കാബൂള്‍: പാകിസ്ഥാന് പിന്തുണയുള്ള അതിതീവ്രവാദികളായ ഹഖാനി സംഘത്തിന്റെ പ്രതിനിധികളെ പുതിയ താലിബാന് സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഉപപ്രധാനമന്ത്രിയായ മുല്ല ബരാദര്‍ പ്രതിഷേധശബ്ദമുയര്ത്തിയതായി റിപ്പോര്‍ട്ട്. പ്രതിഷേധത്തിന്റെ ഭാഗമായി താലിബാന് സര്‍ക്കാര്‍ രൂപീകരണചര്‍ച്ചകളില്‍ നിന്നും മുല്ല ബരാദര്‍ വിട്ടുനിന്നതായും റിപ്പോര്‍ട്ടുണ്ട്. പകരം ആഭ്യന്തരമന്ത്രിയായ സിറാജുദ്ദീന് ഹഖാനിയും അഭയാര്‍ത്ഥികളുടെ മന്ത്രിയായ ഖലീല്‍ ഉര് റഹ്മാന് ഹഖാനിയും പാകിസ്ഥാനും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നെന്ന് പറയപ്പെടുന്നു.
കഴിഞ്ഞയാഴ്ച മുല്ല ബരാദറും ഹഖാനിമാരുമായും ശണ്ഠയുണ്ടായതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താനുള്‍പ്പെടെയുള്ളവര്‍ നിര്‍വ്വഹിച്ച നയതന്ത്രനീക്കങ്ങളാണ് താലിബാന് സര്‍ക്കാരിന് കാരണമായതെന്നും ഈ നയതന്ത്രനീക്കങ്ങള്‍ക്ക് പ്രധാന്യം നല്‍കണമെന്നും മുല്ല ബരാദര്‍ വാദിച്ചതായും പറയുന്നു. മുല്ല ബരാദറാണ് ഖത്തറില്‍ യുഎസ് സേനാ പിന്മാറ്റവും ചൈനയുമായുള്ള ചര്‍ച്ചകളും മറ്റും നടത്തിയത്. യുഎസ് ഉള്‍പ്പെടെയുള്ള നാറ്റോ സഖ്യത്തിന്റെ പ്രതിനിധിയാണ് മുല്ല ബരാദറെന്നും വ്യക്തമാണ്. എന്നാല്‍ തങ്ങള്‍ യുദ്ധം ചെയ്താണ് അഫ്ഗാന് പിടിച്ചതെന്നും അതാണ് താലിബാന് സര്‍ക്കാരിന്റെ രൂപീകരണത്തില്‍ കലാശിച്ചതെന്നും ഹഖാനി നേതാക്കള്‍ വാദിക്കുന്നു. ഇത് ഇരുവിഭാഗത്തിലെയും നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റത്തിലും ഇരുവിഭാഗത്തിലെയും അനുയായികള്‍ തമ്മിലുള്ള കയ്യേറ്റത്തിലും കലാശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇതിന് ശേഷമാണ് മുല്ല ബരാദര്‍ അപ്രത്യക്ഷനായത്. ഇദ്ദേഹം അതിന് ശേഷം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ബരാദര്‍ കാണ്ഡഹാറിലുണ്ടെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇദ്ദേഹം താലിബാനാല്‍ കൊല്ലപ്പെട്ടെന്നും ഹഖാനിമാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ദോഹയില്‍ യുഎസുമായി താലിബാന് പ്രതിനിധിയെന്ന നിലയില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ച മുല്ല ബരാദര്‍ താലിബാന് സര്‍ക്കാരിലെ പ്രധാനമന്ത്രിയാകും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ അവസാനനിമിഷം അദ്ദേഹത്തിന് പകരം മുല്ല മുഹമ്മദ് ഹസ്സന് അഖുന്ദിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. പകരം മൗലവി ഹനഫിക്കൊപ്പം മുല്ല ബരാദറിനെ ഉപപ്രധാനമന്ത്രിയാക്കി. എന്നാല്‍ പാകിസ്ഥാന് പിന്തുണയുള്ള ഭീകരശൃംഖലയായ ഹഖാനിസംഘത്തിലെ സിറാജുദ്ദീന് ഹഖാനിക്കും ഖലീല്‍ ഉര് റഹ്മാന് ഹഖാനിയ്ക്കും മന്ത്രിസ്ഥാനങ്ങള്‍ നല്കി. ഈ പുതിയ താലിബാന് സര്‍ക്കാരില്‍ കടുത്ത അസംതൃപ്തി മുല്ല ബരാദറിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: