നവോത്ഥാന ദീപ്തിയുടെ ശക്തി സ്രോതസ്സുകളായി ഉണര്‍ന്നുയര്‍ന്ന ദേശാഭിമാനികള്‍ അയിത്തത്തിനും അടിമത്തത്തിനുമെതിരെയാണ് അടരാടിയത്. അധഃകൃതരുടെ വേദനയെ വേദാന്തമാക്കി ആത്മസ്വത്വത്തെ പുനര്‍നിര്‍ണയിക്കുകയായിരുന്നു സ്വാമി ആനന്ദതീര്‍ത്ഥന്‍. ‘പുലയ സ്വാമി’ എന്ന് വര്‍ണവെറിയന്മാര്‍ നല്‍കിയ അപരനാമവും പേറി, അനന്ത ഷേണായി ഗ്രാമാന്തരങ്ങളിലും നഗരവീഥികളിലും മാനവികമൂല്യ സംരക്ഷണത്തിനും വര്‍ണമേധാവിത്വത്തിനുമെതിരെ കനല്‍പ്പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു. ”ജാതിക്കറയാര്‍ന്ന മനസ്സും ജാതി വിവേചനവും നിലനില്‍ക്കുന്നിടത്തോളം മനുഷ്യ വികസനവും സ്വാതന്ത്ര്യവും ജനാധിപത്യം പോലും കേവലം മരീചികയായി നില്‍ക്കും. അസ്പൃശ്യത അവസാനിച്ചാല്‍ ജാതി അവസാനിക്കും”. ആ കര്‍മധീരന്റെ ശബ്ദം സാംസ്‌കാരിക കേരളത്തിന്റെ സിംഹനാദമായി മാറ്റൊലിക്കൊള്ളുകയായിരുന്നു.
തലശ്ശേരിയിലെ സാരസ്വത ബ്രാഹ്മണ കുടുംബത്തിലാണ് 1905 ജനുവരി രണ്ടിന് അനന്ത് ജനിക്കുന്നത.് ദേവുബായിയും രാമചന്ദ്ര റാവുമായിരുന്നു മാതാപിതാക്കള്‍. ബിരുദാനന്തരം ഉദ്യോഗവഴികളുപേക്ഷിച്ച് സാമൂഹ്യ രാഷ്‌ട്രീയ ജീവിതത്തിന്റെ പഥങ്ങളില്‍ ചരിക്കാനായിരുന്നു ആത്മനിയോഗം. ആര്യസമാജത്തിലെ സംന്യാസിമാരില്‍ നിന്ന് ലഭിച്ച ഉള്‍വെളിച്ചത്തില്‍ സംന്യാസ മാര്‍ഗത്തിന്റെ മായിക പ്രമാണങ്ങളും ആ കര്‍മ്മധീരനെ നയിക്കാന്‍ തുടങ്ങി. സ്വാതന്ത്ര്യസമരത്തിന്റെ കുരുക്ഷേത്രത്തിലും സാമൂഹ്യപുനസൃഷ്ടിയുടെ തട്ടകങ്ങളിലും സമത്വദര്‍ശനത്തിന്റെ കളരികളിലും മാനുഷ്യകത്തിന്റെ യാനപഥങ്ങളിലും ആ മനുഷ്യന്‍ ഒറ്റയാള്‍ പോരാട്ടത്തിന്റെ വീറും വീര്യവുമായി. ആഘോഷവചനങ്ങള്‍ക്ക് അപ്പുറമാണ് ദളിത് വിമോചനത്തിന്റെ തത്ത്വശാസ്ത്രമെന്ന് യുവത്വത്തില്‍ത്തന്നെ സ്വാമിജി ഉള്‍ക്കൊണ്ടിരുന്നു. ജാതി, സനാതനധര്‍മ്മമെന്ന പൈതൃക സംസ്‌കൃതിയുടെതല്ല. ‘ഈശാവാസ്യമിദം സര്‍വ്വം’, ഏകം സദ് വിപ്രാ ബഹുധാ വദന്തി’ എന്നീ പ്രമാണ വൈഖരിയുടെ സഞ്ചിത സംസ്‌ക്കാരത്തെയാണ് സ്വന്തം ത്യാഗവൈഭവങ്ങളുടെ അന്തസ്സാര മുദ്രയായി സ്വാമിജി അകം നിറയ്‌ക്കുന്നത്. നവോത്ഥാനത്തിന്റെ സാമൂഹ്യ ശാസ്ത്രപരമായ വിവക്ഷകളെ കീഴ്ജാതി വിമോചനത്തിന്റെ പ്രത്യയവിധികളുമായി ബന്ധിപ്പിക്കാനായിരുന്നു ശ്രമം. തൊട്ടുകൂടാത്തവരായും തീണ്ടിക്കൂടാത്തവരായും ദൃഷ്ടിയില്‍ പെട്ടാലും ദോഷമെഴുന്നോരായും സമൂഹത്തിന്റെ നടവരമ്പില്‍ നിന്ന് അകറ്റി നിര്‍ത്തി സാധു മനുഷ്യരുടെ കണ്ണീര്‍ കുടിച്ചാണ് ജാതി പിശാചിന്റെ വളര്‍ച്ചയെന്നു കണ്ടു ജാതി ഉന്മൂലനം ചെയ്യാനുള്ള കര്‍മ പദ്ധതിയാണ് സ്വാമിജി ആസൂത്രണം ചെയ്തത്. സോഷ്യലിസത്തിന്റെ ശക്തി ദുര്‍ഗം പണിയാനുള്ള ‘വര്‍ണ്ണ സമരം’ തന്നെയായിരുന്നു ആ തത്ത്വാധിഷ്ഠിത തന്ത്രം. മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും കെ.പി കറുപ്പനും, വി.ടി. ഭട്ടതിരിപ്പാടും ടി. പല്‍പ്പുവും കുമാരനാശാനും വഴികാട്ടികളായി മുന്‍നടപ്പുണ്ടെന്ന ആത്മവിശ്വാസവും ധീരതയും ത്യാഗ ചിന്തയുമാണ് ആനന്ദതീര്‍ത്ഥന്റെ ആന്തരിക പ്രബുദ്ധതയെ സഫുല്ലമാക്കിയത.് പുരുഷ സ്ത്രീ ജാതി നാമാശ്രമാദികല്ല/ കാരണം മമ ഭജനത്തിനു ജഗത്രയേ’ എന്ന രാമവാണിയില്‍ അര്‍പ്പിതമായിരുന്നു ആ മനസ്സും വപുസ്സും.
അശരണര്‍ക്കായുള്ള ആ ജീവനസഞ്ചാരം തഥാഗത സ്മരണയുണര്‍ത്തുന്നു. ശ്രീനാരായണ ഗുരുവില്‍ നിന്ന് ആത്മവിദ്യാ മന്ത്രം ആത്മാവിലേറ്റുവാങ്ങി സംന്യാസവൃത്തി സ്വീകരിച്ച അനന്തന്‍ ആനന്ദതീര്‍ത്ഥനായി രൂപപ്പെട്ടാണ് കര്‍മ്മ സംന്യാസയോഗത്തിന്റെ വിഭൂതിയില്‍ കയറി നിന്നത്. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ആത്മസ്ഥലികളിലേക്കായിരുന്നു ആ സേവനയാത്ര. ഭാരതീയ സംന്യാസം മാനവിക സംരചനാ വിപ്ലവത്തിന്റെ ശ്രേഷ്ഠ പഥമാണെന്ന് തീര്‍ത്ഥന്‍ തിരിച്ചറിയുകയായിരുന്നു. ദേശീയ രാഷ്‌ട്രീയത്തിന്റെ ചടുല ചലനങ്ങളില്‍ ആമഗ്നനായും ‘യങ് ഇന്ത്യ’ പോലുള്ള പത്ര മാധ്യമങ്ങളിലൂടെ ചിന്താസരണിയെ പ്രോജ്വലിപ്പിച്ചും മുന്നേറുമ്പോള്‍ ഉപനിഷത്തിലെയും ഭഗവദ്ഗീതയിലെയും ആശയാദര്‍ശങ്ങളാണ് അയിത്തത്തിനെതിരെ ആഞ്ഞടിക്കാനും കീഴാള വര്‍ഗ്ഗത്തിന്റെ വിമോചന യത്‌നത്തിനും തീര്‍ത്ഥന്പ്രേരണാ ഘടകമായത്. യാഥാസ്ഥിതികത്വത്തെയും അനാചാരങ്ങളെയും യുക്തികൊണ്ടരിഞ്ഞു വീഴ്‌ത്തുകയായിരുന്നു ആ ശൈലി. ആത്മാന്വേഷണ ത്വരയാണ് രമണ മഹര്‍ഷി, ശ്രീഅരവിന്ദന്‍, രാമദാസ,് ശിവാനന്ദന്‍ തുടങ്ങിയ തേജോപുഞ്ജങ്ങളുമായി ഹൃദയബന്ധം സ്ഥാപിക്കാന്‍ നിമിത്തമായത്. സ്വാമിയുടെ തട്ടകം ഏറെക്കാലം മദിരാശിയായിരുന്നു. രാമകൃഷ്ണമിഷനും തിയോസഫിക്കല്‍ സൊസൈറ്റിയും ശ്രീനാരായണ ദര്‍ശനവും സ്വാമിജിയുടെ ചിന്തകളെ പ്രബുദ്ധമാക്കി. ‘ആത്മോപദേശ ശതക’വും ‘ദര്‍ശനമാല’യും അകംപൊരുളിനെ ഉലയിലൂന്നിയ പൊന്നുപോലെ ഉജ്ജ്വലിപ്പിച്ചു. ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ എന്ന ഗുരുവചനസുധാരസം തന്റെ കര്‍മ്മരഥ്യയിലെ വിശുദ്ധിപത്രമായി സ്വീകരിക്കുകയായിരുന്നു തീര്‍ത്ഥന്‍. അയിത്തോച്ചാടനം, ജാതിനിരാസം തുടങ്ങിയ കര്‍മപദ്ധതികള്‍ ജീവിതവ്രതമാക്കിയ സ്വാമിജി ഹൈന്ദവ മൂല്യങ്ങളെ മുന്‍നടത്തി അനുഷ്ഠിച്ച കര്‍മ്മങ്ങളോരോന്നും സാഹസികത്വത്തിന്റെ വീറുകൊണ്ടും സഹനത്തിന്റെ വീര്യത്താലും വിസ്മയ ഫലങ്ങളുളവാക്കി. ഒറ്റപ്പെടുത്തലിന്റെയും ക്രൂരമര്‍ദനത്തിന്റെയും പോലീസ് വേട്ടയുടെയും വ്യവഹാര സംഘര്‍ഷങ്ങളുടെയും മുമ്പില്‍ അടിപതറാതെ ആ ധര്‍മ്മ വ്യസനി രചിച്ച കര്‍മ്മ കാണ്ഡങ്ങള്‍ ടി.കെ. മാധവന്റെ ക്ഷേത്രപ്രവേശന പ്രമേയവും കെ. കേളപ്പ
നും ടി.ആര്‍. കൃഷ്ണസ്വാമി അയ്യരും നടത്തിയ മിശ്രഭോജന സംരംഭങ്ങളും പുരോഗമന വാതായനങ്ങളാണ് തീര്‍ത്ഥന്റെ മുന്നില്‍ തുറന്നു വച്ചത.് സ്വാതന്ത്ര്യ സമര ഭടന്മാരുടെ പരിശീലന കേന്ദ്രമായ ശബരി ആശ്രമത്തില്‍ സേവന കര്‍മ്മങ്ങള്‍ക്കായി രാജഗോപാലാചാരി നിയോഗിച്ചത് സ്വാമിജിയെയാണ്. അയിത്ത നിര്‍മാര്‍ജനത്തിനും പൊതുനിരത്തിലെ സഞ്ചാര സൗകര്യത്തിനും ആര്യസമാജക്കാരോടൊപ്പം സഹനസമരത്തിനും ശ്രീനാരായണഗുരുവിനൊപ്പം പന്തിഭോജനത്തിനും അവസരമുണ്ടായത് 1926 ലാണ്.
കെ. കേളപ്പന്‍ മൂടാടിയില്‍ സ്ഥാപിച്ച ഹരിജന്‍ കോളനിയും പയ്യോളിയില്‍ പടുത്തുയര്‍ത്തിയ ശ്രദ്ധാനന്ദ വിദ്യാലയവും തീര്‍ത്ഥ സേവന മഹത്വം നേടിയിട്ടുണ്ട്. ഉപ്പുസത്യഗ്രഹത്തിന്റെ സന്ദേശദൗത്യം മലബാറില്‍ എത്തിച്ചത് ആനന്ദതീര്‍ത്ഥനും കേശവന്‍ നായരുമാണ്. ഗുരുവായൂര്‍ സത്യഗ്രഹ സമരത്തിന് സന്നദ്ധഭടന്മാരെ സംഘടിപ്പിക്കാന്‍ സ്വാമിജി മുന്നിട്ടിറങ്ങി. ജാതി ഇല്ലാതാക്കുകയും ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുകയുമാണ് തന്റെ ജീവിതലക്ഷ്യം എന്ന് വിചാരണവേളയില്‍ നേരിട്ട് കോടതിയെ ബോധിപ്പിച്ച തീര്‍ത്ഥന്‍ നടന്നുകയറിയത് വെല്ലൂര്‍ ജയിലിലേക്കാണ്. പിന്നീട് വടക്കേ മലബാറില്‍ ആരംഭിച്ച ഹരിജന സേവനവും വിദ്യാഭ്യാസ പ്രവര്‍ത്തനവും നവോത്ഥാന ചരിതത്തിന്റെ ദിശാമുഖമാണ് തുറന്നത്. പുലയ കുട്ടികള്‍ക്കായി തുറന്ന പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയം പ്രവര്‍ത്തിച്ചത് കടുത്ത എതിര്‍പ്പും സംഘട്ടനവും നേരിട്ടാണ.് അന്തേവാസികള്‍ക്ക് വിവിധ ജാതിപ്പേര്‍ പതിച്ചുനല്‍കി ജാതിയുടെ പൊള്ളത്തരം വെളിപ്പെടുത്തിയ വിപ്ലവ തന്ത്രം നാടിനെ ഞെട്ടിച്ചിരുന്നു. ഗാന്ധിജി ഈ വിദ്യാലയം സന്ദര്‍ശിച്ചപ്പോള്‍ നട്ട മാവ് ഇന്ന് അങ്കണത്തിന് പന്തല്‍ ഒരുക്കുന്നു. ‘ജാതിനാശിനി സഭ’യിലൂടെയും ‘വിജാതീയ സഭാ വേദി’യിലൂടെയും ജാതിരഹിത സമുദായത്തിന്റെ സംരചനയാണ് സ്വാമി ലക്ഷ്യമിട്ടത.് മദിരാശി, മൈസൂര്‍, തിരുവിതാംകൂര്‍, കൊച്ചി മേഖലയിലും ആ സമര്‍പ്പിത സേവനം മുന്നേറുകയായിരുന്നു. ഗ്രാമ ക്ഷേത്രങ്ങളില്‍ നിന്നും സഞ്ചരിച്ച നടവഴികളില്‍ നിന്നും കൊടിയ മര്‍ദ്ദനവും പീഡനവുമാണ് തീര്‍ത്ഥന്‍ ഏറ്റുവാങ്ങിയത്.
1965 ല്‍ കേരള ഹിന്ദു പ്ലേസസ് ഓഫ് വര്‍ഷിപ് ആക്ട് പുറത്തുവന്നത് ആനന്ദതീര്‍ത്ഥന്റെ കര്‍മത്യാഗങ്ങള്‍ക്കുള്ള ഫലസിദ്ധിയായാണ്.
1987 നവംബര്‍ 21ന് എഴുപത്തിയഞ്ചാം വയസ്സില്‍ സമാധി പ്രാപിക്കും വരെ വിപ്ലവകാരിയായ ഈ ത്യാഗധനന്‍ കര്‍മ്മ സരണിയുടെ ദുര്‍ഗ മാര്‍ഗത്തില്‍ ചരിക്കുകയായിരുന്നു.
ദേശീയവും ഉപദേശീയവുമായ ഉണര്‍വിന്റെ കാലം ആര്‍ഷധര്‍മ്മ പുനഃസൃഷ്ടി യുടെ സുസംഘടിതമായ ഘട്ടം തന്നെയാണ്. നവചേതനയുടെ ഉയിര്‍പ്പില്‍ ഉടലാണ്ടത് മര്‍ദിതന്റെ അവകാശാധികാരങ്ങളുടെ മാനവ പ്രതിഷ്ഠയാണ്. നവ കേരളത്തെ ‘മനുഷ്യാലയ’ ത്തില്‍നിന്ന് ‘ദേവാലയ’ത്തിലേക്ക് ഉയര്‍ത്തിയ സങ്കല്പപ്രമാണമാണത.് നവ മാനവികതയുടെ സഞ്ചരിക്കുന്ന ദീപശിഖയായി ആനന്ദതീര്‍ത്ഥന്‍ ആരാധ്യപഥം പൂകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: