ഇസ്ലാമാബാദ്: മാധ്യമങ്ങളെ ഒന്നാകെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ഇമ്രാന്ഖാന് പദ്ധതിയിടുന്നു. മാധ്യമസ്വാതന്ത്ര്യം എടുത്തുകളഞ്ഞ് മാധ്യമങ്ങളിലെ പ്രധാന തസ്തികകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരിന് നല്കുന്ന മീഡിയ ഡെവലപ്മെന്റ് അതോറിറ്റി ബില്‍ (പിഎംഡിഎ) കൊണ്ടുവരാനാണ് തീരുമാനം.
ഇതില്‍ പ്രതിഷേധിച്ച് രാജ്യത്തെമ്പാടുമുള്ള പത്രപ്രവര്‍ത്തകര്‍ ക്വെറ്റയില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് ലോങ്മാര്ച്ചിനൊരുങ്ങുകയാണ്. നിയമം ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ച് ഓള് പാകിസ്ഥാന് ന്യൂസ്പേപ്പേഴ്സ് സൊസൈറ്റി, അസോസിയേഷന് ഓഫ് ഇലക്ട്രോണിക് മീഡിയ എഡിറ്റേഴ്സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
നിയമനിര്‍മാണത്തിനെതിരെ പ്രതിഷേധിക്കാന്‍ നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ പാക് പാര്‍ലമെന്റിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി. പിഎംഡിഎയ്ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ കമ്മിഷനും സുപ്രീംകോടതി ബാര്‍ അസോസിയേഷനും അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്തുണ്ട്.
ഇമ്രാന് സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലാതാക്കാന് ശ്രമിക്കുകയാണെന്നും ബില്‍ പത്രപ്രവര്‍ത്തകര്‍ ബഹിഷ്കരിക്കുമെന്നും പാകിസ്ഥാന് ഫെഡറല്‍ യൂണിയന് ഓഫ് ജേണലിസ്റ്റ് (പിഎഫ്യുജെ) സെക്രട്ടറി ജനറല്‍ നാസര്‍ സെയ്ദി പറഞ്ഞു.
മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ അച്ചടി, ടിവി, റേഡിയോ, ഫിലിം, സോഷ്യല്‍ മീഡിയ എന്നിവയ്ക്കായി സര്‍ക്കാര്‍ സംഘടന രൂപീകരിക്കാനാണ് ബില്‍ ലക്ഷ്യമിടുന്നത്. ഭരണകൂടത്തിന്റെ നിയന്ത്രണത്തിലേക്ക് മാധ്യമങ്ങളെ കൊണ്ടുവരാനാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: