ന്യൂദല്‍ഹി: ബാങ്കിംഗ് മേഖല ശക്തിപ്പെടുത്താനുള്ള സത്വര നടപടി സ്വീകരിച്ചതായും അതിന്റെ ഭാഗമായി നിഷ്ക്രിയ ആസ്തി കൈകാര്യം ചെയ്യാനുള്ള കമ്പനിയുടെ സെക്യൂരിറ്റി രശീതിന് കേന്ദ്രസര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. ഇതിനായി 30,600 കോടി രൂപ മന്ത്രിസഭ അനുവദിച്ചു. മോശം ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കൈകാര്യം ചെയ്യാനായി ‘നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ്’ ആണ് രുപീകരിച്ചത്. ഈ കമ്പനി നല്കുന്ന സെക്യൂരിറ്റി രശീതിനാണ് കേന്ദ്രസര്‍ക്കാര്‍ ഗ്യാരന്റി നല്‍കുക. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയായ രണ്ടുലക്ഷം കോടി രൂപയാണ് എന്‍.എ.ആര്.സി.എല്‍. ഘട്ടംഘട്ടമായി ഏറ്റെടുക്കുക. 15 ശതമാനം പണമായും 85 ശതമാനം സെക്യൂരിറ്റി രശീതിയായുമാണ് നല്‍കുക. അതിന്മേലായിരിക്കും കേന്ദ്രത്തിന്റെ ഗ്യാരന്റി.
നോണ്‍ പെര്‍ഫോമിംഗ് അസറ്റുകള്‍ എന്‍ആര്‍സിഎല്ലിന് കൈമാറും. അതുവഴി ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകള്‍ വൃത്തിയാക്കാനും സാമ്പത്തിക പ്രവര്‍ത്തനത്തെ പിന്തുണച്ച് വളര്‍ച്ചാ മൂലധനം സ്വതന്ത്രമാക്കാനുമാകും. അവര്‍ക്ക് അപ്പോള്‍ സ്വന്തമായി നില്‍ക്കാനും ബിസിനസ്സ് ചെയ്യാനും കഴിയും.
കമ്പനി നിയമപ്രകാരം രൂപീകരിച്ചതാണ് എന്‍.എ.ആര്.സി.എല്‍. കഴിഞ്ഞ ബജറ്റില്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടായിരുന്നു. കമ്പനിയുടെ 51 ശതമാനം ഉടമസ്ഥത പൊതുമേഖലാ ബാങ്കുകള്‍ക്കാണ്. ഇതോടൊപ്പം ‘ഇന്ത്യ ഡെറ്റ് റസലൂഷന്‍ കമ്പനി ലിമിറ്റഡും’ (ഐ.ഡി.ആര്.സി.എല്‍.) രൂപവത്കരിച്ചിട്ടുണ്ട്. ആസ്തികള്‍ കൈകാര്യം ചെയ്യാനുള്ള കമ്പനിയാണിത്. വിപണിവിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും സഹായത്തോടെയാണ് കമ്പനി പ്രവര്‍ത്തിക്കുക. പൊതുമേഖലാ ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും ഇതില്‍ 49 ശതമാനം ഉടമസ്ഥാവകാശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: