ന്യൂദല്‍ഹി: കൊവിഡ് മരുന്നുകളെയും വില കൂടിയ ജീവന്‍രക്ഷാ മരുന്നുകളെയും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകളുടെ നികുതി 12ല്‍ നിന്ന് അഞ്ചു ശതമാനമായി വെട്ടിക്കുറച്ചതായും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊവിഡ് മരുന്നുകളായ സോള്‍ജെന്‍സ്മ, വില്‍ടെപ്സോ എഫ്എം എന്നിവയ്ക്കാണ് ഇളവ് നല്‍കുക. കൊവിഡ് അനുബന്ധ മരുന്നുകള്‍ക്ക് നേരത്തേ പ്രഖ്യാപിച്ചിരുന്ന ജിഎസ്ടി ഇളവ് ഡിസംബര്‍ 31 വരെ നീട്ടി. കെയ്ട്രൂഡ പോലുള്ള കാന്‍സര്‍ മരുന്നുകളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചു. 2021 ഡിസംബര്‍ 31 വരെ ഘട്ടം ഘട്ടമായി ഏഴ് മരുന്നുകളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറയ്ക്കാനുള്ള നിര്‍ദേശവും ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചു. ഇറ്റോലിസുമാബ്, പോസകോണസോള്‍, ഇന്ക്സിമാബ്, ബാംലാനിവിമാബ്, എറ്റെസെവിമാബ്, കാസിരിവിമാബ്, ഇംഡെവിമാബ്, 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ്, ഫാവിപിരവിര്‍ എന്നിവയാണവ.
ഡീസലുമായി മിശ്രണം ചെയ്യാന്‍ എണ്ണക്കമ്പനികള്‍ക്ക് വിതരണം ചെയ്യുന്ന ബയോഡീസലിന്റെ ജിഎസ്ടി നിരക്ക് 12ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനം ആയി കുറച്ചു. ദിവ്യാംഗര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കുള്ള റെട്രോ ഫിറ്റ്മെന്റ് കിറ്റുകളുടെ ജിഎസ്ടി അഞ്ചു ശതമാനമായി കുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: