തിരുവനന്തപുരം ജമാഅത്ത് ഇസ്ലാമിയുടെ മാധ്യമങ്ങള്‍ താലിബാന്റെ മുഖപത്രം ആയിക്കൊണ്ടിരിക്കുകയാണ്. ജമാ അത്ത് ഇസ്ലാമി ഒരു നിലയ്ക്കും ജനാധിപത്യ സമൂഹത്തിലോ മത നിരപേക്ഷ സമൂഹത്തിലോ അംഗീകരിക്കാവുന്ന സംഘടനയല്ല. ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം കയ്യേറിയതിന് പിന്നാലെ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജമാ അത്ത് ഇസ്ലാമിയുടെ നിലപാടുകള്‍ ജനം തിരിച്ചറിയുന്നത്. താലിബാനെ കുറിച്ച് സ്വതന്ത്ര അഫ്ഗാന് എന്നെഴുതിയത് ഇന്നായിരിക്കുമെന്നും സിപിഎം നേതാവ് എം. സ്വരാജ്. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സാധാരണ ഗതിയില്‍ ഒരു മുസ്ലിം അയാളുടെ വളപ്പിനകത്തുപോലും പ്രവേശിപ്പിക്കാത്ത ഒരു വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. ഏറ്റവും പ്രധാനമായി തന്നെ ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല. ഏറെ പ്രാകൃതമായ, അപരിഷ്കൃതമായ, മനുഷ്യവിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ച ഒരു വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. കേരള മതനിരപേക്ഷസമൂഹത്തിന് ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കുന്നതില്‍ വീഴ്ച വരാന്‍ പാടില്ല.
കേരളത്തില്‍ ഉള്‍പ്പടെ ജമാഅത്തെ ഇസ്ലാമിക്കാര്‍ സര്‍ക്കാര്‍ ജോലി സ്വീകരിക്കുമായിരുന്നില്ല. ദൈവീകരാഷ്ട്രത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും, അള്ളാഹുവിന്റെ കയ്യില്‍ നിന്ന് മാത്രമേ പ്രതിഫലം സ്വീകരിക്കൂ എന്നുമായിരുന്നു അവരുടെ ആശയം. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ജോലിയൊക്കെ സ്വീകരിക്കാന്‍ തുടങ്ങി. ജമാഅത്തെ ഇസ്ലാമി മാധ്യമം ആരംഭിക്കുമ്പോള്‍ കേരളത്തില്‍ ഇടം കിട്ടില്ല എന്നവര്‍ക്ക് നന്നായിട്ടറിയാം. അതുകൊണ്ട് തന്നെ അവര്‍ അതിനെ പൊതിഞ്ഞ് അവതരിപ്പിക്കാനാണ് നോക്കുന്നത്. അത് ജനങ്ങളെ പറ്റിക്കാനാണ്. അതിന് പല മുഖങ്ങള്‍ അവര്‍ ഉപയോഗിച്ചിട്ടുണ്ട്.
താലിബാന് മുന്നണിയില്‍ നില്ക്കുന്നവരൊക്കെ കവിത എഴുതുന്നവരാണ്, നല്ല കവികളാണെന്നാണ് കഴിഞ്ഞ ദിവസം മാധ്യമത്തില്‍ എഴുതിയത്. എട്ട് മാസം ഗര്‍ഭിണിയായ മുന്‍പോലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്ന വാര്‍ത്തയാണ് പിന്നീട് വായിച്ചത്. പെണ്ണ് പ്രസവിച്ചാല്‍ മതി വേറൊന്നും ചെയ്യണ്ട എന്നാണ് താലിബാന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്. അത് ജമാഅത്തെ ഇസ്ലാമിയുടെ കൂടി നിലപാടാണ്.
കേരളത്തില്‍ എണ്ണത്തില്‍ വളരെ കുറവാണ് ജമാഅത്തെ ഇസ്ലാമിക്കാര്‍. വളരെ ചുരുങ്ങിയ ആളുകളുടെ പിന്തുണയേ ഉള്ളൂ. അതുകൊണ്ട് തന്നെ വലിയ വെല്ലുവിളിയാകില്ലെന്ന് പൊതുസമൂഹം കരുതിയിട്ടുണ്ടാകാം. കേരള സമൂഹം ഇത് തിരിച്ചറിഞ്ഞ് ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും എം. സ്വരാജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: