നമ്മളൊക്കെ സാധാരണ മനുഷ്യരാണ്. അതുകൊണ്ടുതന്നെ എല്ലാ സത്യങ്ങളും നമുക്ക് രസിക്കണമെന്നില്ല. അത്തരം രസിക്കാത്ത സത്യങ്ങളെ അവഗണിക്കുകയാണ് നാം ചെയ്യുക. പക്ഷേ ഐപിസിസി പറഞ്ഞ സത്യങ്ങള്‍ നമുക്ക് അവഗണിക്കാനാവില്ല. അവഗണിച്ചാല്‍ അത് ആത്മഹത്യയ്ക്കു സമമാകും. കാരണം നമ്മുടെ തകിടം മറിഞ്ഞ കാലാവസ്ഥ തന്നെ. ഭൂമണ്ഡലം നാശത്തിന്റെ വക്കിലാണിന്ന്. നമുക്ക് പോകാന്‍ ഇനി ഇടങ്ങളില്ല. അതിശക്തമായ ഉഷ്ണക്കാറ്റും കൊടും വരള്‍ച്ചയും മഹാപ്രളയവും അതിന്റെ മുന്നറിയിപ്പുകള്‍. കൃഷിനാശവും ഭക്ഷ്യക്ഷാമവും മഹാമാരിയും അതിനു പിന്നാലെയെത്തുന്നവര്‍. അതിനാല്‍ ഐപിസിസി പറയുന്നു-മനുഷ്യാ നീ കരുതലോടെ ജീവിക്കൂ. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.
ഗ്രീന്‍ഹൗസ് വാതകങ്ങള്‍ കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ ഐപിസിസി എണ്ണിയെണ്ണിപ്പറയുന്നു. പ്രത്യേകിച്ചും അക്കൂട്ടത്തിലെ വില്ലന്മാരായ മീതേന്‍, കാര്‍ബണ്‍ഡൈ ഓക്സൈഡ്, നൈട്രസ് ഓക്സൈഡ് എന്നിവരുടെ കാര്യം. പക്ഷേ ഈ ഭസ്മാസുരന്മാരെ പടച്ചുവിട്ടത് നമ്മളാണ്. ഫോസില്‍ ഇന്ധനങ്ങളായ കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയവ അമിതമായി ഉപയോഗിച്ചതിലൂടെ. ഈ വാതകങ്ങള്‍ ചേര്‍ന്ന് അന്തരീക്ഷത്തിലെത്തുന്ന സൂര്യതാപത്തെ കുടുക്കിയിടുന്നു. താപം പുറത്തേക്ക് പ്രതിഫലിച്ചു പോകുന്നത് തടയുന്നു. അങ്ങനെ ഭൂമി ഒരു ഗ്രീന്ഹൗസായി മാറുന്നു. അതിന്റെ ചൂട് കുതിച്ചുയരുന്നു.
ഇങ്ങനെ പോയാല്‍ ഭൂമി വാസയോഗ്യമല്ലാതാവുമെന്നാണ് ഐപിസിസിയുടെ മുന്നറിയിപ്പ്. അതിന് വേണ്ടത് ഇത്രമാത്രം. ഫോസില്‍ ഇന്ധന ഉപഭോഗം അടിയന്തരമായി കുറയ്ക്കുക. സുസ്ഥിര ഇന്ധനങ്ങളായ കാറ്റ്, സൂര്യന്, തിരമാല, ജലവൈദ്യുതി എന്നിവ പരമാവധി ഉപയോഗിക്കുക. ഭൂമിയുടെ വര്‍ധിച്ച ഊഷ്മാവ് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകാതെ കുറച്ചുകൊണ്ടുവരിക-ഐപിസിസി പറയുന്നു.
ഇതൊക്കെ പറയാന്‍ ഐപിസിസിയ്ക്ക് എന്താണ് അര്‍ഹത എന്നുകൂടി നാം അറിയണം. ‘ഇന്റര്‍ ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്’-അതാണ് ഐപിസിസി. ഐക്യരാഷ്ട്ര സഭയുടെ അനുബന്ധ സ്ഥാപനം. കാലാവസ്ഥാ പഠനരംഗത്തെ മഹാശാസ്ത്രജ്ഞരുടെ കൂട്ടായ്മ. 1988 ല്‍ ആരംഭിച്ച ഐപിസിസിയുടെ സ്ഥാപകന്‍ ബെര്‍ട്ട് ബോളിന് എന്ന സ്വീഡിഷ് കാലാവസ്ഥാ ശാസ്ത്രജ്ഞന്. സ്വീഡനിലെ സ്റ്റോക്ക് ഹോം സര്‍വകലാശാലയിലെ പ്രൊഫസര്‍. 1988 മുതല്‍ 1997 വരെ ഐപിസിസിയുടെ അധ്യക്ഷന്‍.
ലോകരാജ്യങ്ങളിലെ നയരൂപീകര്‍ത്താക്കള്‍ക്ക് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് സമഗ്രമായ വിവരം നല്‍കുകയാണ് ഐപിസിസിയുടെ ലക്ഷ്യം. വിവരം മാത്രമല്ല കാലാവസ്ഥാ മാറ്റം മൂലമുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും പരിഹാരമാര്‍ഗങ്ങളും ഈ സംഘടന പറഞ്ഞുകൊടുക്കും. 195 ലോകരാജ്യങ്ങള്‍ ഇതില്‍ അംഗങ്ങളാണ്. സാധാരണ ആറ്-ഏഴ് വര്‍ഷം കൂടുമ്പോള്‍ പുറപ്പെടുവിക്കുന്ന വിശകലനാത്മക റിപ്പോര്‍ട്ടിലൂടെയാണ് ഐപിസിസി മാലോകരെ ബോധവല്‍ക്കരിക്കുക. ഐപിസിസിയുടെ അഞ്ചാമത്തെ റിപ്പോര്‍ട്ട് പുറത്തുവിട്ടത് 2014 ആയിരുന്നു. ആറാമത്തെ അസസ്മെന്റ് റിപ്പോര്‍ട്ട് 2021 ആഗസ്ത് മാസത്തിലും.
ഗ്രീന്‍ഹൗസ് വാതകങ്ങള്‍ വല്ലാതെ വര്ധിച്ചിരിക്കുന്നതിന്റെ കാരണം കാര്‍ബണ്‍ സിങ്ക് എന്നുവിളിക്കുന്ന കടലും കായലും വനവും മണ്ണുമൊക്കെയാണ്. അവ ഇത്തരം വാതകങ്ങളെ വലിച്ചെടുത്ത് ഭൂമിയെ രക്ഷിക്കുന്ന കാര്ബണ്പത്തായ (കാര്‍ബണ്‍ സിങ്ക്)ങ്ങളായി പ്രവര്‍ത്തിക്കുന്നു. അവ ദുഷ്ടവാതകങ്ങളുടെ 50 ശതമാനവും വലിച്ചെടുത്ത് ഭൂമിയെ സംരക്ഷിക്കുന്നു. പക്ഷേ വാതകങ്ങള്‍ കണക്കില്ലാതെ പുറത്തുവരുമ്പോള്‍ കാര്‍ബണ്‍ പത്തായങ്ങള്‍ നിസ്സഹായരാകും. ഭൂമിയുടെ ഊഷ്മാവ് 1.5 ഡിഗ്രിയെന്ന ലക്ഷ്മണ രേഖ മറികടക്കുകയും ചെയ്യും. ഉത്സര്‍ജനം നിയന്ത്രിക്കപ്പെടാതെ പോയാല്‍ 2050 ആകുമ്പോഴേക്കും ഭൂമിയുടെ ചൂട് രണ്ട് ഡിഗ്രിയെങ്കിലും കൂടാം.
ഇതിനൊക്കെ ഒരേ ഒരു കാരണം മാത്രമെന്ന് ഐപിസിസി-മനുഷ്യന് വീണ്ടുവിചാരമില്ലാതെ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍. ലക്ഷോപലക്ഷം വര്‍ഷം പഴക്കമുള്ള ഭൂമണ്ഡലത്തിന്റെ ഘടന അവര്‍ മാറ്റിമറിച്ചത് കേവലം 120 വര്‍ഷം കൊണ്ടാണല്ലോ.
കാലാവസ്ഥാ മാറ്റത്തിന്റെ കെടുതിയില്‍ നിന്ന് ഭാരതം അടക്കം ഒരു രാജ്യത്തിനും അകന്നുനില്ക്കാനാവില്ല. ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു എംഒ)യുടെ സെക്രട്ടറി ജനറല്‍ പറയുന്നു-ഒരു രാജ്യത്തിനും അത് വികസിത രാജ്യമോ അവികസിത രാജ്യമോ ആവട്ടെ, കാലാവസ്ഥാ മാറ്റക്കെടുതികളില് നിന്ന് മോചനമില്ല. 2021 ജൂണ്‍-ജൂലൈ മാസത്തിലാണ് ഈ കെടുതികള്‍ ഏറെയും അനുഭവപ്പെട്ടതെന്ന് ശാസ്ത്രജ്ഞര്‍ കണക്കു നിരത്തി പറയുന്നത് നമ്മേ ചിന്തിപ്പിക്കണം. 2021 ജൂണ്‍ മാസം അനുഭവപ്പെട്ട ആഗോള ഊഷ്മാവ് 142 വര്‍ഷങ്ങള്‍ക്കിടെ ഏതെങ്കിലും ഒരു മാസത്തില്‍ സംഭവിച്ച ഏറ്റവും വലിയ അഞ്ചാമത്തെ താപനിലയാണത്രേ. 2011 നുശേഷം വമ്പന്‍ കാലാവസ്ഥാ മാറ്റക്കെടുതികള്‍ ഏറ്റവുമധികം ഉണ്ടായ മാസമായി 2021 ജൂലൈ മാസത്തെ ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. 2015 ല്‍ പാരീസിലുണ്ടായ കാലാവസ്ഥാ കരാര്‍ പ്രകാരം ഊഷ്മാവ് രണ്ട് ഡിഗ്രിആയി കുറച്ചുകൊണ്ടുവരേണ്ടതായിരുന്നു. പക്ഷേ അതൊന്നും ശ്രദ്ധിക്കാന്‍ ആര്‍ക്കുമില്ല സമയം. കാരണം അനുഭവങ്ങള്‍ ആരെയും പഠിപ്പിക്കുന്നില്ല.
നെതര്‍ലന്റില്‍ പ്രളയമെങ്കില്‍ സ്കാന്റിനേവിയന്‍ രാജ്യങ്ങളില്‍ കൊടുംചൂട്; ബ്രസീലില്‍ വരള്‍ച്ച പടരുമ്പോള്‍ സൈബീരിയയില്‍ കാട്ടു തീ; ഗോവയില്‍ പെരുമഴയെങ്കില്‍ വടക്കുകിഴക്കന്‍ മേഖലയില്‍ വെള്ളമില്ല. കാലിഫോര്‍ണിയയിലെ മരണത്തിന്റെ താഴ്വര(വാലി ഓഫ് ഡെത്ത്)യില്‍ സര്‍വകാല റെക്കാര്‍ഡായിരുന്നു ഇക്കുറി-54.4 ഡിഗ്രി ചൂട്. ചൈനയിലെ ഹൈനാന്‍ പ്രവിശ്യയില്‍ അഞ്ച് ദിവസം കൊണ്ട് പെയ്തൊഴിഞ്ഞത് അവിടത്തെ വാര്‍ഷിക വര്ഷപാതത്തെക്കാളും അധികം മഴ. ലോക മഹാസമുദ്രങ്ങളിലെ ഒറ്റപ്പെട്ട ദ്വീപുകള്‍ ഉയരുന്ന കടല്പരപ്പില് മങ്ങിമറയുമോ എന്ന ആശങ്കയിലാണ് ലോകം. ഭൂഗോളത്തിന്റെ ചൂട് മാപിനിയിലെ രസയൂപം കണക്കറ്റ് ഉയര്‍ന്നാല്‍ ആര്‍ട്ടിക് ഭൂഖണ്ഡം മഞ്ഞില്ലാത്ത വെറുമൊരു കടല്‍ മാത്രമായി മാറുമെന്നും കമ്പ്യൂട്ടര്‍ മോഡലുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.
ആത്മപരിശോധനയുടെ അവസരമാണിത്. ഈ അവസരം പാഴാക്കിയാല്‍ മനുഷ്യരാശിക്ക് ഇനി പോകാനിടമുണ്ടാവില്ല. പക്ഷേ ഭരണാധികാരികളുടെ ഹൃദയത്തെ ഈ മുന്നറിയിപ്പ് എത്ര ആഴത്തില്‍ സ്വാധീനിക്കുമെന്നതാണ് കാതലായ ചോദ്യം. കൊവിഡില്‍ തകര്‍ന്ന സമ്പദ്വ്യവസ്ഥ പുനരുദ്ധരിക്കാന്‍ നെട്ടോട്ടമോടുന്ന ലോക സര്‍ക്കാരുകള്‍ ഇത് ശ്രദ്ധിക്കുമോ? അതോ ഫോസില്‍ ഇന്ധനങ്ങള്‍ പുകച്ച് ലോകത്തിന്റെ ഭാവി തുലയ്ക്കുമോ? അതോ ബദല്‍ ഇന്ധനങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഭാരതസര്‍ക്കാരിന്റെ ശ്രമങ്ങള്‍ മാതൃകയാക്കുമോ?
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്സിന്റെ വാക്കുകള്‍ നാം ശ്രദ്ധിക്കുക-ചെകിടടപ്പിക്കുന്ന ശബ്ദത്തില്‍ അപായമണികള്‍ മുഴങ്ങുന്നു. നിഷേധിക്കാനാവാത്ത തെളിവുകള്‍ ശാസ്ത്രം നമുക്കുമുന്നില്‍ നിരത്തുന്നു. കോടാനുകോടി ജനങ്ങളുടെ ജീവിതവും ഭാവിയും വഴിമുട്ടി നില്ക്കുന്നു. ഇതൊന്നും നമുക്ക് പാഠം പറഞ്ഞു തന്നില്ലെങ്കില്‍ ആ പഴയ ചൊല്ല് മാത്രം ഓര്‍ക്കുക-കണ്ടാലറിയാത്തവന് കൊണ്ടാലറിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: