കൊച്ചി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് പുതിയതായി കൊണ്ടുവന്ന ഭരണ പരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ഡയറി ഫാം അടച്ചു പൂട്ടല്‍, സ്കൂളിലെ ഉച്ചഭക്ഷണ മെനു പുതുക്കിയതിനേയും ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
അഡ്മിനിസ്ട്രേഷന്റെ നയപരമായ തീരുമാനങ്ങളുടെ ഭാഗമായാണ് പരിഷ്കരണം കൊണ്ടുവന്നതെന്നായിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം. അഡ്മിനിസ്ട്രേഷന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു. നഷ്ടം സഹിച്ച് ഡയറി ഫാം നടത്താനാകില്ല. സ്കൂളുകളില്‍ പോഷകാഹാരം ലഭിക്കുന്ന ഭക്ഷണം നല്‍കണമെന്നു മാത്രമാണ് നിര്‍ദേശമുള്ളത്. ബീഫ് തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്നും ഭരണകൂടം ചൂണ്ടിക്കാട്ടി. ഈ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു. ഭരണ പരിഷ്കാര നിര്‍ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതി നടപടി.
അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ ദ്വീപിന്റെ പാരമ്പര്യ, സാംസ്കാരിക തനിമയ്ക്ക് കോട്ടം വരുത്തിയെന്ന് കാണിച്ച് നേരത്തെ കെപിസിസി സെക്രട്ടറി നൗഷാദ് അലി സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയിരുന്നു. ലക്ഷദ്വീപ് ഭരണകൂടം തയാറാക്കിയ കൊറോണ എസ്ഒപി, താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ഉത്തരവ്, ഡയറി ഫാമുകള്‍ അടച്ചു പൂട്ടുന്നതിന് എടുത്ത തീരുമാനം എന്നിവയ്ക്കെതിരായ ഹര്‍ജികളും കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: