ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജൻമദിനത്തിൽ 2.25 കോടി പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കി വാക്സിന്‍ വിതരണത്തില്‍ പുതിയ റെക്കോഡിട്ട് ഇന്ത്യ. അതോടെ വെള്ളിയാഴ്ചത്തെ വാക്സിന്‍ വിതരണ ദൗത്യം പ്രധാനമന്ത്രിക്കായുള്ള അവിസ്മരണീയ സമ്മാനമായി മാറി.
ഒറ്റ ദിവസത്തെ കൊറോണ പ്രതിരോധ വാക്‌സിനേഷൻ ഇതാദ്യമായാണ് രണ്ട് കോടി കടക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ തന്നെ വാക്സിന്‍ വിതരണം ഒരു കോടി കടന്നിരുന്നു. വൈകുന്നേരത്തോടെ തന്നെ വാക്സിന്‍ കുത്തിവെയ്‌പ് രണ്ട് കോടി കടന്നതായി ലോകാരോഗ്യസംഘടന സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടെ ജൻമദിനത്തിൽ വാക്‌സിനേഷൻ ചരിത്രനേട്ടത്തിലെത്തിക്കാൻ ബിജെപിയുടെയും യുവമോർച്ചയുടെയും പ്രവർത്തകർ ഉൾപ്പെടെ രംഗത്തിറങ്ങിയിരുന്നു. പുതിയ റെക്കോഡ് രാജ്യം പ്രധാനമന്ത്രിക്ക് നല്‍കുന്ന ഉചിതമായ ജൻമദിന സമ്മാനമായി മാറി.
ദൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർക്ക് മധുരം നൽകിയാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവിയ ഈ നേട്ടം ആഘോഷിച്ചത്. എല്ലാ ആരോഗ്യപ്രവർത്തകർക്കും നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. ആരോഗ്യപ്രവർത്തകരും രാജ്യത്തെ പൗരൻമാരും പ്രധാനമന്ത്രിക്ക് നൽകുന്ന സമ്മാനമാണിതെന്ന് അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു.
ബിജെപി ദേശീയ തലത്തിൽ പ്രധാനമന്ത്രിയുടെ ജൻമദിനം ആഘോഷിക്കാൻ സംഘടിപ്പിച്ച സേവാ സമർപ്പൺ അഭിയാൻ പരിപാടികളുടെ ഭാഗമായിട്ടാണ് വാക്‌സിനേഷൻ യജ്ഞത്തിലും സഹായികളായത്.
ഒന്നരകോടി വാക്‌സിനുകൾ രാജ്യത്ത് വിതരണം ചെയ്യണമെന്നാണ് ബിജെപി ലക്ഷ്യമിട്ടിരുന്നത്. ഇതാണ് 2.25 കോടിയിലധികമെത്തിയത്. വാക്‌സിനേഷന് ആളുകളെ എത്തിക്കാൻ വിപുലമായ ബോധവത്ക്കരണ പരിപാടികൾ ആരോഗ്യ വകുപ്പും സന്നദ്ധ പ്രവർത്തകരും നേരത്തെ മുതൽ നടത്തുന്നുണ്ടായിരുന്നു.
സെക്കന്‍റില്‍ 800 വാക്സിന്‍ വീതം നല്‍കാന്‍ കഴിഞ്ഞെന്നും മണിക്കൂറില്‍ അത് 48,000 എന്ന ഘട്ടത്തില്‍ എത്തിയെന്നും ദേശീയ ആരോഗ്യ അതോറിറ്റി മേധാവി ആര്‍.എസ്. ശര്‍മ്മ പറഞ്ഞു. സഹകരിച്ച എല്ലാവര്‍ക്കും ശര്‍മ്മ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: