ദുഷാൻബേ: ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്റെ(എസ് സിഒ) 20 വാര്‍ഷികത്തോടനുബന്ധിച്ച് ചൈനയോട് വളച്ചുകെട്ടില്ലാതെ നയം വ്യക്തമാക്കി ഇന്ത്യ. താജിക്കിസ്ഥാനിലെ ദുഷാന്‍ബേയില്‍ നടക്കുന്ന എസ് സി ഒ സമ്മേളനത്തിന്റെ ഭാഗമായി ചൈനയുടെ വിദേശ കാര്യമന്ത്രി വാംഗ് യിയുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ചൈനയോടുള്ള ഇന്ത്യയുടെ നയം വ്യക്തിമാക്കി: “കിഴക്കന്‍ ലഡാക്കില്‍ നിന്നുള്ള ചൈനയുടെ സേന പിന്മാറിയാല് മാത്രമേ സമാധാനം ശാന്തിയും കൈവരിക്കാന്‍ കഴിയൂ. ഇതാണ് മൊത്തത്തിലുള്ള ബന്ധത്തിന് പിന്നിലെ അടിത്തറ” – ഇതായിരുന്നു ജയശങ്കറിന്റെ നിലപാട്.
സേനാപിന്മാറ്റം സംബന്ധിച്ച ഇപ്പോഴുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സൈനിക, നയതന്ത്ര ഉദ്യോഗസ്ഥര്‍ തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചതായി ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി.
ചൈനയും പാകിസ്ഥാനും റഷ്യയും ഇന്ത്യയും ഉള്‍പ്പെടെ എട്ട് രാഷ്ട്രങ്ങള്‍ അംഗങ്ങളായ ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷന്റെ(എസ് സിഒ) 20 വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സുപ്രധാന ആഗോള ഫോറത്തെ നേരത്തെ ഓണ്‍ലൈനായി അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും അഫ്ഗാനിലെ താലിബാന് ഭരണത്തെക്കുറിച്ചുള്ള നയം വ്യക്തമാക്കിയിരുന്നു. ഏഷ്യന്‍ മേഖലയില്‍ യുവാക്കള്‍ക്ക് ഭാവി വേണമെങ്കില്‍, ഏഷ്യയിലാകെ സുരക്ഷിതത്വവും പരസ്പരവിശ്വാസവും പുലരണമെങ്കില്‍, അഫ്ഗാനിസ്ഥാനില്‍ വളര്‍ന്നുവരുന്ന മതമൗലികവല്‍ക്കരണത്തെ ചെറുത്തുതോല്പിക്കണമെന്നതായിരുന്നു മോദിയുടെ പ്രസംഗത്തിന്റെ കാതല്‍.
പിന്നീട് ഇന്ത്യാ- ചൈന വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങൾ എസ്.ജയശങ്കർ ട്വിറ്ററിലൂടെ പുറത്തുവിട്ടു.
“ഏഷ്യയിലെ സുപ്രധാന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. അതിനാൽ തന്നെ അതിർത്തി വിഷയത്തിൽ സുതാര്യത അനിവാര്യമാണ്. യാഥാർത്ഥ നിയന്ത്രണരേഖയിൽ പാലിക്കേണ്ട മര്യാദകൾ ചൈന ഇനിയും പാലിക്കപ്പെടുന്നതായി കാണുന്നില്ല. ഇവിടെ മാതൃകാപരമായ ഒരു നടപടിയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്,” – ജയശങ്കർ പറഞ്ഞു.
“സ്വന്തം കണ്ണുകളിലൂടെയാകണം ചൈന ഇന്ത്യയെ നോക്കേണ്ടത്. മൂന്നാമതൊരു രാജ്യത്തെ ഇടനിലക്കാരാക്കുന്നത് ഇരുരാജ്യങ്ങൾക്കും നല്ലതല്ല. ഏഷ്യന്‍ സാഹോദര്യത്തിന് ഇന്ത്യ-ചൈന ബന്ധം ഒരു മാതൃകയായി മാറണം,” ജയശങ്കർ പറഞ്ഞു.
മറ്റൊരു രാജ്യത്തിന്റെ കണ്ണിലൂടെ ഇന്ത്യയെ നോക്കിക്കാണില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്കി. ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള പരാമര്‍ശങ്ങളോട് വിയോജിപ്പില്ലെന്ന് ചൈനയുടെ വിദേശകാര്യവക്താവ് സാവോ ലിജിയാന്‍ പറഞ്ഞു.
ജൂലൈ 14ന് മറ്റൊരു എസ് സി ഒ സമ്മേളനത്തിന്റെ ഭാഗമായി ജയശങ്കറും വാംഗ് യിയുമായി നടന്ന ആദ്യ ചർച്ചകൾക്ക് ശേഷം വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ നേരിയ പുരോഗതിയുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി.
മെയ് അഞ്ചിനാണ് ഇന്ത്യയും ചൈനയും തമ്മില്‍ പാംഗോംഗ് തടാകത്തിന്റെ വടക്ക്, തെക്ക് തീരങ്ങളിലായി പട്ടാളക്കാരെ വിന്യസിച്ച് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും ഗോഗ്ര പ്രദേശത്ത് നിന്നും പട്ടാളക്കാരെയും വാഹനങ്ങളും പിന്‍വലിച്ചിരുന്നു. 2021 ഫിബ്രവരിയില്‍ പാംഗോംഗ് തടാകത്തിന്റെ വടക്ക്, തെക്ക് കരകളില്‍ നിന്നും ഇരു രാജ്യങ്ങളും സൈന്യത്തെയും വാഹനങ്ങളെയും പിന്‍വലിച്ചിരുന്നു. ഇപ്പോഴും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇരു രാജ്യങ്ങളുടെയും 50,000 മുതല്‍ 60,000 വരെ സൈനികര്‍ നിലകൊള്ളുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: