ന്യൂദല്‍ഹി: ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പടുത്തുന്നതിനെപ്പറ്റി സജീവചിന്തയുമായി കേന്ദ്ര സര്‍ക്കാര്‍. വെള്ളിയാഴ്ച ലഖ്‌നൗവില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച ചില സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നറിയുന്നു. ഇതോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനെ എതിര്‍ക്കാനുള്ള നീക്കവും സജീവമാക്കിയിരിക്കുകയാണ്.
പ്രധാനമായും പൊതുജനങ്ങളെയും നിത്യജീവിതത്തെയും ബാധിക്കുന്ന പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. വില കുത്തനെ കുറയുമെന്നിരിക്കെ ഈ രണ്ട് ഉത്പന്നങ്ങളൊഴികെ മറ്റേതെങ്കിലും ഒന്നോ രണ്ടോ ഉത്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയേക്കും.
എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ക്കാനാണ് കേരളത്തിന്റെ തീരുമാനമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. നികുതി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ് പുതിയ തീരുമാനമെന്ന വാദമാണ് കെ.എന്‍. ബാലഗോപാല്‍ ഉയര്‍ത്തുന്നത്. കേന്ദ്രത്തിനെതിരെ സമ്മര്‍ദ്ദം ചെലുത്തി ഈ നീക്കമുപേക്ഷിക്കാന്‍ കേരളം മറ്റ് സംസ്ഥാനങ്ങളെക്കൂടി അണിനിരത്താനും ആലോചിക്കുന്നുണ്ട്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മുന്‍പ് ബിജെപി വിരുദ്ധ സംസ്ഥാനസര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ശക്തമായ എതിര്‍നീക്കമുണ്ടായേക്കുമെന്ന് കരുതുന്നു.
ഇന്ധനവില വര്‍ധന തടയാന്‍ പെട്രോള്‍-ഡീസല്‍ വില ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിച്ചു കൂടെ എന്ന് കേരള ഹൈക്കോടതി മുന്‍പ് ചോദിച്ചിരുന്നു.കേരള ഹൈക്കോടതിയുടെ നിര്‍ദേശം അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പരിഗണമിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം കോടതിയില്‍ മറുപടി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സപ്തംബര്‍ 17ന വെള്ളിയാഴ്ച ലഖ്‌നോവില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം പരിഗണിക്കുന്നത്. കലാടി സര്‍വ്വകലാശാല മുന്‍ വിസി ഡോ. എം.സി. ദിലീപ്കുമാറാണ് ഹൈക്കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്.
ചിലപ്പോള്‍ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന എവിയേഷന്‍ ഓയിലും ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് അഭ്യൂഹമുണ്ട്. ഇന്ധന വിലവര്‍ധനവ് കാരണം വിമാന ടിക്കറ്റ് നിരക്ക് ക്രമാതീതമായി ഉയരുന്നത് തടയുന്നതിനാണിത്. ഇക്കാര്യം കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും നിര്‍ദേശിച്ചിരുന്നതായി അറിയുന്നു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: