കൊച്ചി : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചു നടന്ന വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ വലിയ ആള്‍ക്കൂട്ടം പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ഹൈക്കോടതി. രവി പിള്ളയുടെ മകന്റെ വിവാഹത്തിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വന്നതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രനും, കെ. ബാബുവും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസേറ്റെടുത്തത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 12 പേര്‍ക്ക് മാത്രമേ നിലവില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പാടുള്ളൂ എന്ന നിര്‍ദ്ദേശം ഉണ്ടായിട്ടും നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇത് ദൃശ്യങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്.
എല്ലാ വിശ്വാസികള്‍ക്കും ഗുരുവായൂരില്‍ ഒരേ പോലെ കല്യാണം നടത്താന്‍ അവകാശം ഉണ്ട്. വിശ്വാസികളില്‍ ഭരണഘടനാ പദവി ഉള്ളവര്‍ എന്നോ കൂലി പണിക്കാര്‍ എന്നോ ഇല്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും വിവേചനം ഉണ്ടായോ എന്ന് പരിശോധിക്കും. വിവാഹത്തിനായി നടപ്പന്തല്‍ ഓഡിറ്റോറിയത്തിന് സമാനമായി അലങ്കരിച്ചു. മൂന്ന് കല്യാണ മണ്ഡപത്തില്‍ ഒന്ന് ഈ കല്യാണത്തിന് മാത്രമായി മാറ്റി വെച്ചോ എന്ന് ആരാഞ്ഞ കോടതി, ആ ദിവസം എത്ര കല്യാണം ഉണ്ടായെന്ന് ചോദിച്ചു. ഒരുമാസത്തിനിടെ ഗുരുവായൂരില്‍ വെച്ചുണ്ടായ എല്ലാ കല്യാണങ്ങളുടേയും വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെ നടപന്തലില്‍ കയറ്റിയോ എന്ന് ദൃശ്യങ്ങള്‍ പരിശോധിക്കവേ കോടതി ആരാഞ്ഞു. എന്നാല്‍ സുരക്ഷ ഡ്യൂട്ടി നോക്കിയത് ദേവസ്വം ജീവനക്കാര്‍ ആണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കല്യാണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാനും നിര്‍ദ്ദേശം നല്‍കി. കേസില്‍ രവി പിള്ള, തൃശൂര്‍ എസ്പി, സെക്ടറല്‍ മജിസ്ട്രേറ്റ് എന്നിവരെ കോടതി കക്ഷി ചേര്‍ത്തു.
കേസ് ഒക്ടോബര്‍ 5ന് വീണ്ടും പരിഗണിക്കും. നടപ്പന്തല്‍ ചട്ടം ലംഘിച്ചു അലങ്കരിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് അഡ്മിനിസ്‌ട്രേറ്ററുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നടപ്പന്തലല്‍ പുഷ്പാലങ്കാരത്തിനുമാത്രമാണ് അനുമതിയെന്നും കട്ടൗട്ടുകളും ബോര്‍ഡുകളും വയ്‌ക്കാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നുമാണ് അഡ്മിനിസ്‌ട്രേറ്ററുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: