഏഴംഗ സംഘത്തെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് റവന്യൂ ഇന്‍റലിജന്‍സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അഹമ്മദാബാദ്, ദല്‍ഹി, ചെന്നൈ, ഗാന്ധിധാം, മാണ്ഡ്വി എന്നീ നഗരങ്ങളില്‍ തെരച്ചില്‍ നടത്തി. വിജയവാഡയില്‍ നിന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ നിന്നും വൈശാലി എന്ന പേരുള്ള യുവതിയെയും പിടികൂടി. ഇവരെ ഗുജറാത്തിലെ കച്ചില്‍ അന്വേഷണത്തിനായി കൊണ്ടുപോകും. ഈ സ്ത്രീ വിദേശവ്യാപാര ഡയറക്ടര്‍ ജനറലില്‍ നിന്നും ഇറക്കുമതി-കയറ്റുമതി ലൈസന്‍സ് എടുത്തിട്ടുണ്ട്. ഈ ലൈസന്‍സ് ഉപയോഗിച്ചാണ് പൗഡര്‍ എന്ന നിലവയില്‍ ഹെറോയിന്‍ കടത്തുന്നത്. ഒരു ഉദ്യോഗസ്ഥന്‍ ഹെറോയിന്റെ സാമ്പിള്‍ പരിശോധനയ്‌ക്കായി ദല്‍ഹിയില്‍ കൊണ്ടുപോയിട്ടുണ്ട്. ഇതിന്റെ പരിശുദ്ധി എത്രത്തോളമെന്നറിയാനാണിത്. പിടികൂടിയ ഹെറോയിന് കിലോയ്‌ക്ക് ഏഴ് കോടി വിലവരും.
കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ ഹെറോയിന്‍ നിറച്ച രണ്ട് ബോട്ടുകള്‍ പിടികൂടിയിരുന്നു. ഇറാനില്‍ നിന്നും മറ്റൊരു ബോട്ടും പിടിച്ചെടുത്ത് പോര്‍ബന്തറില്‍ കൊണ്ടുവന്നിട്ടുണ്ട്. ഈ കടത്തിന് പിന്നില്‍ തീവ്രവാദ ആക്രമണശ്രമമുണ്ടോ എന്നും ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സേന പരിശോധിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ അസ്ഥിരത മൂലമാണോ ഇത്തരം മയക്കമരുന്ന് കടത്ത് പിടിക്കപ്പെടുന്നതെന്ന് കരുതുന്നു. ഇത്തരം മയക്കമരുന്ന് കടത്തില്‍ നിന്നുള്ള പണം അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ഉയര്‍ച്ചയ്‌ക്ക് വേണ്ടിയാണോ ഉപയോഗപ്പെടുത്തുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.
സേന ഇറാന്‍ സ്വദേശികളായ ഏഴംഗ സംഘത്തെ ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കടല്‍മാര്‍ഗ്ഗം ഗുജറാത്തിലേക്ക് പാകിസ്ഥാനില്‍ നിന്നും ഇറാനില്‍ നിന്നും മയക്കമരുന്ന് കടത്തുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജനവരിയില്‍ പാകിസ്ഥാനില്‍ നിന്നും കടല്‍മാര്‍ഗ്ഗം 175 കോടിയുടെ മയക്കമരുന്ന് ഗുജറാത്തിലേക്ക് കടത്താന്‍ ശ്രമിച്ച ബോട്ട് പിടികൂടിയിരുന്നു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: