ന്യൂദല്‍ഹി:വാഹനങ്ങളുടെയും സ്പെയര്‍പാര്‍ട്സുകളുടെയും ഡ്രോണുകളുടെയും ഉല്പാദനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് 26,058 കോടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ഈ ഉല്പാദന ഉത്തേജക പദ്ധതികള്‍ വാഹനവ്യവസായരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ഈ ഉല്പാദന ഉത്തേജക പദ്ധതി മൂലം 7.6 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് കണക്ക് കൂട്ടുന്നതായും അനുരാഗ് താക്കൂര്‍ പറയുന്നു.
ആധുനിക വാഹനങ്ങള്‍, വാഹനങ്ങള്‍ക്കാവശ്യമായ സ്പെയര്‍ പാര്‍ട്സുകള്‍, ഡ്രോണുകള്‍ എന്നിവയുടെ ഉല്പാദനം വര്‍ധിപ്പിക്കുകയും ഈ മേഖലകളില്‍ ചാമ്പ്യന്‍ കമ്പനികളെ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു.
വാഹനഉല്പാദന വ്യവസായങ്ങള്‍, വാഹന പാര്‍ട്സ് നിര്‍മ്മാണ വ്യവസായം, ഡ്രോണ്‍ വ്യവസായം എന്നീ മേഖലകളില്‍ ഉല്പാദനം വര്‍ധിപ്പിക്കാന്‍ ഉത്തേജകപദ്ധതി എന്ന നിലയിലാണ് 26,058 കോടി കേന്ദ്രം അനുവദിച്ചത്. ഇതില്‍ വാഹന-സ്പെയര്‍പാര്‍ട്സ് വ്യവസായരംഗത്തെ ഉല്പാദനത്തിനുള്ള ഉത്തേജക പദ്ധതി വിഹിതമായി 25,929 കോടി രൂപ നല്‍കും. 120 കോടി രൂപ ഡ്രോണ്‍ വ്യവസായത്തിനും വകയിരുത്തും.ഈ രംഗങ്ങളിലെ ഉല്പാദനശേഷി വര്‍ധിപ്പിക്കുക, ആധുനിക വാഹന സാങ്കേതിക വിദ്യയുടെ ആഗോള വിതരണശൃംഖല ഇന്ത്യയില്‍ സൃഷ്ടിക്കുക എന്നീ വലിയ ലക്ഷ്യങ്ങളാണ് ഇതിന് പിന്നില്‍.
‘വാഹന ഘടക (സ്പെയര്‍ പാര്‍ട്സ്) മേഖലയില്‍ ഇപ്പോള്‍ 1500 കോടി ഡോളറിന്റെ കയറ്റുമതിയും 1700 കോടി ഡോളറിന്റെ ഇറക്കുമതിയും ഉണ്ട്. പുതിയ പ്രോത്സാഹനപദ്ധതി നടപ്പാക്കുന്നതോടെ 1700 കോടി ഡോളറിന്റെ ഇറക്കുമതി കുറയ്ക്കാനാവും,’- കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
2022-23 സാമ്പത്തികവര്‍ഷം തുടങ്ങി അഞ്ച് വര്‍ഷത്തേക്കാണ് 26,058 കോടി രൂപ നല്‍കുക. ഈ പദ്ധതിയില്‍ ഉള്‍പ്പെടാനുള്ള കമ്പനികളുടെ അടിസ്ഥാന യോഗ്യതാ മാനദണ്ഡം 2019-20 സാമ്പത്തികവര്‍ഷത്തില്‍ ആരംഭിച്ച സ്ഥാപനം എന്നതായിരിക്കും.
ഉല്പാദനരംഗത്തെ ഈ ഉത്തേജക പദ്ധതി വാഹനങ്ങളുടെയും സ്പെയര്‍പാര്‍ട്സുകളുടെയും മേഖലകളില്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ 42,500 കോടിയിലധികം രൂപയുടെ പുതിയ നിക്ഷേപം കൊണ്ടുവരുമെന്ന് കണക്കുകൂട്ടുന്നു. 2.3 ലക്ഷം കോടിയിലധികം രൂപയുടെ അധിക ഉല്പാദനം ഈ മേഖലകളില്‍ ഉണ്ടാകുമെന്ന് കണക്ക് കൂട്ടുന്നു. 7.5 ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും കണക്ക് കൂട്ടുന്നു. ഡ്രോണ്‍ പദ്ധതി മൂന്നു വര്‍ഷം കൊണ്ടം 5,000 കോടി രൂപയുടെ നിക്ഷേപത്തിലേക്കു നയിക്കും. വില്‍പ്പനയില്‍ 1500 കോടി രൂപയുടെ വര്‍ധനവിനും 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: