തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ സ്ഥാപിക്കുന്ന ഡോ. എ.പി.ജെ. അബ്ദുള്‍കലാം ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയ്‌ക്ക് ഭൂമി വിട്ടുനല്‍കി കാത്തിരുന്ന കുറെ പാവങ്ങള്‍ ആത്മഹത്യയുടെ വക്കില്‍. 126 പേരില്‍ നിന്നായി നൂറ് ഏക്കര്‍ ഭൂമിയാണ് ഒരു വര്‍ഷം മുമ്പ് സര്‍വ്വകലാശാലയ്‌ക്ക് ആസ്ഥാനവും കാമ്പസും നിര്‍മിക്കാന്‍ വിളപ്പില്‍ പഞ്ചായത്തിലെ ചൊവ്വള്ളൂര്‍, കണികാണുംപാറ പ്രദേശങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ ഇപ്പോള്‍ 50 ഏക്കര്‍ ഭൂമി മതിയെന്ന തീരുമാനത്തിലാണ് അധികൃതര്‍.
സാമ്പത്തികപ്രതിസന്ധിയാണ് കാരണമായി പറയുന്നത്. ഇതോടെ ശേഷിക്കുന്ന അമ്പതേക്കര്‍ ഭൂമി വിട്ടുനല്‍കിയവര്‍ പ്രതിസന്ധിയിലായി. 39.61 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ 2019 ല്‍ 100 കോടിയും 2020ല്‍ 6 കോടിയും റവന്യു വകുപ്പിന് കൈമാറിയിരുന്നു. ഏറ്റെടുത്ത നൂറേക്കര്‍ ഭൂമിക്ക് 352 കോടിയാണ് വില നിശ്ചയിച്ചിരുന്നത്.
2017 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിളപ്പില്‍ശാലയില്‍ സാങ്കേതിക സര്‍വ്വകലാശാലയ്‌ക്ക് ആസ്ഥാനം പണിയാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഐ.ബി.സതീഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഭൂമി കണ്ടെത്തി. ഭൂവുടമകളില്‍ നിന്ന് ആധാരങ്ങളും അനുബന്ധ രേഖകളും 2020ല്‍ സര്‍വ്വകലാശാല അധികൃതര്‍ക്ക് കൈമാറി. 2020 മാര്‍ച്ചില്‍ മുഖ്യമന്ത്രി ശിലാസ്ഥാപനവും നടത്തി. ഏറ്റെടുത്ത ഭൂമിക്ക് ഉടന്‍ പണം ലഭിക്കുമെന്ന കാത്തിരിപ്പിലായിരുന്നു വസ്തു വിട്ടുനല്‍കിയവര്‍.
സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന പണം പ്രതീക്ഷിച്ച് പെണ്‍മക്കളുടെ വിവാഹം നിശ്ചയിച്ചവര്‍, പകരം വസ്തു വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയവര്‍, കെട്ടുതാലി പണയപ്പെടുത്തി ബാങ്ക് വായ്പ അടച്ചുതീര്‍ത്തവര്‍, ആദായം കിട്ടിയിരുന്ന റബ്ബറും ഫലവൃക്ഷങ്ങളും മുറിച്ചുമാറ്റിയവരുമൊക്കെ ആത്മഹത്യയുടെ വക്കിലാണിപ്പോള്‍. ആധാരമുള്‍പ്പടെ സകല രേഖകളും സര്‍ക്കാരിന്റെ പക്കലായതിനാല്‍ ബാങ്ക് വായ്പയെടുക്കാനോ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി മറ്റാര്‍ക്കെങ്കിലും വില്‍ക്കാനോ കഴിയാത്ത സ്ഥിതിയിലാണ് ഈ പാവങ്ങള്‍.
അടച്ചുപൂട്ടിയ വിളപ്പില്‍ശാല ചവര്‍ ഫാക്ടറിക്ക് അരികിലെ 50 ഏക്കര്‍ ഭൂമി ഒന്നാം ഘട്ടത്തില്‍ ഏറ്റെടുത്ത് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം തുടങ്ങാനാണ് അധികൃതരുടെ ലക്ഷ്യമെന്ന് അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: