ചണ്ഡിഗഡ്: പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി അതിരൂക്ഷം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവെച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം അമരീന്ദറിനെതിരേ രംഗത്തു വിന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് അമരീന്ദറിനോട് മാറി നില്ക്കാന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതയാണ് സൂചന. വൈകിട്ട് 5 മണിക്ക് ചേരുന്ന നിയമസഭ കക്ഷി യോഗം നിര്‍ണായകമാകും. സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം വൈകിട്ട് നടക്കുന്ന നിയമസഭ കക്ഷി യോഗത്തില്‍ എഐസിസി നിരീക്ഷകരായി അജയ് മാക്കനും ഹരീഷ് ചൗധരിയും പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷയുമായി ഫോണില്‍ സംസാരിച്ച അമരീന്ദര്‍ സിങ് പാര്‍ട്ടിയില്‍ വീണ്ടും അപമാനിക്കപ്പെടുകയാണെന്ന് അറിയിച്ചു. ഏറെ നാളായി ഇരുനേതാക്കളും തുടരുന്ന തര്‍ക്കത്തില്‍ അമരീന്ദറിനൊപ്പമായിരുന്നു ഹൈക്കമാന്‍ഡ് നിലയുറപ്പിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തര്‍ക്കം തുടര്‍ന്നാല്‍ അത് ഗുണകരമാകില്ല എന്ന നിലപാടിലേക്ക് ഹൈക്കമാന്‍ഡ് എത്തി.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ധുവും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നേതൃമാറ്റമെന്ന സമ്മര്‍ദ്ധത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎല്‍എ മാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് നീക്കം. 77 കോണ്‍ഗ്രസ് എംഎല്‍എ മാരില്‍ ഭൂരിപക്ഷവും സിദ്ദുവിനെ പിന്തുണച്ചതോടെ അമരീന്ദറിനോട് രാജിവെക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: