അതിര്‍ത്തിയില്‍നിന്നുള്ള ഭീഷണികള്‍ നേരിടാന്‍ സംയോജിത യുദ്ധതന്ത്രം സ്വീകരിക്കുന്നതിന്റെ ഭാഗമായി റോക്കറ്റ് ഫോഴ്സ് എന്ന പുതിയൊരു വിഭാഗം രൂപീകരിക്കുമെന്ന സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ പ്രഖ്യാപനം സമയോചിതമാണ്. അയല്‍രാജ്യങ്ങളായ ചൈനയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമുള്ള സുരക്ഷാ ഭീഷണികള്‍ ഭാരതം നേരിടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കശ്മീരില്‍ ഭീകരവാദികളെ ഉപയോഗിച്ച് പാക്കിസ്ഥാന് നടത്തുന്ന നിഴല്‍യുദ്ധങ്ങളെയും, ലഡാക്കിലും മറ്റും ചൈന നടത്തുന്ന കടന്നാക്രമണ ഭീഷണികളെയും വലിയൊരു പരിധിയോളം അടിച്ചമര്‍ത്താന്‍ ഇപ്പോള്‍ ഭാരതത്തിന് കഴിഞ്ഞിട്ടുണ്ട്. പക്ഷേ താലിബാന് അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചതോടെ മേഖലയിലെ ഭൗമരാഷ്ട്രീയ കാലാവസ്ഥ മാറിയിരിക്കുന്നു. ഇന്ത്യയുള്‍പ്പെടെ ലോകരാജ്യങ്ങളില്‍ ബഹുഭൂരിപക്ഷവും അംഗീകരിക്കാതിരിക്കുകയോ സംശയത്തോടെ വീക്ഷിക്കുകയോ ചെയ്യുന്ന താലിബാന്‍ഭീകരവാഴ്ചയെ ചൈനയും പാക്കിസ്ഥാനും കൈയ്മെയ് മറന്നു സഹായിക്കുകയാണ്. പാക്കിസ്ഥാന് ചെയ്യുന്നതുപോലെ ഭീകരര്‍ക്ക് പണവും പരിശീലനവും ആയുധവും നല്കി കശ്മീരിലേക്ക് പറഞ്ഞയയ്ക്കുന്നതുപോലെ ചൈന ചെയ്യുന്നില്ല. പക്ഷേ രാജ്യാന്തര വേദികളില്‍ ഉള്‍പ്പെടെ പാക്കിസ്ഥാനെ സഹായിക്കുകയും, ആ രാജ്യത്തെ മുന്‍നിര്‍ത്തി ഭാരതത്തെ അസ്ഥിരപ്പെടുത്താനുള്ള അവസരങ്ങളൊന്നും പാഴാക്കാതിരിക്കുകയും ചെയ്യുന്ന രാജ്യമാണ് ചൈന. ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് അഫ്ഗാനില്‍ താലിബാന് ഭീകരവാഴ്ച അടിച്ചേല്‍പ്പിച്ചിരിക്കുന്നത് സുവര്‍ണാവസരമായാണ് ഇരുരാജ്യങ്ങളും കാണുന്നത്.
അമേരിക്കയെ പ്രീണിപ്പിക്കുകയും, ചൈനയ്ക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്യുന്ന നയമാണ് പാക്കിസ്ഥാന് തുടര്‍ന്നുവന്നത്. അമേരിക്കയ്ക്ക് ഇത് അറിയാമായിരുന്നെങ്കിലും രാഷ്ട്രീയ അസ്ഥിരത തുടര്‍ക്കഥയായ പാക്കിസ്ഥാനെ ചൈനയുടെ പക്ഷത്തേക്ക് പൂര്‍ണമായും തള്ളിയിടുന്നത് ബുദ്ധിപരമായിരിക്കില്ല എന്നൊരു സമീപനമാണ് അമേരിക്ക സ്വീകരിച്ചത്. അധികാരത്തിലുള്ളത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയായാലും ഡെമോക്രാറ്റുകളായാലും ഇതായിരുന്നു സ്ഥിതി. എന്നാല്‍ അവസരം മുതലെടുക്കുകയാണ് ഇക്കാര്യത്തില്‍ പാക്കിസ്ഥാന് ചെയ്തുകൊണ്ടിരുന്നത്. ഭീകരവിരുദ്ധപ്പോരാട്ടത്തിനെന്ന പേരില്‍ അമേരിക്കയില്‍നിന്ന് ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങള്‍ ഭീകരവാദത്തെ ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുകയായിരുന്നു പാക്കിസ്ഥാന്. അമേരിക്ക ഇത് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു. നാറ്റോ സൈന്യത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ അഫ്ഗാനിസ്ഥാനില്‍ തങ്ങാന്‍ കഴിയാതിരുന്ന താലിബാന് ഭീകരര്‍ക്ക് അതിര്‍ത്തിയിലും സ്വന്തം രാജ്യത്തും എല്ലാവിധ പിന്തുണയും നല്കി സംരക്ഷിച്ചുപോന്നത് പാക് ഭരണകൂടമായിരുന്നു. അവസരം വന്നപ്പോള്‍ ഇവരെ അഫ്ഗാനിസ്ഥാനിലെത്തിക്കുകയും ചെയ്തു. ചൈനയുടെ തന്ത്രപരമായ പിന്തുണയും ഇതിനുണ്ടായിരുന്നു. ഫലത്തില്‍ പാക്കിസ്ഥാനെയും ചൈനയെയും താലിബാനെയും ഒന്നിച്ചുനേരിടേണ്ട സ്ഥിതിവിശേഷമാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. ഇതിന്റെ പരിണാമങ്ങള്‍ പ്രവചനാതീതമാണ്.
സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും വിശ്വസിക്കാതെ ഈ അവിശുദ്ധ സഖ്യത്തെ നേരിടാന്‍ പരമ്പരാഗത രീതിയിലുള്ള യുദ്ധമുറകള്‍ മതിയാവില്ല. ഭാരതത്തോട് നേരിട്ടു യുദ്ധം ചെയ്താല്‍ പരാജയമായിരിക്കും അനന്തരഫലമെന്ന് പാക്കിസ്ഥാന് നന്നായറിയാം. നമ്മോട് യുദ്ധത്തിനു വന്നപ്പോഴൊക്കെ ഇതായിരുന്നു അനുഭവം. ഇതില്‍നിന്ന് പാഠം പഠിച്ചാണ് കശ്മീരിലും മറ്റും നിഴല്‍യുദ്ധം ആരംഭിച്ചത്. ആണവശക്തിയായ ഭാരതത്തെ നേരിടാനുള്ള കരുത്ത് സമീപ ഭാവിയിലൊന്നും പാക്കിസ്ഥാനുണ്ടാവില്ല. ഭാരതം പൊഖ്റാനില്‍ നടത്തിയ അണുപരീക്ഷണത്തിനു പിന്നാലെ അങ്ങനെയൊന്ന് പാക്കിസ്ഥാന് നടത്തിയത് ചൈനയുടെ പിന്തുണയോടെയാണ്. ഭാരതത്തിന്റെ ആണവപദ്ധതി പാക്കിസ്ഥാനെതിരായല്ല, ചൈനയ്ക്കെതിരെയുള്ളതാണെന്നും കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ ഭരണകൂടത്തിന് അറിയാം. അതുകൊണ്ടാണ് ഭാരതത്തിന് മറുപടിയെന്നോണം സ്വന്തം നിലയ്ക്ക് പാക്കിസ്ഥാനില്‍ ചൈന അണുപരീക്ഷണം നടത്തിയത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇപ്പോള്‍ യുദ്ധരീതികള്‍ക്ക് വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു. ഇസ്രായേല്‍ എന്ന കൊച്ചു രാജ്യം ചുറ്റും കിടക്കുന്ന ശത്രുരാജ്യങ്ങളെ സമര്‍ത്ഥമായി നേരിടുന്നത് സായുധശേഷിയെ സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കിക്കൊണ്ടാണ്. ഹമാസ് ഭീകരരുമായി ഏറ്റവുമൊടുവില്‍ നടന്ന ഏറ്റുമുട്ടലിലും ലോകം ഇത് കാണുകയുണ്ടായി. ഭാരതത്തിനും ഇതില്‍നിന്ന് വിലയേറിയ പാഠങ്ങള്‍ പഠിക്കാനുണ്ട്. നമ്മുടെ സായുധസേനയില്‍ റോക്കറ്റ് ഫോഴ്സ് രൂപീകരിക്കുന്നത് കാലോചിതമായ ഒരു തീരുമാനവും, രാജ്യരക്ഷയ്ക്ക് അത്യാവശ്യവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: