ബാനുനെഗാറിന്റെ അരുംകൊലയുടെ ഹൃദയഭേദകമായ വാര്‍ത്തയാണ് കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് അഫ്ഗാനിസ്ഥാനില്‍ നിന്ന് കേട്ടത്. ഇസ്ലാമികഭീകരസംഘടനയായ താലിബാന്റെ പിടിയില്‍ ഞെരിഞ്ഞമര്‍ന്ന അഫ്ഗാന് ജനത നേരിട്ടുകൊണ്ടിരിക്കുന്ന കൊടും ക്രൂരതയുടെ ഭയാനകമായ കാഴ്ചകള്‍. ആരുടെയും കരളലയിക്കുന്ന കിരാതമായ കൊലപാതകം. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയില്‍ പോലീസുകാരിയായി സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന ബാനുനെഗാര്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നത്രെ. സ്വന്തം വീട്ടില്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം കഴിയുമ്പോഴാണ് താലിബാനിസ്റ്റുകള്‍ അവളെവീട്ടിനുള്ളില് സ്വന്തക്കാരുടെ മുന്നിലിട്ട് വെടിവെച്ചു കൊല്ലുന്നത്. സര്‍ക്കാറില്‍ പോലീസുകാരിയായി ജോലി ചെയ്യുന്നു എന്നതാണ് അവരുടെ കുറ്റം..!? പിടഞ്ഞ് മരിച്ചത് അവള് മാത്രമല്ല. ഏതാനും ആഴ്ചകള്‍ കഴിഞ്ഞാല്‍ സൂര്യോദയം കണ്ട് ഈ ഭൂമിയിലേക്ക് പിറന്ന് വീഴാന്‍ ആഗ്രഹിച്ച് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ശാന്തവും സുരക്ഷിതവുമായികഴിഞ്ഞ ഒരു കുഞ്ഞുകൂടിയാണ്.
ഇസ്ലാമികനിയമമനുസരിച്ച് ഭരണമാരംഭിച്ച താലിബാനിസത്തില്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും കുട്ടികളും നേരിട്ടുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത നരകയാതനകളുടെ ദുരന്ത ചിത്രങ്ങള്‍ അനുദിനം ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. കാബൂള്‍ വിമാനത്താവളത്തിന് ചുറ്റും വരിഞ്ഞുകെട്ടി ഉയര്‍ത്തിയ മുള്ളുവേലിക്കരുകില്‍ നിന്ന് അമേരിക്കന്‍ സൈനികര്‍ക്ക് നേരെ കൈനീട്ടി സഹായം അഭ്യര്‍ത്ഥിച്ച് ആര്‍ത്തുകരയുന്ന അഫ്ഗാനിലെ മുസ്ലിം സഹോദരിമാര്‍. ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്നുറപ്പുണ്ടായിട്ടും അവരെങ്കിലും രക്ഷപ്പെടട്ടെ എന്നു കരുതി സ്വന്തം കൈക്കുഞ്ഞുങ്ങളെ തുണിയില്‍ പൊതിഞ്ഞ് ഇരുമ്പ് വേലിക്കപ്പുറത്തേയ്ക്ക് സൈനികര്‍ക്ക് എറിഞ്ഞുകൊടുക്കുന്ന അമ്മമാര്‍…!
ഇസ്ലാമിക ഭരണസംവിധാനത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ എന്തായിരിക്കുമെന്ന് ലോകത്തിന് ബോധ്യപ്പെടാന്‍ ഇതില്‍പ്പരം മറ്റെന്ത് അനുഭവമാണ് വേണ്ടത്? സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി ഐക്യരാഷ്ട്രസഭയ്ക്ക് കീഴില്‍ പ്രത്യേക സംവിധാനം നിലനില്‍ക്കുമ്പോഴാണ് അവയേയും നോക്കുകുത്തികളാക്കി മതഭീകരത സംഹാരത്തിന്റെ അഴിഞ്ഞാട്ടം നടത്തികൊണ്ടിരിക്കുന്ന്.
സിറിയയില്‍ ഐഎസ്ഐഎസ്സിന്റെ നിഷ്ഠൂരമായ വേട്ടയാടലിന് വിധേയരായിക്കൊണ്ടിരിക്കുകയാണ് യസീദികളും, കുര്‍ദുകളും. പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ യുവതികളെചങ്ങലക്കിട്ട് സിറിയന്‍ തെരുവുകളില്‍,ചന്തകളില്‍ ലേലം വിളിച്ച് വില്‍ക്കുന്ന കാട്ടാളനീതിയുടെ കാഴ്ചകള്‍ എത്രഭയാനകമാണ്. ഇസ്ലാമിക ഭീകരതയുടെ കൊലക്കത്തിയ്ക്കും , തോക്കിനും ഇരയായ യസീദികളുടെയും, കുര്‍ദുകളുടെയും എണ്ണം പോലും തിട്ടപ്പെടുത്താന്‍ ലോകത്തിനായില്ല. ഇതിനിടയില്‍ വിദേശപൗരന്മാരെ കലാകാരന്മാരെ, മാധ്യമപ്രവര്‍ത്തകരെ എല്ലാം തിരഞ്ഞ് പിടിച്ച് കൈകാലുകള്‍ ബന്ധിച്ച് മണലാരണ്യങ്ങളില്‍ തലകൊയ്തെടുക്കുന്ന എത്രയെത്ര കാഴ്ചകള്‍ക്കാണ് ഇക്കാലയളവില്‍ മാനവസമൂഹം സാക്ഷ്യം വഹിച്ചത്.
ഇസ്ലാമിക- ശരിയത്ത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഭരണസംവിധാനം സ്ഥാപിച്ചെടുക്കുന്ന ആധുനിക ലോകാനുഭവത്തില്‍ നിന്നു കൊണ്ട് നമുക്ക് ഇരുപത്തിയൊന്നിലെ മലബാര്‍ മാപ്പിള കലാപത്തെ സത്യസന്ധമായി വായിച്ചെടുക്കാവുന്നതാണ്.
മതനിയമങ്ങള്‍ കാലത്തിനനുസരിച്ച് മാറ്റുകയോ, പരിഷ്കരിക്കുകയോ ചെയ്യുക സാധ്യമല്ലെന്ന ഇസ്ലാമിസ്റ്റുകളുടടെ വാദഗതിപോലെത്തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇസ്ലാമിക ഭരണവ്യവസ്ഥ സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടി അവര്‍ സ്വീകരിക്കുന്ന ‘രീതി ശാസ്ത്ര’ത്തിനും കാലഭേദങ്ങളില്ല എന്നത് . 1921 ലെ മലബാറിനെയും ആധുനിക സിറിയയെയും, അഫ്ഗാനിസ്ഥാനെയും തമ്മില്‍ താരതമ്യംചെയ്യുമ്പോള്‍ നമുക്ക് ബോധ്യപ്പെടുന്നതാണ്.
മുല്ലബരാദറിന്റെയും, മുല്ലമുഹമ്മദിന്റെയും സിറാജുദ്ദീന് ഹഖാനിയുടെയും, അനസ് ഹഖാനിയുടെയുമെല്ലാം നേതൃത്വത്തില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് അഫ്ഗാന് ഇന്ന് മനുഷ്യക്കുരുതിയുടെ മണ്ണായി മാറിയതെങ്കില്; വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെയും, ആലിമുസിലിയാരുടെയും, ചെമ്പ്രശ്ശേരി തങ്ങളുടെയും , കൊന്നാരതങ്ങളുടെയും നേതൃത്വത്തില്‍ അന്ന് മലബാറില്‍ നടന്ന ‘ഹിന്ദുവംവംശഹത്യ’ ഖിലാഫത്ത് ഭരണം സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു. ആധുനികയുദ്ധോപകരണങ്ങളും യന്ത്രത്തോക്കുകളും ഉണ്ടായിരുന്നില്ല എന്നതൊഴിച്ചാല്‍ 1921- ലെ മലബാറിലെയും. 2021 ലെ അഫ്ഗാനിലെയും മതരാജ്യസ്ഥാപനത്തിന്റെ ‘രീതിശാസ്ത്രം’ ഒന്നുതന്നെ.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ സ്ഥാപിച്ച രാജ്യമായിരുന്നു അല്‍ദൗള (വിശുദ്ധനാട്). മലബാറിലെ ഡെപ്യൂട്ടി കളക്ടറായിരുന്ന ദിവാന് ബഹദൂര്‍ സി. ഗോപാലന് നായര്‍ വാരിയംകുന്നനെ സാക്ഷ്യപ്പെടുത്തുന്നതിങ്ങനെയാണ്. ”ഹിന്ദുക്കളുടെ രാജാവും മുസ്ലിംങ്ങളുടെ അമീറും, ഖിലാഫത്ത് സേനയുടെ കേണലുമായി അയാള്‍ സ്വയം ചമഞ്ഞു. തൊപ്പിവെച്ച്, ഖിലാഫത്ത് യൂണിഫോം അണിഞ്ഞ് ബാഡ്ജ് കുത്തി വാളും പിടിച്ചാണ് ഹാജി സഞ്ചരിച്ചത്. ഏറനാട്, വള്ളുവനാട് രാജ്യത്തില്‍ പരമാധികാര സ്വരാജ് നടത്തി” (1921, മാപ്പിള ലഹള പുറം 85)
ആലി മുസലിയാര്‍ സ്ഥാപിച്ചതും ഖിലാഫത്ത് ഭരണമായിരുന്നുവെന്നും അദ്ദേഹം സ്വയം ഖലീഫയായി അവരോധിതനായതാണെന്നും മോഴിക്കുന്നത്ത് ബ്രഹ്മദത്തന് നമ്പൂതിരിപ്പാട് തന്റെ ഖിലാഫത്ത് സ്മരണകള്‍ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു.
1921 ആഗസ്റ്റ് 21 ന് കലക്ടറും പാര്‍ട്ടിയും കോഴിക്കോട്ടേയ്ക്ക് മടങ്ങിപ്പോയതിന് ശേഷം ആലി മുസലിയാര്‍ തിരൂരങ്ങാടി പള്ളിയില്‍ ഒരു ചെറി ഖലീഫയായി അധികാരത്തിലിരുന്നു. ഖുറാനിലെ അനുശാസനകള്‍ക്കനുസരിച്ച് മുസലിയാര്‍ ശിക്ഷാ രക്ഷകള്‍ നടത്തിപ്പോന്നു (ഖിലാഫത്ത് സ്മരണകള്‍ പു: 50,51) ചെമ്പ്രശ്ശേരിതങ്ങളും, കൊന്നാരതങ്ങളും പിന്തുടര്ന്നത് ഇതേ രീതിയായിരുന്നുവെന്ന് കെ. മാധവന് നായരുടെയും,സി. ഗോപാലന്നായരുടെയുമെല്ലാം പുസ്തകങ്ങള്‍ വ്യക്തമാക്കുന്നു.
യസീദി,കുര്‍ദ് അഫ്ഗാനിസ്ത്രീകള്ക്ക് നേരെ ഇന്ന് ഇസ്ലാമിക ഭീകരര്‍ നടത്തുന്ന കൊടുംക്രൂരതയുടെ സമാനസ്വഭാവമായിരുന്നു 1921 ല്‍ മലബാറിലെ മാപ്പിളകലാപത്തിലും ഉണ്ടായിരുന്നതെന്ന് തെളിയിക്കുന്ന വസ്തുനിഷ്ഠമായ ചരിത്രരേഖകളുണ്ട്. കുമാരനാശാന്റെ ‘ദുരവസ്ഥ’ തന്നെ സത്യം വിളിച്ചു പറയുന്നുണ്ട്.
”ആഹാ! മ്ലേച്ഛന്മാരാകായില് കടന്നോരോ
സാഹസംചെയ്കയായ് സ്ത്രീജനത്തില്‍.
മച്ചിന്മേല്‍നിന്നു നിലവിളികേള്‍ക്കുന്നു
മച്ചേതന പിടയുന്നതുള്ളില്‍
കൂട്ടില്‍ കടന്നോമല്പ്രാവിന്പിടകളെ-
ക്കാട്ടുപോക്കന്മാര്പോലെന്റെ ശംഭോ!
ദുഷ്ടമുസല്മാന്ന്മാര്കേറിപ്പിടക്കയോ
കെട്ടിന്നകത്തുള്ളബലമാരെ!
ശ്രീദേവി, സീത ചിരുത തുടങ്ങിയ
ഭൂദേവ സ്ത്രീകളും ദാസിമാരും
ആരോമല്‍ മേനിമാര്കഷ്ടംപിടയുന്നീ
ക്രൂരര്തന്കൈകളിലോരോരോപേര്
അല്ലല്ലയെന്തെല്ലാം ചെയ്യുന്നു കശ്മലര്‍
നല്ലാര്‍ജനങ്ങളെ കാണ്‍കവയ്യേ!
അമ്മമാരില്ലേ, സഹോദരിമാരില്ലേ!
യീമ്മൂര്ഖര്ക്കീശ്വരചിന്തയില്ലേ!
ഹന്ത!മതമെന്ന് ഘോഷിക്കുന്നല്ലോയീ-
ജ്ജന്തുക്കളെന്നതില്, നീതിയില്ലേ!
(ദുരുവസ്ഥ പുറം: 22)
മലബാര്‍ കലാപകാലത്ത് ഹിന്ദുസ്ത്രീകള്‍ അനുഭവിക്കേണ്ടിവന്ന വിവരണാതീതമായ ക്രൂരുതകളുടെ നേര്‍സാക്ഷ്യമാണ് അന്ന് സ്ത്രീകള്‍ ഒരുമിച്ച് ചേര്‍ന്ന് റെഡിങ്ങ് പ്രഭ്വിക്ക് സമര്‍പ്പിച്ച നിവേദനം. ഒരു പക്ഷെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഒരേ ഒരു സംഭവമായിരുന്നു ഈ ‘സ്ത്രീപക്ഷ കൂട്ടായ്മ’. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള മുന്നേറ്റമായിരുന്നു മലബാര്‍ കലാപം എന്ന് വാദിക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കേണ്ടത് ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ഇന്ത്യയിലൊരിടത്തും സ്ത്രീകളും, കുട്ടികളും നേരിടേണ്ടിവന്നിട്ടില്ലാത്ത കൊടുംപാതകമായിരുന്നു മലബാറിലെ മാപ്പിളകലാപകാരികളില്‍ നിന്ന് അവര്‍ നേരിട്ടതെന്നതാണ്.
ഹൃദയഭേദകമായ ദുരിതാനുഭവങ്ങളാണ് നൂറ് കണക്കിന് സ്ത്രീകള്‍ ഒപ്പിട്ടുനല്‍കിയ നിവേദനത്തില്‍ വിവരിക്കുന്നത് ”രാക്ഷസ സ്വഭാവികളായ ലഹളക്കാര്‍ നടത്തിയ ഘോരകൃത്യങ്ങളെയും ബീഭത്സപ്രവൃത്തികളേയും കുറിച്ച് താങ്കള്‍ക്ക് പൂര്‍ണ്ണവിവരങ്ങള്‍ ഒരു പക്ഷെ ലഭിച്ചിട്ടുണ്ടായിരിക്കില്ല. പൂര്‍വ്വികരുടെ മതം പരിത്യജിക്കുവാന്‍ വിസമ്മതിച്ച ഞങ്ങളുടെ ഉറ്റബന്ധുക്കളെ അംഗഭംഗപ്പെടുത്തി അര്‍ദ്ധ പ്രാണരാക്കി തള്ളിവിട്ടു നിറച്ച അനേകം കിണറുകളെയും കുളങ്ങളെയും കുറിച്ചും; വെട്ടിമുറിച്ചും – ചിലപ്പോള്‍ കൊത്തിച്ചതച്ചും, ശവത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നു തള്ളിനില്ക്കുന്ന ജനിച്ചിട്ടില്ലാത്ത ശിശുക്കളോടുകൂടി റോഡരികിലും, കുറ്റിക്കാടുകളിലും ഇട്ടേച്ചു പോയ ഗര്‍ഭിണികളെക്കുറിച്ചും, ഞങ്ങളുടെ കൈയില്‍ നിന്ന് പിടിച്ചുപറിച്ചെടുത്തു ഞങ്ങളുടെ കണ്മുന്പില് വെച്ചു കൊലചെയ്യപ്പെട്ട നിര്‍ദ്ദോഷികളും, അശരണരുമായ കുട്ടികളെ കുറിച്ചും ബന്ധുജനങ്ങളുടെ ഇടയില്‍ നിന്ന് ബലാല്ക്കാരേണ പിടിച്ചുകൊണ്ടുപോയ ഈ നിര്ദ്ദയരായപിശാചുക്കളുടെ നിന്ദ്യവും മൃഗീയവുമായ എല്ലാതരം കളങ്കത്തിനും, മാനഭംഗത്തിനും കീഴ്പ്പെടേണ്ടി വന്ന ഞങ്ങളുടെ സഹോദരിമാരെക്കുറിച്ചും, പുഷ്പമാലകള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്ന ഈശ്വരവിഗ്രഹങ്ങള്‍ പശുക്കളുടെ കുടല്‍മാല അണിയിച്ചു അപമാനിക്കുകയും അടിച്ചുതകര്‍ക്കുകയും ചെയ്തതിനെക്കുറിച്ചും അറിഞ്ഞിട്ടുണ്ടായിരിക്കയില്ല.. (1921 പാഠവും പൊരുളും പുറം: 27)
എട്ടുമാസം ഗര്‍ഭിണിയായിരുന്ന ബാനുനെഗാര്‍ ഇന്ന് താലിബാനിസ്റ്റുകളുടെ വെടിയേറ്റ് കുടുംബാംഗങ്ങളുടെ മുന്നില്‍ക്കിടന്ന് പിടഞ്ഞു മരിക്കുമ്പോള്‍ 1921 ല്‍ മലബാറില്‍ ഹിന്ദുസ്ത്രീകള്‍ നേരിട്ടത് ഇതിലെറെ ഭയാനകമായിരുന്നുവെന്ന് കെ. മാധവന് നായരുടെ അനുഭവക്കുറിപ്പുകളില്‍ വായിക്കാം (മലബാര്‍ കലാപം പുറം 222)
1921 ല്‍ മലബാറിലെ ഹിന്ദുസ്ത്രീകള്‍ക്ക് മുസ്ലിം കലാപകാരികളില്‍ നിന്ന് നേരിട്ട അതേപീഡനങ്ങളും ക്രൂരതകളും നൂറ്വര്ഷങ്ങള്ക്കിപ്പുറം 2021 ല്‍ യസീദിസ്ത്രീകളും അഫ്ഗാന് സ്ത്രീകളും നേരിട്ടുകൊണ്ടിരിക്കുന്നു. വ്യത്യാസം ഒന്നേയുള്ളൂ. മലബാറിലെ സ്ത്രീ ഏഴ് മാസം ഗര്‍ഭിണിയായിരുന്നെങ്കില്‍ അഫ്ഗാനിലെ ബാനുനെഗാര്‍ എട്ട് മാസം തികഞ്ഞ ഗര്‍ഭിണിയായിരുന്നു. നൂറ് വര്‍ഷം മുമ്പ് മാപ്പിള ‘ക്കത്തി’യായിരുന്നെങ്കില്‍ ഇന്ന് യന്ത്രത്തോക്കുകള്‍. അപ്പോഴും ഇസ്ലാമിക ജിഹാദികളുടെ രീതിശാസ്ത്രത്തില്‍ അണുകിടവ്യത്യാസമില്ല. സ്ത്രീസ്വാതന്ത്ര്യം, സ്ത്രീ-പുരുഷസമത്വം, തുല്യത എന്നിങ്ങനെ സ്ത്രീപക്ഷചിന്തകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് പരിഷ്കൃതസമൂഹം ഇന്ന് മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതേ സന്ദര്‍ഭത്തില്‍ തന്നെ ലോകത്തിന്റെ പലകോണുകളിലും ഇസ്ലാമിക മതഭീകരതയുടെ കരാള ഹസ്തങ്ങളില്‍ പിടഞ്ഞ് ജീവിക്കാനുള്ള അവകാശം പോലും നഷ്ടപ്പെടുന്ന സ്ത്രീത്വത്തിന്റെ ദാരുണ മുഖമാണ് നാം കാണുന്നത്.
അഫ്ഗാനില്‍ വെടിയുണ്ടയേറ്റ് പിടഞ്ഞ് മരിച്ച ബാനുനെഗാറിന്റെയും ഗര്സ്ഥശിശുവിന്റെയും ചുടുചോര ഒലിച്ചിറങ്ങിയത് ചരിത്രത്തിലേയ്ക്കും, കാലത്തിലേയ്ക്കുമാണ്. നൂറ്റാണ്ടുകളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന മതപീഡനങ്ങളില്‍ കാല-ദേശ ഭേദങ്ങളില്ലാത്ത ഒഴുകിക്കൊണ്ടിരിക്കുന്ന മനുഷ്യരക്തത്തിന്റെയും , കബന്ധങ്ങളുടെയും ഓരവും പേറിയുള്ള ഈ മതാന്ധതയുടെ യാത്രസ്വര്ഗ്ഗലോകത്തിലേയ്ക്കോ…!?
പ്രതികരിക്കാൻ ഇവിടെ എഴുതുക: