ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് വ്യാപകമായ ആക്രമണങ്ങളും സ്ഫോടനങ്ങളും നടത്താന്‍ പദ്ധതിയിട്ട ആറു ഭീകരരെ ദല്‍ഹി പോലീസിന്റെ സ്പെഷല്‍ സെല്‍ പിടികൂടി. ഇവരില്‍ രണ്ടു പേര് പാകിസ്ഥാനില്‍ പരിശീലനം ലഭിച്ചവരാണ്. 26/11 മോഡല്‍ ഭീകരാക്രമണമാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. സ്ഫോടക വസ്തുക്കളടക്കം വന്‍ ആയുധ ശേഖരം ഭീകരരില്‍ നിന്നു പിടിച്ചെടുത്തു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ദല്‍ഹി, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ നടന്ന വിവിധ റെയ്ഡുകളെത്തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്തതെന്ന് ദല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ ഡിസിപി പ്രമോദ് കുശ്വാഹ പറഞ്ഞു. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ഇന്ന് അടിയന്തര സുരക്ഷ യോഗം വിളിച്ചിട്ടുണ്ട്. പിടിയിലായവരെ കൂടാതെ കൂടുതല്‍ തീവ്രവാദികള്‍ രാജ്യത്ത് എത്തിയതായാണ് വിവരം. ഇതേത്തുടര്‍ന്ന് അതീവജാഗ്രത നിര്‍ദേശം സുരക്ഷ ഏജന്‍സികള്‍ നല്‍കിയിട്ടുണ്ട്.
പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച അലഹബാദ് സ്വദേശി ഒസാമ സമി (22), സീഷാന്‍ ഖമര്‍ (28) എന്നിവരെ പ്രയാഗ്രാജില് നിന്ന് ഉത്തര്‍പ്രദേശ് എടിഎസിന്റെ സഹായത്തോടെയാണ് ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര സ്വദേശി ജാന്‍ മുഹമ്മദ് ഷെയ്ക് എന്ന സമീര്‍ കാലിയ (47), യുപി റായ്ബറേലി സ്വദേശി മൂല്‍ചന്ദ് സാജു ലാല (47), അബൂബക്കര്‍ (23), ലഖ്നൗ സ്വദേശി അമീര്‍ ജാവേദ് (31) എന്നിവരാണ് അറസ്റ്റിലായ മറ്റു ഭീകരര്‍. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് അനീസ് ഇബ്രാഹിമുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ഇയാളാണ് പാകിസ്ഥാനില്‍ നിന്നു സ്ഫോടക വസ്തുക്കളും ആയുധങ്ങളും ഭീകരര്‍ക്ക് നല്‍കുന്നത്. ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നതും അനീസാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: