ആലപ്പുഴ: മാപ്പിളക്കലാപത്തെ സ്വാതന്ത്യസമരമാക്കാന് ഇടതുജിഹാദി സംഘം കോടികള്‍ ചെലവഴിച്ച് സിനിമകള്‍ നിര്‍മ്മിക്കാന്‍ മത്സരിക്കുമ്പോള്‍ ‘ഗുരുവായൂര്‍ കേശവന്’ സത്യത്തിന്റെ നേര്‍ക്കാഴ്ചയായി നിലനില്ക്കുന്നു. കലാപത്തിന്റെ ക്രൂരത വ്യക്തമാക്കിയ ആദ്യ ചലച്ചിത്രമായിരുന്നു ഗുരുവായൂര്‍ കേശവന്. ഭരതന് സംവിധാനം ചെയ്ത് 1977ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രസിദ്ധനായ ഗുരുവായൂര്‍ കേശവന് എന്ന ആനയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചലച്ചിത്രം നിര്‍മ്മിച്ചത്.
ഗുരുവായൂരപ്പന്റെ തിരുനടയില്‍ കേശവന് എത്തിയത് മാപ്പിളക്കലാപകാലത്ത് നടന്ന കൊടുംക്രൂരതയുടെ ബാക്കിപത്രമായാണ്. സിനിമയുടെ തുടക്കത്തില്‍ തന്നെ മാപ്പിളലഹള ദൃശ്യവത്ക്കരിച്ചിട്ടുണ്ട്.
നിലമ്പൂര്‍ കോവിലകത്തെ കുട്ടിക്കൊമ്പനായി കൊച്ചുകേശവന്‍ വിലസുന്ന സമയത്താണ് മാപ്പിളക്കലാപം പൊട്ടിപ്പുറപ്പെട്ടത്. ആക്രമണം ഭയന്ന് നിലമ്പൂര്‍ കോവിലകം വലിയരാജ തൃശ്ശൂരിലേക്ക് താമസം മാറ്റി. സ്വത്തുവകകളെല്ലാം കാര്യസ്ഥനെ ഏല്‍പ്പിച്ചു. ലഹളക്കാര്‍ കാര്യസ്ഥനെ വധിച്ചപ്പോള്‍ കാര്യങ്ങളെല്ലാം അവതാളത്തിലായി. തന്റെ സ്വത്തുക്കളെല്ലാം നഷ്ടപ്പെടാന്‍ തുടങ്ങിയെന്നറിഞ്ഞ തമ്പുരാന് പരിഭ്രാന്തനായി ഗുരുവായൂരപ്പനെ വിളിച്ചു പ്രാര്‍ത്ഥിച്ചു.
നഷ്ടപ്പെട്ട സ്വത്തെല്ലാം തിരികെ ലഭിച്ചാല്‍ ഒരു കൊമ്പനാനയെ ഗുരുവായൂരപ്പനു നടയ്ക്കിരുത്താമെന്ന് നേര്‍ന്നു. ദൈവഹിതം മറ്റൊന്നായിരുന്നില്ല. തമ്പുരാന് സ്വത്തെല്ലാം തിരികെ ലഭിക്കുകയും കൊമ്പനെ നടയ്ക്കിരുത്താന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് 1922 ജനുവരി നാലിന് കുട്ടിക്കൊമ്പന് കേശവനെ നടയ്ക്കിരുത്തിയത്. 1997ലാണ് കേശവന് ചരിഞ്ഞത്. ലോകം അറിയുന്ന ഗുരുവായുരപ്പന്റെ പ്രിയപ്പെട്ട കേശവനെ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച ചരിത്രം കൊടുംക്രൂരതയുടെ നോവുന്ന ഓര്‍മ്മകളും ഉണര്‍ത്തുന്നു.
നോവലിസ്റ്റ് ഉണ്ണികൃഷ്ണന് പുതുരായിരുന്നു സിനിമയുടെ കഥ. എന്‍. ഗോവിന്ദന്‍കുട്ടി തിരക്കഥയും സംഭാഷണവും ഒരുക്കി. എം.ഒ. ജോസഫായിരുന്നു നിര്‍മാണം. നായരമ്പലം ശിവജി എന്ന ആനയാണ് കേശവനായി അഭിനയിച്ചത്. സോമന്, അടൂര്‍ഭാസി, ജയഭാരതി. സുകുമാരി തുടങ്ങിയ പ്രമുഖര്‍ അണിനിരന്ന ചിത്രം വലിയ വിജയമായിരുന്നു.
കലാപത്തെ സ്വാതന്ത്ര്യസമരമായും, കാര്‍ഷിക സമരമായും കൊട്ടിഘോഷിക്കുന്നവര്‍ ഗുരുവായൂര്‍ കേശവന് സിനിമയിറങ്ങിയപ്പോള്‍ മൗനത്തിലായിരുന്നു. എന്നാല്‍ മതഭീകരവാദികളും ഇടതുശക്തികളും അവസരവാദ കൂട്ടുകെട്ടിലായതോടെ മാപ്പിളലഹളയും വാരിയന്‍ കുന്നനെയും മഹത്വവത്ക്കരിക്കാന്‍ ഇന്ന് മത്സരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: