2006 ഡിസംബര്‍ 15. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ പ്രപഞ്ചത്തിലെ തമോര്‍ജത്തെക്കുറിച്ച് സിംപോസിയം. തമോര്‍ജം കോസ്മോളജിക്കല്‍ കോണ്‍സ്റ്റന്റ് തന്നെയാണെന്നും പ്രപഞ്ച വികാസത്തിന്റെ ഗതിവേഗത്തിനു മൂലകാരണം തമോര്‍ജം ആണെന്നും വാദിച്ച് ഇന്ത്യന്‍ ശാസ്ത്രജ്ഞന്. മറിച്ചുള്ള വാദം ഉണ്ടെങ്കില്‍ പന്തയത്തിനു വെല്ലുവിളിച്ചു. വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ട് വന്നത് കേംബ്രിഡ്ജ് സര്‍വകാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി , ന്യൂസീലന്‍ഡ് കാന്റര്‍ബറി സര്‍വകലാശാലയിലെ പ്രപഞ്ചശാസ്ത്ര അധ്യപകനും തമോഗര്‍ത്ത ഗവേഷകനുമായ ഡേവിഡ് വില്‍ഷൈറായിരുന്നു. ഡേവിഡ് വില്‍ഷൈര്‍ ഏറ്റെടുത്തു. പറഞ്ഞ പത്തു വര്‍ഷ കാലാവധിക്കുള്ളില്‍ ഇന്ത്യക്കാരന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ സാധിക്കാതെ സിഡ്നിയില്‍ നടന്ന രാജ്യാന്തര സിംപോസിയത്തില്‍ താന്‍ പന്തയത്തില്‍ പരാജയപ്പെട്ടതായി ഡേവിഡ് വില്‍ഷെയര്‍ അറിയിച്ചു. ഒരു മലയാളിയായിരുന്നു ആ ഇന്ത്യക്കാരന്. താണു പത്മനാഭന്. ഇന്ന് അന്തരിച്ച പ്രപഞ്ച വിജ്ഞാനീയത്തില്‍ ലോകത്തെ മികച്ച ശാസ്ത്രജ്ഞരില്‍ ഒരാള്‍.
. തിരുവനന്തപുരം കരമന സര്‍ക്കാര്‍ ഹൈസ്കൂളില്‍ മലയാളം മീഡിയത്തില്‍ പത്താം ക്ലാസ് വരെ പഠിച്ച സാധാരണക്കാരന്.
1957 മാര്‍ച്ച് 10 ന് താണു അയ്യരുടെയും ലക്ഷ്മിയുടെയും മകനായാണ് താണു പത്മനാഭന്റെ ജനനം. കരമന സര്‍ക്കാര്‍ ഹൈസ്കൂളില്‍ മലയാളം മീഡിയത്തില്‍ പത്താം ക്ലാസ് വരെ പഠിച്ചു. തിരുവനന്തപുരം നഗരത്തില്‍ പ്രവര്‍ത്തിച്ചുവന്ന ‘ട്രിവാന്‍ഡ്രം സയന്‍സ് സൊസൈറ്റി’യില്‍ താണുവിനെ സജീവ അംഗമാക്കി. എന്‍സിഇആര്‍ടിയുടെ നാഷനല്‍ സയന്‍സ് ടാലന്റ് സെര്‍ച്ച് പരീക്ഷ ജയിച്ചതോടെ ഭൗതികശാസ്ത്ര പഠനത്തിലേക്കുള്ള പാത തെളിഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിഎസ്സിയും എംഎസ്സിയും. ബിരുദകാലത്തു തന്നെ് ആദ്യ പ്രബന്ധം പ്രസിദ്ധീകരിച്ചു. ബിരുദബിരുദാനന്തര കോഴ്സുകള്‍ ഒന്നാം റാങ്കോടെ പാസായി. എംഎസ്സിക്കു ശേഷം 1979 ല്‍ മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍നിന്നു പിഎച്ച്ഡി.
പ്രപഞ്ചത്തിന്റെ ഉത്ഭവവും പരിണാമവും, ഗുരുത്വാകര്‍ഷണ പ്രതിഭാസം, ക്വാണ്ടം ഫിസിക്സ് എന്നീ മേഖലകളിലെ ഗവേഷണവഴികളില്‍ മുന്നേറി. 1986-87-ല്‍ കേംബ്രിജ് സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായി. ജ്യോതിശാസ്ത്രത്തില്‍ എണ്ണപ്പെട്ട പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം, വിദേശങ്ങളിലെ പതിനൊന്നോളം പ്രശസ്ത സര്‍വകലാശാലകളില്‍ വിസിറ്റിങ് സയന്റിസ്റ്റും റിസര്‍ച്ച് അസോഷ്യേറ്റും സീനിയര്‍ വിസിറ്റിങ് ഫെലോയും വിസിറ്റിങ് ഫാക്കല്‍റ്റിയുമായി. പ്രപഞ്ച വിജ്ഞാനത്തില്‍ രാജ്യത്തെ എണ്ണപ്പെട്ട ഗവേഷക സ്ഥാപനം കൂടിയായ പുണെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സില്‍ (ഐയുസിഎഎ) പ്രഫസറായിരിക്കെയാണ് അന്ത്യം.
രാജ്യം പത്മശ്രീ നല്കി ആദരിച്ചു. ഇന്ത്യന്‍ ശാസ്ത്രലോകത്തെ ഉന്നത ബഹുമതിയായ ഭട്നഗര്‍ പുരസ്കാരം നേടി്. ആജീവനാന്ത ഗവേഷണ നേട്ടം പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉന്നത ശാസ്ത്ര ബഹുമതിയായ കേരള ശാസ്ത്രപുരസ്കാരത്തിന് അര്‍ഹനായി.
പിഎച്ച്ഡിക്ക് ഒരു വര്‍ഷം ജൂനിയറായിരുന്ന വാസന്തിയാണ് ഭാര്യ. പത്മനാഭന് രചിച്ച പല ശാസ്ത്രഗ്രന്ഥങ്ങളിലും വാസന്തിയും ഒപ്പംകൂടി. ‘ദ് ഡോന് ഓഫ് സയന്‍സ്’ എന്ന ജനപ്രിയ ശാസ്ത്രഗന്ഥം ഇരുവരും ചേര്‍ന്നാണ് രചിച്ചത്. ഹംസയെന്ന ഏക മകളും മാതാപിതാക്കളെപ്പോലെ അസ്ട്രോഫിസിക്സിലാണ് പിഎച്ച്ഡി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: